വെള്ളത്തില്‍ അണുബാധയുണ്ടായത് അത്യാഹിതത്തിനു വഴിവെച്ചു? ഹരിപ്പാട് ഡയാലിസിസ് വിവാദത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു; രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി; ചികിത്സാ വീഴ്ചയെന്ന് പരാതി; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ആശങ്ക; വിദഗ്ധ സംഘം എത്തും

Update: 2026-01-01 04:32 GMT

ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ചയെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. സംഭവത്തില്‍ വിശദ അന്വേഷണം നടത്തും. ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ (60), കായംകുളം സ്വദേശി മജീദ് (52) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഡയാലിസിസ് ചെയ്ത രാജേഷ് കുമാര്‍ എന്നയാള്‍ അണുബാധയെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച ഡയാലിസിസ് നടത്തിയവര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്.

സംഭവത്തെത്തുടര്‍ന്ന് ഹരിപ്പാട്ടെ ഡയാലിസിസ് യൂണിറ്റ് 15 ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു. ഇവിടെ ചികിത്സ തേടിയിരുന്ന 58 രോഗികളെ മാവേലിക്കര ഉള്‍പ്പെടെയുള്ള മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഡയാലിസിസിന് ഉപയോഗിച്ച വെള്ളത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. സ്ഥലം എംഎല്‍എ കൂടിയായ രമേശ് ചെന്നിത്തലയും അന്വേഷണം ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം വ്യാഴാഴ്ച ആശുപത്രിയില്‍ വിശദമായ പരിശോധന നടത്തും. വെള്ളത്തിന്റെ സാമ്പിളുകളും മരുന്നുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കെ.സി. വേണുഗോപാല്‍ എം.പി, രമേശ് ചെന്നിത്തല എം.എല്‍.എ തുടങ്ങിയവര്‍ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചു.

തിങ്കളാഴ്ച ഡയാലിസിസ് ചെയ്ത മറ്റ് 48 പേരെയും ആരോഗ്യവകുപ്പ് ബന്ധപ്പെട്ടെങ്കിലും നിലവില്‍ മറ്റാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം. രാമചന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ബന്ധുക്കള്‍ സന്നദ്ധരായില്ല. വരും ദിവസങ്ങളിലെ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വന്നാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളൂ.

ഹരിപ്പാട് വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രന്‍ (60), കായംകുളം പുളിമുക്ക് പുതുക്കാട്ട് തറയില്‍ മജീദ് (52) എന്നിവരാണ് മരിച്ചത്. കാര്‍ത്തികപ്പള്ളി വെട്ടുവേനി ദേവകൃപയില്‍ രാജേഷ് കുമാര്‍ (60) വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവര്‍ തിങ്കളാഴ്ച ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ഡയാലിസിസിനു വിധേയരായവരാണ്. രാമചന്ദ്രന്‍ ഗവ. ആശുപത്രിക്കു സമീപം പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു. വെള്ളത്തില്‍ അണുബാധയുണ്ടായതായാണ് അത്യാഹിതത്തിനു വഴിവെച്ചതെന്നാണ് ആക്ഷേപം. ഇവിടെ ഡയാലിസിസ് നടത്തിവന്ന 58 പേരെ മറ്റു സര്‍ക്കാര്‍ ആശുപത്രികളിലേക്കു മാറ്റി. ഹരിപ്പാട്ടെ ജീവനക്കാരെയും അവിടങ്ങളിലേക്ക് താത്കാലികമായി മാറ്റി നിയമിച്ചു.

രാമചന്ദ്രന്റെ ബന്ധുക്കള്‍ക്കൊപ്പം നഗരസഭാധ്യക്ഷ വൃന്ദ എസ്. കുമാര്‍ ബുധനാഴ്ച രാവിലെ ആശുപത്രിയിലെത്തി സൂപ്രണ്ടുമായി സംസാരിച്ചു. തുടര്‍ന്നാണ് ഡി.എം.ഒ.യെ വിവരമറിയിച്ചത്. ഡി.എം.ഒ.,ഡെപ്യൂട്ടി ഡി.എം.ഒ. എന്നിവരുള്‍പ്പെടുന്ന പതിനൊന്നംഗ വിദഗ്ധസംഘം നാലര മണിക്കൂറോളം ഡയാലിസിസ് യൂണിറ്റില്‍ പരിശോധന നടത്തി. വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധിച്ചു. തിങ്കളാഴ്ചയ്ക്കുശേഷം ഇവിടെ 48 പേര്‍ക്ക് ഡയാലിസിസ് നടത്തിയിരുന്നു. ഇവരെയെല്ലാം ഫോണില്‍ വിളിച്ച് ആരോഗ്യവിവരം തിരക്കി. ആര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നു സ്ഥിരീകരിച്ചു.

സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇതിനായി കത്തയച്ചു. ഉപയോഗിച്ച മരുന്നുകളും ഉപകരണങ്ങളും ജീവനക്കാരുടെ വിശദാംശങ്ങളും പ്രോട്ടക്കോള്‍ പാലനവും സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News