'നമ്മുടെ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാന്‍ നമ്മെ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'; പുടിനെ നോക്കി മോദിയുടെ പരാമര്‍ശം; ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ഇനി രൂപയിലും റൂബിളിലും നടക്കുമെന്ന് പുടിന്‍; ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ്; എട്ട് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഇരു രാജ്യങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യ - റഷ്യ ബന്ധം ശക്തമാക്കുന്നതില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനില്‍ക്കുന്ന ഈ സൗഹൃദത്തിന് പുടിന്‍ നല്‍കിയ സംഭാവന വളരെ വലുതാണെന്നും മോദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈദരാബാദ് ഹൗസില്‍ വാര്‍ഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചര്‍ച്ചയ്ക്കും ശേഷം മോദിയും പുടിനും നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും മോദി അറിയിച്ചു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇരു രാജ്യങ്ങള്‍ക്കും ഭാവിയില്‍ ആഗോള വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'വരും കാലങ്ങളില്‍ നമ്മുടെ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാന്‍ നമ്മെ സഹായിക്കുമെന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു, ഈ വിശ്വാസമാണ് നമ്മുടെ ഭാവിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യുക' പുടിനെ നോക്കിക്കൊണ്ട് മോദി പറഞ്ഞു.
പഹല്‍ഗാമിലെ ഭീകരാക്രമണമായാലും ക്രോക്കസ് സിറ്റി ഹാളിന് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണമായാലും, ഇത്തരം എല്ലാ പ്രവൃത്തികള്‍ക്കും ഒരേ വേരുകളാണ് ഉള്ളത്. ഭീകരത മാനവികതയുടെ മൂല്യങ്ങള്‍ക്കു നേരെ ഒരു നേരിട്ടുള്ള ആക്രമണമാണെന്നും ഇതിനെതിരായ ആഗോള ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി എന്നും ഇന്ത്യ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തില്‍ ഇന്ത്യ സജീവമായി പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് ഇന്ത്യന്‍-റഷ്യന്‍ വ്യവസായങ്ങള്‍ തമ്മിലുള്ള സംയുക്ത ഉത്പാദനവും നൂതന സംരംഭങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദിയായിരിക്കുമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ആകെ എട്ട് കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി അറിയിച്ചു. തൊഴില്‍, കുടിയേറ്റം എന്നിവയില്‍ രണ്ടു കരാറുകളില്‍ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ രാസവളം വാങ്ങുന്നതിലും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉല്‍പ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. സൈനികേതര ആണവോര്‍ജ്ജ രംഗത്ത് സഹകരണം കൂട്ടും. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ഇതിന് എല്ലാ സഹകരണവും നല്‍കാന്‍ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും മോദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഊഷ്മളമായ സ്വീകരണത്തിന് ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പുടിന്‍ നന്ദി അറിയിച്ചു. മോദിയുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നു എന്നും സൗഹൃദപരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്ന കരാറുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും പുടിന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും പേയ്‌മെന്റ് സെറ്റില്‍മെന്റുകള്‍ക്കായി ദേശീയ കറന്‍സികള്‍ ഉപയോഗിക്കുന്നതിലേക്ക് ക്രമേണ നീങ്ങുകയാണെന്നും പുടിന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇനി രൂപയിലും റഷ്യന്‍ കറന്‍സിയായ റൂബിളിലും ആകും നടക്കുക എന്നാണ് പുടിന്‍ പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വ്യാപാരത്തില്‍ നിന്ന് ഡോളറിന്റെ ഉപയോഗം ക്രമേണെ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.
നരേന്ദ്രമോദിയെ അടുത്ത സുഹൃത്തെന്ന് പുടിന്‍ വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ കരാറുകള്‍ ഒപ്പിട്ടതായും പുടിന്‍ അറിയിച്ചു. കൂടംകുളം ആണവോര്‍ജ നിലയ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവോര്‍ജ നിലയങ്ങളിലൊന്നാണിത്. ചെറു ആണവ റിയാക്ടറുകള്‍ ഉണ്ടാക്കാനും സഹകരണം ശക്തമാക്കുമെന്ന് പുടിന്‍ പറഞ്ഞു. റഷ്യന്‍ ടിവി ചാനല്‍ ഇന്ന് മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പുടിന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇത് സാംസ്‌കാരികമായ പരസ്പര സഹകരണത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ നിഷ്പക്ഷരല്ലെന്ന് മോദി
യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യ നിഷ്പക്ഷരല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോട് പറഞ്ഞു. ഇക്കാര്യം ഈ വര്‍ഷമാദ്യം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് വ്യക്തമാക്കിയിരുന്നു. ഇത് സമാധാനത്തിന്റെ കാലഘട്ടമാണെന്നും പുടിന്‍ ദീര്‍ഘദര്‍ശിയായ നേതാവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
''ഇന്ത്യ നിഷ്പക്ഷരല്ല, ഇന്ത്യക്ക് ഒരു പക്ഷമുണ്ട്. സമാധാന ശ്രമത്തിനുള്ള എല്ലാ നീക്കത്തെയും ഞങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് പിന്തുണക്കും'' -മോദി പറഞ്ഞു. 11 വര്‍ഷത്തിനിടെ 19-ാം തവണയാണ് മോദിയും പുടിനും കൂടിക്കാഴ്ച നടത്തുന്നത്. നാല് വര്‍ഷമായി തുടരുന്ന യുക്രെയ്ന്‍ യുദ്ധത്തിനിടെ, പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നിരന്തരം ഇടപെടുന്നതിനിടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
റഷ്യയെ സൗഹൃദരാഷ്ട്രമെന്ന് വിശേഷിപ്പിച്ച മോദി, മാറിയ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരിക്കേണ്ട വിശ്വാസ്യതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ''യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതു മുതല്‍ നമ്മള്‍ നിരന്തരമായി ചര്‍ച്ചയിലായിരുന്നു. യഥാര്‍ഥ സുഹൃത്തായ നിങ്ങളും എല്ലാ വിവരങ്ങളും പങ്കുവെച്ചു. വിശ്വാസമാണ് വലിയ ശക്തിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. സമാധാനത്തിന്റെ വഴിയിലാണ് രാജ്യക്ഷേമമുള്ളത്. നാം ഒരുമിച്ച് ആ വഴിയില്‍ നീങ്ങും'' -പ്രധാനമന്ത്രി പറഞ്ഞു.
2001ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിക്കൊക്കൊപ്പം റഷ്യ സന്ദര്‍ശിച്ചതും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തും റഷ്യയിലെ അസ്ത്രാഖന്‍ മേഖലയുമായി പെട്രോ കെമിക്കല്‍സ്, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയില്‍ സഹകരിക്കാനുള്ള കരാറില്‍ ഒപ്പിട്ടിരുന്നു. പുടിന്റെ ദീര്‍ഘദര്‍ശിത്വത്തിന്റെ ഉദാഹരണമാണ് അതെന്നും മോദി പറഞ്ഞു.
എ ഐ നയിക്കുമെന്ന് പുടിന്‍
എഐ രംഗത്ത് ആദ്യം പ്രാവീണ്യം നേടുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് വലിയ നേട്ടങ്ങളുണ്ടാവുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ഏറ്റവും അധികം ഡാറ്റ കയ്യാളുന്നവര്‍ക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങളുടെ ലോകവീക്ഷണം രൂപപ്പെടുത്താന്‍ സാധിക്കും. ഭൂപ്രദേശമല്ല ഡാറ്റയാണ് ഇന്ന് സ്വാധീനം തീരുമാനിക്കുന്നതെന്നും അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എഐയ്ക്ക് ഗുണവും ദോഷവും ഉണ്ടെന്ന് അദ്ദേഹം പറയുന്നു. 'തീര്‍ച്ചയായും എഐ സാധാരണക്കാരന്റെ ജീവിതം മാറ്റിമറിക്കുന്ന സാങ്കേതികവിദ്യയാണ്. തീര്‍ച്ചയായും ഭാവിയില്‍ അത് മുഴുവന്‍ മനുഷ്യവംശത്തിന്റേയും ജീവിതത്തില്‍ മാറ്റമുണ്ടാക്കും. ആരാണോ ഇതില്‍ ആദ്യം പ്രാവീണ്യം നേടുകയും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അവര്‍ക്ക് സമ്പദ് വ്യവസ്ഥയിലും പ്രതിരോധ രംഗത്തും വിദ്യാഭ്യാസമേഖലയിലും ശാസ്ത്ര, ആരോഗ്യമേഖലകളിലും ഒട്ടനവധി നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.'
'എഐ യുടെ ഫലപ്രദമായ ഉപയോഗം കാര്യക്ഷമതയ്ക്കും ഉല്‍പാദനക്ഷമതയ്ക്കും ഒരു മള്‍ട്ടിപ്ലയര്‍ ഇഫക്റ്റ് (multiplier effect) നല്‍കും. ഉദാഹരണത്തിന്, ആരോഗ്യരംഗത്ത് എഐ ഉപയോഗിക്കുകയും ജനിതക എഞ്ചിനീയറിംഗ് പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്താല്‍ വളരെയധികം ഫലമുണ്ടാക്കും.'
അതേസമയം എഐയുടെ വെല്ലുവിളികളും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഈ സാങ്കേതിക വിദ്യ വലിയ ഡാറ്റാ സെറ്റുകള്‍ പ്രൊസസ് ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ഉള്‍പ്പെടുന്നുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനും വിശാല അര്‍ത്ഥത്തില്‍ മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.' ഇന്ത്യയുമായുള്ള സഹകരണത്തിനുള്ള തങ്ങളുടെ വിപുലമായ പദ്ധതിയില്‍, എഐ പോലുള്ള ഹൈടെക് മേഖലകള്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറയുന്നു.
