അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങില്ല? ഹൈക്കോടതിയെ സമീപിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും; അഡ്വ. എസ് രാജീവ് ഹാജരായേക്കും

Update: 2025-12-04 10:10 GMT

കൊച്ചി: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് ആലോചന. ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാവുക. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനുള്ള നീക്കം രാഹുലിന് ഇല്ല എന്നാണ് വിവരം. രാഹുലുമായി ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാനുള്ള വിദൂര സാധ്യത കണക്കിലെടുത്ത്‌കൊണ്ട് തന്നെയായിരുന്നു ഈ നീക്കം.

രാഹുലിനെതിരെ പുതുതായി റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. രാഹുല്‍ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. നിസഹായയായ സ്ത്രീ കുടുംബപ്രശ്‌നം പറയാന്‍ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യം പകര്‍ത്തിയശേഷം ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന ആരോപണമാണ് രാഹുലിനെതിരെയുള്ളത്. ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നു ചൂണ്ടിക്കാട്ടുന്ന പൊലീസ് റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതു സംബന്ധിച്ച രേഖകള്‍ ആണ് ഇന്ന് കോടതിയില്‍ നല്‍കിയത്.

യുവതിയുടെ കേസില്‍ ഉഭയസമ്മതപ്രകാരമായിരുന്നു ശാരീരികബന്ധം എന്ന രാഹുലിന്റെ വാദം ഖണ്ഡിക്കാനാണ് വിവാഹവാഗ്ദാനം നല്‍കി 23കാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ എഫ്ഐആര്‍ കൂടി പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയായിരുന്നു ഭീഷണിയെന്നും ഫ്‌ളാറ്റില്‍നിന്നു ചാടുമെന്നു പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടന്നിരുന്നു. തുടര്‍ന്ന് തുടര്‍വാദം കേള്‍ക്കാന്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് തുടര്‍വാദം കേട്ട കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ അനുമതിചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് തുടര്‍വാദത്തിന് മുന്നോടിയായി പ്രോസിക്യൂഷന്‍ രാഹുലിനെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി. യുവതിയുമായുള്ള ചാറ്റിന്റെ പൂര്‍ണ്ണ രൂപമടക്കം പ്രോസിക്യൂഷന്‍ കോടതിയി. സമര്‍പ്പിച്ചതായാണ് വിവരം.

അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കമാണ് പ്രതിഭാഗം കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്. അതിജീവിതയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദംചെലുത്തുന്ന വാട്സാപ്പ് ചാറ്റുകളെയിരുന്നു പ്രോസിക്യൂഷന്‍ കൂടുതലായും ആശ്രയിച്ചത്. കോടതി അനുമതിയോടെ പിന്നീട് കൂടുതല്‍ വാട്സാപ്പ് ചാറ്റുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്തിന്റെ വാദം ആദ്യം കോടതി കേട്ടു. ശേഷം പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ കോടതി പരിശോധിച്ചു. തുടര്‍ന്ന് വിധി പുറപ്പെടുവിക്കുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

Similar News