വിചാരണവേളയില്‍ ദിലീപിനോടുള്ള കൂറ് ഊട്ടിയുറപ്പിച്ചവര്‍; താരസംഘടന തലപ്പത്തുള്ളവരും ഒപ്പം നിന്നു; അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് പൃഥ്വിയും ആസിഫും കുഞ്ചോക്കോയും; മൊഴിയിലും ഉറച്ചുനിന്നു; ഡബ്ല്യുസിസിയുടെ പിറവി; നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി നാളെ വിധി പറയാനിരിക്കെ ദിലീപിനോട് കൂറ് പ്രഖ്യാപിച്ചവരും നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയവരും ഒരിക്കല്‍ കൂടി ചര്‍ച്ചയാകുകയാണ്. അമ്മയെന്ന താരസംഘടനയ്ക്ക് പിന്നില്‍ ഒന്നിച്ച് അണിനിരന്നിരന്ന സിനിമ താരങ്ങള്‍ രണ്ട് ചേരിയായി മാറുന്ന കാഴ്ചയാണ് കേസില്‍ ദിലീപ് എട്ടാം പ്രതിയായി മാറിയതോടെ കണ്ടത്. താരസംഘടന തലപ്പത്തെ പ്രമുഖര്‍ ഉള്‍പ്പെടേയുള്ള പ്രബല വിഭാഗം ദിലീപിന് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് വരുന്ന കാഴ്ചകള്‍ തുടക്കം മുതല്‍ കണ്ടു. അതേ സമയം നീതിക്കായി ശബ്ദമുയര്‍ത്തി താരസംഘടനയില്‍ ഒരു വിഭാഗം നിലപാട് എടുത്തതോടെ അമ്മ പിളരുമെന്ന രീതിയിലായി പ്രചരണങ്ങള്‍.
ആദ്യ ഘട്ടത്തില്‍ അതിജീവിതയ്ക്കായി ശബ്ദമുയര്‍ത്തിയവര്‍, പൊലീസിന് നല്‍കിയ മൊഴി വിചാരണവേളയില്‍ മാറ്റിക്കൊണ്ട് ഇവരില്‍ പലരും ദിലീപിനോടുള്ള കൂറ് ഊട്ടിയുറപ്പിച്ചു. എന്നാല്‍ മറുപക്ഷത്ത് അതിക്രമം നേരിട്ട അതിജീവിതക്കൊപ്പം അചഞ്ചലം നിലയുറപ്പിച്ച ഏതാനും താരങ്ങളുണ്ടായി എന്നതായിരുന്നു അമ്മയില്‍ നിന്നും ദിലീപിന്റെ പുറത്താകലില്‍ കലാശിച്ചത്. മഞ്ജുവാര്യര്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പാര്‍വതി, പത്മപ്രിയ തുടങ്ങിയവരാണ് നടിക്കൊപ്പം നിലയുറപ്പിച്ച പ്രമുഖര്‍. ഈ നടിമാര്‍ ഡബ്ല്യുസിസിയുടെ രൂപീകരണത്തിലുള്‍പ്പെടെ നിര്‍ണ്ണായക പങ്കുവഹിച്ചപ്പോള്‍ പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊക്കെ സംഘടനയ്ക്ക് അകത്തും പുറത്തും കോടതിയിലും നീതിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തി.
നടി ആക്രമിക്കപ്പെടുന്ന സമയത്ത് താരസംഘടനയിലെ ട്രഷറര്‍ ആയിരുന്നു ദിലീപ്. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടന എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് നടത്തിയ സംഗമത്തില്‍ ദിലീപും സംസാരിച്ചിരുന്നു. പിന്നീടാണ് ദിലീപ് സംശയ നിഴലിലേക്ക് വരുന്നതും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അറസ്റ്റിലാകുന്നതും. തുടക്കം മുതല്‍ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സംഘടനയുടെ നേതൃനിരയിലുള്ളവര്‍ സ്വീകരിച്ചത്. ഇതോടെ പൃഥ്വിരാജ് അടക്കമുള്ള ഒരുവിഭാഗം യുവതാരങ്ങള്‍ ദിലീപിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന നിലപാട് സംഘടനയ്ക്കുള്ളില്‍ ഉയര്‍ത്തി. ആദ്യമൊക്കെ ദിലീപിന് വേണ്ടി ഉറച്ച് നിന്നെങ്കിലും അറസ്റ്റ് നടന്നതോടെ സകല പ്രതിരോധവും പൊളിഞ്ഞ് ഭാരവാഹികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. അങ്ങനെയാണ് മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ താരത്തെ പുറത്താക്കാന്‍ സംഘടന തീരുമാനിക്കുന്നത്.
ദിലീപിനെതിരെ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിടുമെന്ന രീതിയിലുള്ള വാര്‍ത്തകളും അന്ന് പുറത്ത് വന്നു. 'എക്‌സിക്യൂട്ടീവ് യോഗത്തില്‍ തന്റെ നിലപാട് ഉന്നയിക്കുമെന്നും അത് ചര്‍ച്ച ചെയ്തില്ലെങ്കില്‍ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കുമെന്നും പൃഥ്വിരാജ് തുറന്ന് പറഞ്ഞു. 'സംഘടന കൃത്യമായ നിലപാട് സ്വീകരിക്കും എന്നാണ് പ്രതീക്ഷ. എന്റെ കൂടെ നിലപാട് ഉള്‍ക്കൊള്ളുന്ന പ്രസ്താവനയാണ് അവിടുന്ന് ഉണ്ടാകുന്നതെങ്കില്‍ അതായിരിക്കും എന്റെ നിലപാട്. അങ്ങനെയല്ലെങ്കില്‍ എന്റെ പ്രതികരണം ഞാന്‍ അറിയിക്കും'- എന്നായിരുന്നു എക്‌സിക്യുട്ടീവ് യോഗത്തിന് മുന്നോടിയായി പൃഥ്വിരാജ് വ്യക്തമാക്കിയത്.
നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായപ്പോഴും തന്റെ നിലപാട് പൃഥ്വിരാജ് ആവര്‍ത്തിച്ച് വ്യക്തമാക്കി. 'ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവരുടെ കൂടെ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ഫസ്റ്റ് പേഴ്സണ്‍ ഇന്‍ഫര്‍മേഷനുണ്ട്. എനിക്കുറച്ച് തന്നെ പറയാന്‍ പറ്റും, ഞാനവരെ പിന്തുണയ്ക്കുന്നു, അവര്‍ക്കൊപ്പം നില്‍ക്കുമെന്ന്. ഞാന്‍ മാത്രമല്ല, ഒരുപാട് പേര്‍ നടിക്കൊപ്പമുണ്ട്'. കടുവ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
ശക്തമായ നിലപാടുമായി ആസിഫ്
കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു ആസിഫ് അലിയുടെ നിലപാട്. ദിലീപ് എന്ന നടനില്‍ നിന്നല്ല, മറ്റേതൊരു വ്യക്തിയില്‍ നിന്നുപോലും ഇതുപോലൊരു കുറ്റകൃത്യം ചിന്തിക്കാന്‍ കഴിയില്ല. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണ്. ഈ സംഭവത്തില്‍ ഒരുപാട് വേദന സഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അന്ന് വ്യക്തമാക്കി. ദിലീപിനോടൊപ്പം അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞ വ്യക്തിയാണ് ഞാന്‍. അത് അദ്ദേഹത്തെ ഇനി അഭിമുഖീകരിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടുകൊണ്ടാണ്. കുറ്റം തെളിയുന്നത് വരെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി ദിലീപ് ആകരുതേയെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും ആസിഫ് അലി തുറന്ന് പറഞ്ഞു.
മൊഴിയില്‍ ഉറച്ച് കുഞ്ചാക്കോ ബോബന്‍
അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കിയ മൊഴി വിചാരണ കോടതിയില്‍ പലരും ദിലീപിന് അനുകൂലമായി മാറ്റിയപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ആദ്യാവസനം തന്റെ മൊഴിയില്‍ ഉറച്ച് നിന്നു. ദിലീപുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലെ നായകനായിരുന്നു കുഞ്ചാക്കോ ബോബന്‍. ഈ ചിത്രത്തില്‍ നിന്നും പിന്മാറണമെന്ന് ദിലീപ് തന്നോട് വിളിച്ച് സംസാരിച്ചിരുന്നുവെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച് പൊലീസിന് നല്‍കിയ മൊഴി കുഞ്ചാക്കോ ബോബന്‍ കോടതിയിലും ആവര്‍ത്തിച്ചു.
