കടകംപള്ളിയുടെ വിദേശയാത്രകളില്‍ 'കണ്ണുവെച്ച്' അന്വേഷണസംഘം; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍മന്ത്രി കുടുങ്ങുമോ? കടകംപള്ളി ഇറ്റലിയ്ക്ക് പോയത് എന്തിന്?
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. മന്ത്രിയായിരുന്ന 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ അദ്ദേഹം നടത്തിയ 13 വിദേശ സന്ദര്‍ശനങ്ങളുടെ വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരിക്കുന്നത്. ഇതില്‍ എട്ടു യാത്രകള്‍ ഔദ്യോഗികമായിരുന്നപ്പോള്‍ അഞ്ചെണ്ണം തികച്ചും സ്വകാര്യ സന്ദര്‍ശനങ്ങളായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കടകംപള്ളിയുടെയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും മൊഴികളില്‍ വലിയ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന.
വിദേശയാത്രകള്‍ക്ക് പുറമെ കടകംപള്ളി നടത്തിയ ബംഗളൂരു, ചെന്നൈ യാത്രകളുടെ വിവരങ്ങളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ബംഗളൂരുവിലെ ഒരു ആഡംബര ഹോട്ടലില്‍ വെച്ച് സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചെന്ന സൂചന ലഭിച്ചിട്ടുണ്ട്. കടകംപള്ളിയുടെ മൊഴിയെടുത്തപ്പോള്‍ ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ അന്വേഷണസംഘം ഉന്നയിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തുന്നതിനായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കടകംപള്ളിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. കടംപള്ളിയുടെ ഇറ്റലി യാത്ര ഔദ്യോഗികമായിരുന്നു.
കടകംപള്ളി സുരേന്ദ്രനെ വെള്ളപൂശാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉപയോഗിക്കുന്നു എന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിട്ടുണ്ട്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ടെങ്കിലും, കടകംപള്ളിയുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനാണ് എസ് ഐടി ശ്രമിക്കുന്നത്. വരും ദിവസങ്ങളില്‍ കടകംപള്ളിയെയും പ്രതികളെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നും സൂചനയുണ്ട്.
അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ ആരോപണങ്ങളെല്ലാം കടകംപള്ളി നിഷേധിച്ചതായാണ് വിവരം. ബംഗളൂരുവിലെ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് തികച്ചും വ്യക്തിപരമായ യാത്രയായിരുന്നുവെന്നും പ്രതിയുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ കേസിന് പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു.
തന്റെ വിദേശയാത്രകളെല്ലാം കൃത്യമായ അനുമതിയോടെ നടത്തിയതാണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സെക്രട്ടേറിയറ്റിലേക്കും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്കും ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും വെവ്വേറെ തീരുമാനിച്ചിട്ടുണ്ട്.
