കേരളാ അബ്കാരി ആക്ടിലെ 1077 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണം; മദ്യത്തിന് പേരിടല്‍ മത്സരം: മത്സരവും പുതിയ മദ്യബ്രാന്റും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി; ബിവറേജസ് എംഡിക്കെതിരെ നടപടി വരുമോ?

Update: 2026-01-01 05:56 GMT

കോട്ടയം: കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാന്റിന് പേര് നിര്‍ദ്ദേശിക്കാനും ലോഗോ തയ്യാറാക്കാനും സംഘടിപ്പിക്കുന്ന മത്സരം ഭരണഘടനാവിരുദ്ധവും അബ്കാരി ആക്ടിന്റെ ലംഘനവും ആയതിനാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ മത്സരം ഉടനടി റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ഭരണഘടന അനുച്ഛേദം 47 പ്രകാരം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനുമായി ആരോഗ്യത്തിന് ഹാനികരമായ മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപയോഗം ഭരണകൂടത്തിന് നിരോധിക്കാമെന്നുള്ളതിനാല്‍ പുതിയ ബ്രാന്റ് മദ്യം പുറത്തിക്കുന്നത് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.

മദ്യത്തിന്റെ വില്‍പന, ഉപയോഗം, പരസ്യം എന്നിവ നിയന്ത്രിക്കുന്നതിനു വേണ്ടി നിര്‍മ്മിച്ച കേരളാ അബ്കാരി ആക്ടിലെ 1077 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണം. ബിവറേജസ് കോര്‍പ്പറേഷന്റെ നടപടി മദ്യപാനത്തെ പ്രോത്സാഹിക്കുകയാണ് ചെയ്തിതിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള എല്ലാത്തരം പരസ്യങ്ങളും ഈ ആക്ടിലെ വകുപ്പ് 55 എച്ച് പ്രകാരം നിരോധിച്ചിട്ടുണ്ട്. മദ്യം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന പരസ്യമാണ് ബിററേജസ് കോര്‍പ്പറേഷന്‍ മത്സരമെന്ന പേരില്‍ നടത്തുന്നത്. പുതുതായി വിപണയില്‍ എത്തിക്കുന്ന മദ്യത്തിനുള്ള പരോക്ഷ പരസ്യം തന്നെയാണ് ഈ മത്സരം. അബ്കാരി ആക്ട് പ്രകാരം ഇതിനെതിരെ നടപടി സ്വീകരിക്കണം.

പ്രൊഹിബിഷന്‍ ആക്ടിലെ വകുപ്പ് 6 പ്രകാരം ഏതെങ്കിലും വ്യക്തി മദ്യം ഉപയോഗിക്കാന്‍ മറ്റൊരാളെ പ്രേരിപ്പിക്കുകയോ പൊതുജനങ്ങളെ ഇതിനായി പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇതുപ്രകാരം ബിവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സനെതിരെ നടപടി സ്വീകരിക്കണമെന്നും എബി ജെ ജോസ് പരാതിയില്‍ ആവശ്യപ്പെട്ടു. മത്സരം സംബന്ധിച്ച് സ്ഥാപനത്തിന്റെ വെബ്‌സൈറ്റുകളില്‍ പരാമര്‍ശം നടത്താത്തത് നിയമ വിരുദ്ധ നടപടി ആയതിനാലാണെന്നും ഫൗണ്ടേഷന്‍ ആരോപിച്ചു.

2007 ല്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് 'വൈകിട്ടെന്താ പരിപാടി' എന്ന ടാഗ് ലൈനോടെ ചലചിത്രനടന്‍ മോഹന്‍ലാല്‍ മദ്യപരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട ഒറിജിനല്‍ ചോയ്‌സ് എന്ന ബ്രാണ്ടി ബ്രാന്റിനുള്ള ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അന്ന് ബസുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പരസ്യങ്ങളും കെ എസ് ആര്‍ ടി സി യും പിന്‍വലിച്ചു.

Tags:    

Similar News