ഏറ്റവും ആദരണീയനും ജേഷ്ഠ സഹോദര തുല്യനുമായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍; 57 വര്‍ഷങ്ങളായി ദീര്‍ഘമായ ബന്ധം; ധീരനും നിശ്ചയദാര്‍ഢ്യവും ഉളളയാളും കരുതലുള്ള ആളുമാണ് അദ്ദേഹം; പിണറായിയുടെ വരവില്‍ ജി സുധാകരന്‍ കുറിച്ചത് ഇങ്ങനെ; വീഴ്ചയിലെ വിശ്രമകാലത്ത് സുധാകരനെ നേരില്‍ കണ്ട് പിണറായി

Update: 2025-12-05 08:22 GMT

ആലപ്പുഴ: സുധാകരനും സിപിഎമ്മുമായി അടുത്തു. ഇനി ആ ഭയം ആലപ്പുഴയില്‍ സിപിഎമ്മിന് വേണ്ട. മുഖ്യമന്ത്രി പിണറായി വിജയനുമായി ദീര്‍ഘകാല ബന്ധമെന്നും ജേഷ്ഠ സഹോദരനെപ്പോലെയാണെന്നും സിപിഎം നേതാവ് ജി സുധാകരന്‍ വിശദീകരിക്കുകയാണ്. പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുന്ന സുധാകരനെ കാണാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. പിണറായി വിജയന്‍ ധീരനും നിശ്ചയദാര്‍ഢ്യവും കരുതലമുള്ള വ്യക്തിയാണെന്നും പ്രതികരിച്ചു. അതായത് മുഖ്യമന്ത്രി പിണറായിയോട് സുധാകരനുണ്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പ്രശ്‌നങ്ങളെല്ലാം തീരുകയാണ്. അവര്‍ വീണ്ടും അടുത്തതിന്റെ സൂചനയാണ് ഈ പോസ്റ്റ്.

1968 ലെ കെഎസ്എഫ് കാലം മുതല്‍ ഇന്നു വരെ 57 വര്‍ഷങ്ങളായി ദീര്‍ഘമായ ബന്ധമാണ് പിണറായി വിജയനുമായി ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കുളിമുറിയില്‍ വഴുതി വീണതിനെ തുടര്‍ന്നാണ് ജി സുധാകരന് പരിക്കേറ്റത്. ആലപ്പുഴയിലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. കഴിഞ്ഞദിവസം എറണാകുളത്തേക്ക് പോകുന്ന വഴി പിണറായി ആലപ്പുഴയിലെ വീട്ടിലെത്തി ജി സുധാകരനെ സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ എല്ലാ പ്രധാന നേതാക്കളും സുധാകരനെ കാണാനെത്തുന്നുണ്ട്. അതെല്ലാം ഫെയ്‌സ് ബുക്കിലൂടെ സുധാകരന്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ പിണറായിയുടെ വരവിനെ കുറിച്ചുളള എഴുത്തില്‍ നിറയുന്നത് ഇവര്‍ തമ്മിലെ വൈകാരിക അടുപ്പമാണ്. കഴിഞ്ഞ മാസമായിരുന്നു കുളിമുറിയില്‍ കാല്‍വഴുതി വീണ് ജി സുധാകരന് പരിക്കേറ്റത്. ആലപ്പുഴയിലെ സാഗര ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയില്‍ കാലിന് മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തി. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരുമല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് മാസത്തെ പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സുധാകരനെ കാണാനെത്തിയത്.

''ഏറ്റവും ആദരണീയനും ജേഷ്ഠ സഹോദര തുല്യനുമായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ ഇന്നലെ രാത്രി എട്ടര മണിയോടെ ചികിത്സയില്‍ കഴിയുന്ന എന്നെ കാണാന്‍ ആലപ്പുഴ വീട്ടില്‍ വന്നു. അദ്ദേഹം എറണാകുളത്തേക്ക് പോകുകയായിരുന്നു. 1968 ലെ കെഎസ്എഫ് കാലം മുതല്‍ ഇന്നു വരെ 57 വര്‍ഷങ്ങളായി ദീര്‍ഘമായ ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്. ധീരനും നിശ്ചയദാര്‍ഢ്യവും ഉളളയാളും കരുതലുള്ള ആളുമാണ് അദ്ദേഹം.' ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ജി സുധാകരന്‍ എത്രയുംവേഗം പൂര്‍ണാരോഗ്യം തിരിച്ചെടുക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രിയും മറുപടി കുറിപ്പിട്ടു.

''വീണ് പരിക്കേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്ന സഖാവ് ജി സുധാകരനെ വീട്ടിലെത്തി കണ്ടു. അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. സഖാവ് എത്രയുംവേഗം പൂര്‍ണാരോഗ്യം തിരിച്ചെടുക്കട്ടെ എന്ന് ആശംസിക്കുന്നു'' ഫേസ്ബുക്കില്‍ കുറിച്ചു. അങ്ങനെ ഏറെ നാളായി ഇവര്‍ക്കിടയിലുണ്ടായിരുന്ന അകലം കുറയുകയാണ്. അടുത്ത കാലത്ത് സുധാകരന്‍ സിപിഎമ്മുമായി അകലത്തിലായിരുന്നു. സിപിഎം പരിപാടികളില്‍ പോലും എത്താത്ത് വാര്‍ത്തയായി. കോണ്‍ഗ്രസ് ചില ചടങ്ങുകളില്‍ സുധാകരനെ എത്തിക്കുകയും ചെയ്തു.

Similar News