പെരുംജീരകവും ആവണക്കെണ്ണയും ജീരകവും കൃഷി ചെയ്ത പാരമ്പര്യം; ഇംഗ്ലീഷ് പഠിക്കാന്‍ കഴിയാത്ത വേദനയില്‍ വജ്രം കട്ടിന് ഇറങ്ങി ലക്ഷാധിപതിയായി; യുക്രെയിനിലെ റഷ്യന്‍ അധിനിവേശം എല്ലാം തകര്‍ത്തു; കുട്ടികളെ മികച്ച സ്‌കൂളില്‍ പഠിപ്പിക്കാന്‍ കഴിയാത്ത അല്‍പ്പേഷ് ഭായി; അമേരിക്കയിലെ ഉയര്‍ന്ന തീരുവ തിരിച്ചടി; ഗുജറാത്തികളുടെ സ്വപ്നം തകര്‍ത്ത് ട്രംപ്... എങ്ങും ശാപവാക്കുകള്‍
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും സൃഷ്ടിക്കുന്നത് നിരവധി പ്രതിസന്ധികളാണ്. അമേരിക്കയിലേക്ക് ഏറ്റവുമധികം കയറ്റുമതി നടത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ട്രംപ് ഏര്‍പ്പെടുത്തിയ അധിക താരിഫുകള്‍ സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ അതീവ ഗുരുതരമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. പ്രമുഖ മാധ്യമമായ അല്‍ ജസീറ ട്രംപിന്റെ താരിഫുകള്‍ ഗുജറാത്തിലെ ഒരു സാധാരണക്കാരന്റൈ കുടുംബ ജീവിതത്തില്‍ സൃഷ്ടിച്ച പ്രതിസന്ധികളെ കുറിച്ച് പുറത്തു വിട്ട റിപ്പോര്‍ട്ട് നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്.
അല്‍പേഷ് ഭായ് എന്നൊരു വ്യക്തിയുടെ ജീവിതമാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 ല്‍ അദ്ദേഹം തന്റെ മൂന്ന് വയസ്സുള്ള മകളെ സൂറത്തിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ ചേര്‍ത്തിരുന്നു. ഇത് അല്‍പ്പേഷ് ഭായിയെ സംബന്ധിച്ചിടത്തോളം ഒരു കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം പെരുംജീരകം, ആവണക്കെണ്ണ, ജീരകം എന്നിവ കൃഷി ചെയ്യുന്ന ഒരു സാധാരണ കര്‍ഷകരായിരുന്നു. വളരെ പരിമിതമായ ചുറ്റുപാടുകളില്‍ ആയിരുന്നു അല്‍പ്പേഷിന്റെ കുടുംബം ജീവിച്ചിരുന്നത്. ഒരു പൊതുവിദ്യാലയത്തിലാണ് അദ്ദേഹം പഠിച്ചത്. അവിടെ അധ്യാപകര്‍ തീരെ കുറവായിരുന്നു. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോലും ആരുമില്ലായിരുന്നു എന്നാണ് അല്‍പേഷ് ഓര്‍ക്കുന്നത്.
ഒരുപക്ഷേ തനിക്ക് ഇംഗ്ലീഷ് അറിയാമായിരുന്നെങ്കില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നു എങ്കില്‍ കൃത്യമായ വരുമാനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. ലോകത്തെ വജ്രാഭരണങ്ങളുടെ 80 ശതമാനവും നിര്‍മ്മിക്കുന്നത് ഗുജറാത്തിലെ സൂറത്തിലാണ്. അല്‍പ്പേഷ് ഭായി ഇവിടെ വജ്രം കട്ട് ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടതോടെ അദ്ദേഹത്തിന്റെ വരുമാനം ക്രമേണ വര്‍ദ്ധിക്കാന്‍ തുടങ്ങി. ജീവിതത്തില്‍ ആദ്യമായി പ്രതിമാസം 35,000 രൂപ വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ അല്‍പ്പേഷിന്റെ ജീവിത നിലവാരം മെച്ചപ്പെടാന്‍ തുടങ്ങി. ഇതോടെ തനിക്ക് ലഭിക്കാതെ പോയ മികച്ച വിദ്യാഭ്യാസം മക്കള്‍ക്ക് ലഭിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. കുട്ടികളെ മികച്ച സ്വകാര്യ സ്‌ക്കൂളുകളില്‍ അല്‍പ്പേഷ് ചേര്‍ത്തിരുന്നു. എന്നാല്‍ ഈ സ്വപ്നം അധികം നീണ്ടു നിന്നില്ല.
2022-ല്‍ റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയതോടെയാണ് ബിസിനസിന് ആദ്യത്തെ തടസ്സം ഉണ്ടായത്. റഷ്യയ്‌ക്കെതിരായ ഉപരോധങ്ങള്‍ വിതരണ ശൃംഖലകളെ ബാധിച്ചിരുന്നു. കാരണം ഇന്ത്യ അസംസ്‌കൃത വജ്രങ്ങളുടെ മൂന്നിലൊന്ന് എങ്കിലും റഷ്യയില്‍ നിന്നാണ് ശേഖരിച്ചിരുന്നത്്. ഇത് പലര്‍ക്കും ജോലി നഷ്ടപ്പെടുന്നതിനും ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും ഇടയാക്കി. അല്‍പേഷിന്റെ വരുമാനം പ്രതിമാസം 18,000 രൂപയായി കുറഞ്ഞു. പിന്നീട് ഇത് ഇരുപതിനായിരം രൂപയായി എങ്കിലും വാര്‍ഷിക സ്‌ക്കൂള്‍ ഫീസായ 25,000 രൂപ താങ്ങാന്‍ കഴിയാത്ത അവസ്ഥയായി. മൂത്ത മകള്‍ മൂന്നാം ക്ലാസില്‍ എത്തിയപ്പോഴേക്കും, ഇളയ കുട്ടി സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴേക്കും വലിയ തോതിലുള്ള സമ്മര്‍ദ്ദമാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. ഈ വര്‍ഷം ആദ്യം, അദ്ദേഹം രണ്ട് കുട്ടികളെയും സ്വകാര്യ സ്‌കൂളില്‍ നിന്ന് മാറ്റി അടുത്തുള്ള ഒരു പൊതു സ്‌കൂളില്‍ ചേര്‍ത്തു. ഏതാനും മാസങ്ങള്‍ക്കുശേഷം അമേരിക്കയുടെ പുതിയ താരിഫുകള്‍ പ്രതിസന്ധി രൂക്ഷമാക്കിയപ്പോള്‍, അദ്ദേഹത്തിന്റെ പോളിഷിംഗ് യൂണിറ്റ് അതിന്റെ 60 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടു. അവരില്‍ അല്‍പേഷും ഉള്‍പ്പെടുന്നു. ജീവിതത്തില്‍ താന്‍ ആരംഭിച്ച സ്ഥലത്തേക്ക് തിരിച്ചെത്തിയതായി തോന്നുന്നു എന്നാണ് അല്‍പ്പേഷ് പറയുന്നത്.
ഇന്ത്യയുടെ വജ്ര കേന്ദ്രമായ സൂറത്തില്‍ 600,000-ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. കൂടാതെ 100 മില്യണ്‍ ഡോളറില്‍ കൂടുതല്‍ വാര്‍ഷിക വില്‍പ്പനയുള്ള 15 വലിയ പോളിഷിംഗ് യൂണിറ്റുകളും ഉണ്ട്. പതിറ്റാണ്ടുകളായി, സൂറത്തിലെ വജ്ര പോളിഷിംഗ് വ്യവസായം ഗ്രാമീണ ഗുജറാത്തില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച അവസരങ്ങളാണ് നല്‍കിയിരുന്നത്. വലിയ വിദ്യാഭാസം ഒന്നും ഇല്ലാത്തവര്‍ക്ക് പോലും പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ഒരു കാലത്ത് ലഭിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് ഉണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാല് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകുകയോ അവരുടെ ശമ്പളം വലിയ തോതില്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.
2022 ല്‍ റഷ്യ യുക്രൈന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സൂറത്തിലെ വജ്ര വ്യവസായം ഒന്നിലധികം വെല്ലുവിളികള്‍ നേരിട്ടു. ആഫ്രിക്കന്‍ ഖനികളില്‍ നിന്നുള്ള വിതരണത്തില്‍ തടസ്സം, പ്രധാന പാശ്ചാത്യ വിപണികളിലെ ആവശ്യകത ദുര്‍ബലമാകല്‍, രണ്ടാമത്തെ വലിയ ഉപഭോക്താവായ ചൈനയിലേക്കുള്ള കയറ്റുമതിയിലെ പൊരുത്തക്കേട് എന്നിവയായിരുന്നു പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കട്ട് ആന്‍ഡ് പോളിഷ്ഡ് വജ്രങ്ങളുടെ കയറ്റുമതി 27.6 ശതമാനം കുറഞ്ഞു. അതിന്റെ മുന്‍നിര വിപണികളായ യുഎസ്, ചൈന, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളില്‍ കുത്തനെ ഇടിവ് സംഭവിക്കുകയായിരുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫുകള്‍ മാന്ദ്യത്തെ കൂടുതല്‍ വഷളാക്കി. അല്‍പ്പേഷ് ഇപ്പോള്‍ തുണിത്തരങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലി ചെയ്യുന്നു. പ്രതിമാസം ഏകദേശം 12,000 രൂപയാണ് ലഭിക്കുന്നത്. ഇത് ഭക്ഷണത്തിനും വാടകയ്ക്കും പോലും തികയുന്നില്ല. എന്നാല്‍ തന്റെ പെണ്‍മക്കള്‍ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുന്നു എന്നതാണ് അല്‍പ്പേഷിന് ആശ്വാസമാകുന്നത്. സൂറത്തിലെ നിരവധി കുടിയേറ്റ കുടുംബങ്ങള്‍ക്ക് വാടക നല്‍കാനോ പകരം ജോലി കണ്ടെത്താനോ കഴിയാത്തതിനാല്‍ പലരും അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി.
35 കാരനായ ശ്യാം പട്ടേലും അവരില്‍ ഒരാളായിരുന്നു. കയറ്റുമതി മന്ദഗതിയിലാവുകയും ഓഗസ്റ്റില്‍ യുഎസ് താരിഫ് ബാധിക്കുകയും ചെയ്തപ്പോള്‍, അദ്ദേഹം ജോലി ചെയ്തിരുന്ന പോളിഷിംഗ് യൂണിറ്റ് അടച്ചുപൂട്ടി. മറ്റ് ജോലിയൊന്നും ലഭ്യമല്ലാത്തതിനാല്‍, അടുത്ത മാസം അദ്ദേഹം ബനസ്‌കന്ത ജില്ലയിലെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങി. അദ്ദേഹം ഇപ്പോള്‍ തന്റെ ഗ്രാമത്തിലെ പരുത്തിപ്പാടങ്ങളില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്. ഹൈസ്‌കൂളിലെ അവസാന വര്‍ഷക്കാരനായ അദ്ദേഹത്തിന്റെ മകന്‍ പുതിയ അക്കാദമിക് സെഷന്‍ കഴിഞ്ഞ് നാല് മാസത്തിന് ശേഷം പഠനം ഉപേക്ഷിച്ചു. കഴിഞ്ഞ വര്‍ഷം 600-ലധികം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പഠനം പകുതിയില്‍ ഉപേക്ഷിച്ചു. കാരണം അവരുടെ മാതാപിതാക്കള്‍ ജോലി നഷ്ടപ്പെടുകയോ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയോ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ 12 മുതല്‍ 14 മാസത്തിനുള്ളില്‍ ഏകദേശം 50,000 തൊഴിലാളികള്‍ സൂറത്ത് വിട്ടുപോയതായിട്ടാണ് യൂണിയനുകള്‍ കണക്കാക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ദുരിതബാധിതരായ വജ്ര തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക സഹായ പാക്കേജ് നടപ്പിലാക്കിയിരുന്നു.
ഈ പദ്ധതി പ്രകാരം, വജ്ര പോളിഷര്‍മാരുടെ കുട്ടികളുടെ ഒരു വര്‍ഷത്തെ സ്‌കൂള്‍ ഫീസ്, പ്രതിവര്‍ഷം 13,500 രൂപ വരെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. യോഗ്യത നേടുന്നതിന്, തൊഴിലാളികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി തൊഴില്‍രഹിതരായിരിക്കണം, ഒരു വജ്ര ഫാക്ടറിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. ഫീസ് സര്‍ക്കാര്‍നേരിട്ട് സ്‌കൂളുകള്‍ക്ക് നല്‍കും. ഗുജറാത്തിലുടനീളമുള്ള വജ്ര തൊഴിലാളികളില്‍ നിന്ന് സര്‍ക്കാരിന് ഏകദേശം 90,000 അഭ്യര്‍ത്ഥനകള്‍ ലഭിച്ചു, അതില്‍ സൂറത്തില്‍ നിന്ന് മാത്രം 74,000 എണ്ണം ഉള്‍പ്പെടുന്നു.
