ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയോ? പാളികളുടെ കാലപ്പഴക്കത്തില്‍ കൂടുതല്‍ വ്യക്തത തേടാന്‍ എസ്ഐടി; വിഎസ്എസ്സിയുമായി വീണ്ടും ചര്‍ച്ച നടത്തും; നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയോ?
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍, ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് സംശയം. യഥാര്‍ത്ഥ പാളികള്‍ തിരിച്ചെത്തിയില്ലെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ സൂചനയെന്നു റിപ്പോര്‍ട്ടുകള്‍. പാളികളുടെ ശാസ്ത്രീയ ഘടനയില്‍ വ്യത്യാസമെന്ന് പരിശോധനാഫലം. പാളികളുടെ കാലപ്പഴക്കത്തില്‍ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
1999 ല്‍ സ്ഥാപിച്ച പാളികളും നിലവിലെ പാളികളും താരതമ്യം ചെയ്തപ്പോഴാണ് വ്യാത്യാസം കണ്ടത്. ഉറപ്പിക്കണമെങ്കില്‍ റിപ്പോര്‍ട്ടില്‍ വ്യക്തത വേണമെന്ന് എസ്‌ഐടി പറയുന്നു. പാളികളുടെ കൃത്യമായ കാലപ്പഴക്കം റിപ്പോര്‍ട്ടിലില്ല. വി.എസ്.എസ്.സിയുമായി വീണ്ടും ചര്‍ച്ച നടത്തും. നിര്‍ണായക വിവരം എ ഡി ജി പി നേരിട്ട് ഇന്ന് ഹൈക്കോടതിയെ അറിയിയക്കും.
അതേസമയം ശബരിമലയില്‍ നിന്ന് കട്ടെടുത്ത സ്വര്‍ണത്തിന്റെ അളവ് കൂടിയേക്കും. നിലവില്‍ ഉറപ്പിച്ചത് 585 ഗ്രാം അഥവാ 74 പവന്‍ സ്വര്‍ണത്തിന്റെ മോഷണമണ്. ഇതിന്റെ ഇരട്ടിയിലേറെ നഷ്ടപ്പെട്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സ്വര്‍ണപ്പാളികളുടെ താരതമ്യ പരിശോധനയിലാണ് ഇക്കാര്യ വ്യക്തമാകുന്നത്. കേസിലെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് എസ്.ഐ.ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വാജി വാഹനം, കൊടിമരം പുനഃസ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെ സംശയങ്ങളും കോടതിയെ അറിയിക്കും.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്‍പ്പ പാളിയിലെയും സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടായെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തല്‍. 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചത്. ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വര്‍ണത്തില്‍ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്.
സ്വര്‍ണ്ണപ്പാളികളുടെ പരിശോധന വീണ്ടും ആവശ്യപ്പെടാനാണ് എസ്‌ഐടിയുടെ ആലോചന. ഇതില്‍ വിഎസ്എസ്സിയുമായി വീണ്ടും ചര്‍ച്ച നടത്തും. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് സംഘത്തിന്റെ തീരുമാനം. ദ്വാരപാലക ശില്‍പ്പങ്ങള്‍ അടക്കമുള്ള സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലവും എസ്‌ഐടി റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കും. സ്വര്‍ണപ്പാളികളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം നഷ്ടമായി എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.
കൂടാതെ തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹന കൈമാറ്റത്തില്‍ അജയ് തറയില്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണ കാര്യത്തിലും ഹൈക്കോടതിയുടെ നിര്‍ദേശം ഉണ്ടായേക്കും. 2012ലെ ബോര്‍ഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.
അതേസമയം, അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. തന്ത്രിക്ക് സ്വര്‍ണ കവര്‍ച്ചയില്‍ പങ്കില്ല എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വിചിത്രമാണെന്നുമാണ് പ്രതിഭാഗം വാദം. വാജി വാഹനം തൊണ്ടി മുതലായി കോടതിയില്‍ സമര്‍പ്പിച്ചത് എസ്‌ഐടിക്ക് കുരുക്കായിരിക്കുന്ന സാഹചര്യത്തിലാണ് തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കട്ടിള പാളി കേസില്‍ റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞെന്ന് കാട്ടി മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യപേക്ഷയും വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
