വിവാഹിതരായ രണ്ട് യുവതികളുമായി ഒരേ സമയം ബന്ധം; ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കണമെന്ന് ആവശ്യം; ഇരുവരെയും ഒന്നിച്ചു പോറ്റാമെന്ന് യുവാവ്; തര്‍ക്കത്തിന് പിന്നാലെ ഗൂഢാലോചന; രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ കാമുകിയുടെ വീട്ടിലെത്തിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു; കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആറ്റില്‍ തള്ളി; ആ അമ്മയുടെ മൊഴി നിര്‍ണായകമായി; ഒന്നാംപ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Update: 2025-11-24 07:55 GMT

ആലപ്പുഴ: ആലപ്പുഴ കൈനകരിയില്‍ ആറു മാസം ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലില്‍ തള്ളിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂര്‍ മുതുത്തോട് പൂക്കോടന്‍ വീട്ടില്‍ പ്രബിഷിനാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് വധശിക്ഷ വിധിച്ചത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെയാണ് കാമുകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2021 ജൂലായ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി പ്രബീഷും രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടില്‍ രജനിയും കുറ്റക്കാരാണെന്ന് കോടതി ഉത്തരവിട്ടിരുന്നു. പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ക്രൂര കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. കേസില്‍ നാലുവര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്.

ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറില്‍ നിന്നു കണ്ടെത്തിയത്. കേസില്‍ അനിതയുടെ ആണ്‍ സുഹൃത്ത് മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷിനെയും ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനിയെയും പോലിസ് അറസ്റ്റു ചെയ്തു. വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേ സമയം അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗര്‍ഭണിയായി. ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അനിത വഴങ്ങിയില്ല. തുടര്‍ന്നാണ് പാലക്കാട് ആലത്തൂരിലെ ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയുള്ള കൊലപാതകം.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അനിതയെ ഓട്ടോയില്‍ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. പ്രബീഷ് യുവതിയുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ രജനി അനിതയുടെ വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേര്‍ന്നു മൃതദേഹം പൂക്കൈത ആറ്റില്‍ ഉപേക്ഷിച്ചു എന്നാണ് കേസന്വേഷിച്ച നെടുമുടി പൊലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആലപ്പുഴ അഡീഷ്ണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് ഒന്നാം പ്രതി പ്രബിഷിന് വധശിക്ഷ വിധിച്ചു.

വിചാരണ വേളയില്‍ 82 സാക്ഷികളെ വിസ്തരിച്ചു. രണ്ടാം പ്രതി രജനിയുടെ അമ്മയും പ്രാസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്‍ബി ഷാരിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. രണ്ടാം പ്രതി രജനി മയക്കുമരുന്നു കേസില്‍ ഒഡീഷ റായ് ഘട്ട് ജയിലില്‍ റിമാന്റിലാണ്. ജാമ്യത്തിലായിരുന്ന രജനി ഒഡിഷയില്‍ എന്‍ഡിപിഎസ് കേസിലാണു ജയിലിലായത്. രജനിയെ നേരിട്ട് കോടതി ഹാജരാക്കിയ ശേഷം വിധി പറയും. പ്രബീഷ് തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്‍.ബി. ഷാരിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

ഇരുവരെയും ഒന്നിച്ചു പോറ്റാമെന്ന് പറഞ്ഞു....

ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയപ്പോള്‍ ആണ് പ്രബീഷ് അനിതയുമായി പരിചയത്തിലായത്. ഭര്‍ത്താവുമായി പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്ന് ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. അനിത ആ സമയത്തു പാലക്കാട്ട് ജോലി ചെയ്യുകയായിരുന്നു. ഗര്‍ഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അനിതയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ മറ്റൊരു കാമുകിയായ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. ഇത് രജനിയും അനിതയും എതിര്‍ത്തു. തുടര്‍ന്നാണ് അനിതയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അനിതയെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തിയത്. രജനിയുടെ വീട്ടില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്. ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബര്‍ വള്ളത്തില്‍ കയറ്റി വീടിനു 100 മീറ്റര്‍ അകലെയുള്ള ആറ്റില്‍ തള്ളാന്‍ കൊണ്ടുപോയത്. രജനിയാണു വള്ളം തുഴഞ്ഞത്. വീടിനു സമീപത്തെ നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോള്‍ പ്രബീഷും വള്ളത്തില്‍ കയറാന്‍ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടര്‍ന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങിയത്. വെള്ളത്തില്‍ വീണശേഷമാണ് അനിത മരിച്ചതെന്നാണ് വിവരം.

Similar News