എ പത്മകുമാറിന് കുരുക്ക് മുറുകുന്നു; ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലും മുന്‍ ദേവസ്വം പ്രസിഡന്റിനെ പ്രതി ചേര്‍ത്തു; ഈ കേസിലും അറസ്റ്റും രേഖപ്പെടുത്തി; എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍; റിമാന്‍ഡ് കാലാവധി നീട്ടി

Update: 2025-12-04 06:52 GMT

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. ദ്വാരപാലക ശില്പപ്പാളി കേസില്‍ കൂടി എ പത്മകുമാറിനെ പ്രതി ചേര്‍ത്തു. പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. ആദ്യം കട്ടിളപ്പാളി കടത്തിയ കേസിലായിരുന്നു സിപിഎം നേതാവ് കൂടിയായ പത്മകുമാറിനെ പ്രതി ചേര്‍ത്തിരുന്നത്. ഇന്ന് പത്മകുമാറിനെ റിമാന്‍ഡ് കാലാവധി ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ കേസില്‍ ജയിലില്‍ എത്തി എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തി. 2019ല്‍ ദ്വാരപാലക ശില്പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്തെന്ന കേസിലാണ് എസ്‌ഐടി പ്രതിചേര്‍ത്തിരിക്കുന്നത്. രണ്ട് കേസുകളിലും പത്മകുമാറിന് പങ്കുണ്ട് എന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്.

സ്വര്‍ണപ്പാളികളെ ചെമ്പു പാളികള്‍ എന്ന് മാറ്റിയെഴുതി, വ്യാജരേഖകള്‍ ഉണ്ടാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സംഘത്തിനും സഹായം നല്‍കിയതിനാണ് പത്മകുമാര്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദ്വാരപാലക ശില്പപാളികള്‍ കടത്തിയ കേസിലും പ്രതിചേര്‍ത്തിരിക്കുന്നത്. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ കേസില്‍കൂടി പ്രതിചേര്‍ത്തത്. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് നീട്ടിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശിയ കട്ടിളപാളികള്‍ കൈമാറിയത് ഉള്‍പ്പെടെ എല്ലാകാര്യവും കൂട്ടായെടുത്ത തീരുമാനമെന്നാണ് പത്മകുമാര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. മിനുട്‌സില്‍ ചെമ്പ് എന്നെഴുതിയത് ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നും പത്മകുമാര്‍ പറയുന്നു. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിര്‍പ്പാണ് ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. വീഴ്ച പറ്റിയെങ്കില്‍ എല്ലാവര്‍ക്കും ഒരേ പോലെ ബാധ്യതയുണ്ടെന്നും തന്നെ മാത്രം വേട്ടയാടുന്നതിലെ അമര്‍ഷം കൂടിയാണ് പത്മകുമാര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇന്ന് പുതിയ കേസ് കൂടി എടുത്തതോടെ പത്മകുമാര്‍ ജാമ്യ ഹര്‍ജിയിലെ വാദത്തിലെടുക്കുന്ന നിലപാടും നിര്‍ണായകമാകും.

കഴിഞ്ഞ മാസം 20നാണ് സ്വര്‍ണപ്പാളി കേസുമായി ബന്ധപ്പെട്ട് പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസില്‍ അറസ്റ്റിലാവുന്ന ആറാമനും രണ്ടാമത്തെ ബോര്‍ഡ് പ്രസിഡന്റുമാണ് പത്മകുമാര്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു, മുന്‍ ദേവസ്വം കമ്മീഷണറും ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍ വാസു എന്നിവരാണ് പത്മകുമാറിനെ കൂടാതെ അറസ്റ്റിലായവര്‍.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡില്‍ ആദ്യം നിര്‍ദേശംവച്ചത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോറ്റിക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ പത്മകുമാര്‍ നല്‍കിയെന്ന് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ സര്‍വസ്വാതന്ത്ര്യവും നല്‍കിയത് പത്മകുമാറാണെന്നും തെളിഞ്ഞതാണ്. കേസിലെ എട്ടാം പ്രതിയാണ് പത്മകുമാര്‍. അതേസമയം, സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ആറാം പ്രതിയാണ് എസ് ശ്രീകുമാര്‍.

സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറാന്‍ 2019ലിറക്കിയ ഉത്തരവുമായി ഇതുമായി ബന്ധപ്പെട്ട മഹസറില്‍ ശ്രീകുമാര്‍ ആണ് ഒപ്പിട്ടത്. ശ്രീകുമാറിനെ ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ചോദ്യം ചെയ്യല്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണെന്നും അന്വേഷണ സംഘം വാദിച്ചു. ഇത് പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഇതിനിടെ, സ്വര്‍ണ കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി.

Similar News