ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍; ആഹാരം കഴിക്കാമെന്ന് ജയില്‍ അധികൃതരെ അറിയിച്ചു; രാഹുലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം; കസ്റ്റഡി അപേക്ഷ നല്‍കും

Update: 2025-12-06 14:32 GMT

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍. ആഹാരം കഴിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ ജയില്‍ അധികൃതരെ അറിയിച്ചു. ഇന്ന് ജാമ്യം നിഷേധിച്ചതോടെയാണ് രാഹുല്‍ ഈശ്വറിന്റെ പിന്മാറ്റം. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പിന്‍വലിക്കാമെന്ന് നേരത്തെ കോടതിയിലും അറിയിച്ചിരുന്നു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. അറസ്റ്റിലായതോടെ ജയിലില്‍ നിരാഹാര സമരം തുടരുകയായിരുന്നു.

രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസിലെ എഫ്‌ഐആര്‍ വായിക്കുക മാത്രമാണ് വീഡിയോയില്‍ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുല്‍ ഈശ്വര്‍ വാദിച്ചിരുന്നു. പോസ്റ്റ് പിന്‍വലിക്കാമെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇരകളെ അവഹേളിച്ഛ് മുമ്പും രാഹുല്‍ പോസ്റ്റുകള്‍ ഇട്ടിട്ടിട്ടുണ്ടെന്നും ഈ കേസില്‍ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ഹര്‍ജി തള്ളിയത്. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അഡീഷ്ണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. പരാതിക്കാരിയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അഞ്ചാംപ്രതിയാണ്. രാഹുല്‍ ഈശ്വറിനെ നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രത്യേകസെല്ലിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം തുടരുന്നത് മുന്‍നിര്‍ത്തിയായിരുന്നു നടപടി. രാഹുല്‍ ഈശ്വര്‍ ജില്ലാ സെഷന്‍സ് കോടതിയിലും ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് സെഷന്‍സ് കോടതിയിലെ ജാമ്യ ഹര്‍ജി പിന്‍വലിച്ച ശേഷമാണ് വാദം കേട്ടത്.

മോശപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചശേഷം പിന്‍വലിക്കുന്നതില്‍ കാര്യമുണ്ടോയെന്നു അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ്‍ ചോദിച്ചു. ജില്ലാ കോടതിയില്‍ ജാമ്യഹര്‍ജി നിലനില്‍ക്കെ കീഴ്ക്കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തതു നിയമവിരുദ്ധമാണ്. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടും രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിക്കുകയാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കണ്ടെടുത്ത ലാപ് ടോപ്പിന്റെ പാസ്വേര്‍ഡ് നല്‍കാന്‍ പ്രതി കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നു. ന്യായീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് പ്രതി ചെയ്യുന്നത്. രാജ്യത്തെ നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതി ബുദ്ധിയില്ലാത്തയാളാണെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍, ബുദ്ധിയുള്ള നീക്കങ്ങളാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

നേരത്തേ ജാമ്യാപേക്ഷ തള്ളിയ ജില്ലാ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തിരുന്നു. പരാതിക്കാരിയെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ എന്നിവരടക്കം 6 പേര്‍ക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

Similar News