'കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം'; മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പ്രസ്താവനക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്; സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി; മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയെന്നും പരാതിയില്‍

'കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം'

Update: 2026-01-19 02:39 GMT

ചെങ്ങന്നൂര്‍: മന്ത്രി സജി ചെറിയാന്‍ നടത്തിയ വര്‍ഗീയ പ്രസ്താവന വിവാദമാകുന്നു. പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത് യൂത്ത് കോണ്‍്ഗ്രസ് നേതാവ് ബിനു ചുള്ളിയിലും കോണ്‍ഗ്രസ് വക്താവ് വി.ആര്‍ അനൂപാണ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി സമര്‍പ്പിച്ചത്. മുസ്‌ലിം ലീഗിന്റേത് വര്‍ഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. ഇന്നലെയാണ് സജി ചെറിയാന്‍ പരാമര്‍ശം നടത്തിയത്. വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ അറിയാനാകുമെന്നും ഇതാര്‍ക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

'കേരളത്തില്‍ മറ്റൊരാളും നടത്താത്ത മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശമാണ് പ്രതിപക്ഷനേതാവ് നടത്തിയത്. ഷാള്‍ പുതപ്പിച്ചെന്ന സതീശന്‍ പരാമര്‍ശം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെയാണോ ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ല. സതീശന്റെ പരാമര്‍ശങ്ങളെ കേരളം തള്ളിക്കളയണം. വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ തെറ്റായിട്ടൊന്നും താന്‍ കാണുന്നില്ല. മതസൗഹാര്‍ദത്തെ തകര്‍ത്ത് വോട്ട് വാങ്ങാനുള്ള ശ്രമമാണ് സതീശന്‍ നടത്തിയത്.' കേരള ജനതയ്ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സതീശന്‍ മാപ്പ് പറയണമെന്നും സജി ചെറിയാന്‍ പറഞ്ഞു.

'ലീഗിന്റെ വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. മുസ്ലിം ലീഗ് കേരളത്തില്‍ ഒരു വിഭാഗത്തെ വര്‍ഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത വളര്‍ത്തുന്നതാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ജയിച്ചുവന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാവാന്‍ പാടുണ്ടോ? കാസര്‍കോട് മുനിസിപ്പാലിറ്റി എടുത്തുനോക്ക്, നിങ്ങളിത് ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുത്.'. എന്‍എസ്എസ്- എസ്എന്‍ഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമല്ലെന്നും സാമുദായിക നേതാക്കളെല്ലാം നല്ല ബോധമുള്ളവരെന്നും മന്ത്രി പറഞ്ഞിരുന്നു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്. സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അേേതസമയം വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വര്‍ഗീയ വത്കരിക്കാനാണ് ശ്രമമെന്നാണ് മന്ത്രി പറഞ്ഞതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സജിയെ ന്യായീകരിച്ചും രംഗത്തുവന്നിരുന്നു. സിപിഎമ്മിന് കേരളത്തില്‍ മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നത് ആസൂത്രിതമാണെന്നും ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ദൃഢഹിന്ദുത്വമാണെന്നും എംഎ ബേബി പറഞ്ഞു. മുസ്ലിം- ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. ഹിന്ദുത്വ വര്‍ഗീയ സംഘങ്ങളാണ് ഇതിനുപിന്നിലുള്ളത്. ബിജെപി സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വമാണ് ഇതിന് കാരണമെന്നും എംഎ ബേബി ആരോപിച്ചു. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം ചര്‍ച്ച ചെയ്യും. അവിടുത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കും. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തോല്പിക്കാന്‍ കോണ്‍ഗ്രസ്, ലീഗ്, ബിജെപി ഒന്നിച്ചു നിന്നു. അതുകൊണ്ടാണ് ബിജെപി പലയിടത്തും വിജയിച്ചത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ഒരു ഉളുപ്പും ഇല്ലാത്ത നേതാക്കളാണ് കേരളത്തിലെ കോണ്‍ഗ്രസിലുള്ളത്. മൃദു ഹിന്ദുത്വ സമീപനമാണ് കേരളത്തിലെ ഇടതു സര്‍ക്കാരിനുള്ളത് എന്ന തോന്നല്‍ വരുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു. കേരളത്തിലെ ഇടതുപക്ഷത്തിന് മൃദുഹിന്ദുത്വം എന്ന് ആരോപിക്കുന്നവര്‍ക്ക് ദൃഡഹിന്ദുത്വമാണുള്ളത്. പത്തുവര്‍ഷം കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം നടന്നിട്ടില്ലെന്നതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിന് മാത്രമാണ്. നവോത്ഥാന നായകന്മാരുടെ അടക്കം പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും എം എ ബേബി പറഞ്ഞു.

Tags:    

Similar News