ഹര്‍ജി അസാധാരണ നടപടിയെന്ന് വിമര്‍ശിച്ച് അശോകിനെ തള്ളി മുഖ്യമന്ത്രി; നിയമ വിരുദ്ധമായത് സര്‍ക്കാര്‍ ചെയ്താല്‍ അതിനൊപ്പം നില്‍ക്കേണ്ട ബാധ്യത തനിക്കില്ലെന്ന് അശോകും; ജയകുമാറിനെ നിയമിച്ചത് സര്‍ക്കാരിന് തലവേദനയാകുന്നു

Update: 2025-12-05 08:44 GMT

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചത് സര്‍ക്കാരിനു തലവേദനയാകുന്നു. സ്വര്‍ണക്കവര്‍ച്ച കേസ് വിവാദം തണുപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി ഐഎംജി ഡയറക്ടര്‍ ആയ കെ.ജയകുമാറിനെ നിയമിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ജയകുമാറിനെ അയോഗ്യനാക്കണമെന്നു കാട്ടി സംസ്ഥാന കാര്‍ഷിക ഉല്‍പാദന കമ്മിഷണര്‍ ഡോ.ബി. അശോകാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ അശോകിനെതിരേയും സര്‍ക്കാര്‍ പരിശോധനകള്‍ നടത്തും. ഇത്തരമൊരു ഹര്‍ജി അച്ചടക്ക ലംഘനമാണോ എന്നും പരിശോധിക്കും. ഹര്‍ജി അസാധാരണ നടപടിയെന്ന് വിമര്‍ശിച്ച് അശോകിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധം തീര്‍ത്തു കഴിഞ്ഞു. എന്നാല്‍ നിയമ വിരുദ്ധമായത് സര്‍ക്കാര്‍ ചെയ്താല്‍ അതിനൊപ്പം നില്‍ക്കേണ്ട ബാധ്യത തനിക്കില്ലെന്നായിരുന്നു ബി അശോകിന്റെ മറുപടി. നേരത്തെ ഐഎംജി ഡയറക്ടറായുളള ജയകുമാറിന്റെ നിയമനത്തിനെതിരെയും ബി അശോക് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

കെ.ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് സെക്രട്ടറി എന്നിവര്‍ക്കും തിരുവനന്തപുരം ജില്ലാ കോടതി നോട്ടിസ് അയച്ചു. 2026 ജനുവരി 15ന് കോടതിയില്‍ ഹാജരാകാനാണ് നോട്ടിസ്. കെ. ജയകുമാര്‍ നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന ഐഎംജിയുടെ ഡയറക്ടറാണ്. ദേവസ്വം ബോര്‍ഡ് അംഗമായും പ്രസിഡന്റായും നിയമിതനായപ്പോഴും സത്യപ്രതിജ്ഞ ചെയ്ത് ചാര്‍ജ് ഏറ്റെടുത്തപ്പോഴും തുടര്‍ന്ന് ഇപ്പോഴും കെ.ജയകുമാര്‍ സര്‍ക്കാര്‍ പദവി വഹിച്ച് ശമ്പളം പറ്റുന്ന തെളിവുകള്‍ നിരത്തിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സര്‍ക്കാരിന്റെ കീഴില്‍ കേവലം അധികച്ചുമതലയായി കാണാനാവുന്ന ഒന്നല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവിയെന്നും അശോക് വാദിക്കുന്നു.

തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങള്‍ നിയമ പ്രകാരം നിയമിതനായ കെ. ജയകുമാര്‍ നിയമത്തിലെ വകുപ്പ് പ്രകാരം അയോഗ്യനാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് സ്വയംഭരണാവകാശമുള്ള ഒരു സ്ഥാപനമായി വ്യവസ്ഥ ചെയ്ത് അത് ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. നിയമത്തിലെ 7-ാം വകുപ്പില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളാകുന്നവര്‍ക്കുള്ള വിവിധ അയോഗ്യതകള്‍ വിവരിക്കുന്നത് ആ ലക്ഷ്യത്തോടെയാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ സ്വതന്ത്ര സ്വയംഭരണാവകാശം ഇല്ലാതാക്കുന്ന നിയമനമാണ് ജയകുമാറിന്റെ നിയമിച്ചതിലൂടെ സംഭവിച്ചതെന്നും അശോക് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ ബോറിസ് പോള്‍, അഡ്വ സാജന്‍ സേവ്യര്‍ എന്നിവര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹാജരായി. ഹിന്ദു എന്ന നിലയിലാണ് താന്‍ ഹര്‍ജി നല്‍കിയതെന്നും അശോക് പറയുന്നു. ഈ കേസിലെ നടപടികള്‍ സര്‍ക്കാരിന് തലവേദനയാണ്.

ഐഎംജി ഡയറക്ടറായുള്ള ജയകുമാറിന്റെ നിയമം ഐഎഎസ് കേഡര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും നീക്കം ചെയ്യണം എന്നുമുള്ള ഐഎഎസ് അസോസിയേഷന്‍ ഹര്‍ജി കഴിഞ്ഞ ദിവസം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി പറയാന്‍ മാറ്റിയിരുന്നു.

Tags:    

Similar News