ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍; ആദ്യഫലങ്ങള്‍ എട്ടരയോടെ; 244 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍; പതിനൊന്നോടെ ഗ്രാമപഞ്ചായത്തുകളിലെ ചിത്രം തെളിയും; പൂര്‍ണ്ണമായ ഫലം ഉച്ചയോടെ; ആധിപത്യം തുടരനാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷ; തിരിച്ചുവരവിന് യുഡിഎഫ്; കരുത്ത് കാണിക്കാന്‍ ബിജെപിയും; ആഹ്ലാദ പ്രകടനങ്ങളില്‍ മിതത്വം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം. ശനിയാഴ്ച രാവിലെ എട്ടുമണിമുതല്‍ സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വരണാധികാരിയുടെ ടേബിളില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളുമാണ് എണ്ണുക. സ്ഥാനാര്‍ഥികളുടേയോ സ്ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടേയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക. ആദ്യഫലങ്ങള്‍ അരമണിക്കൂറിനുള്ളിലെത്തും. പതിനൊന്നോടെ ഗ്രാമപഞ്ചായത്തുകളിലെ ഭരണകര്‍ത്താക്കളുടെചിത്രം പൂര്‍ണമാകും. ഉച്ചയോടെ അന്തിമ ഫലം അറിയാം. ആധിപത്യം തുടരനാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് യുഡിഎഫ് കരുതുന്നത്. കരുത്ത് കാണിക്കാനാകുമെന്നാണ് ബിജെപി കണക്കൂട്ടല്‍.
941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ തുടങ്ങും. പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഫലങ്ങള്‍ വരണാധികാരികള്‍ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് ഫലം കലക്ടറാണ് പ്രഖ്യാപിക്കുക. വോട്ടുനില സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ TREND -ല്‍ അപ് ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാം. രണ്ട് ഘട്ടമായാണ് ഇത്തവണ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 76.08 ശതമാനം പോളിങ് രേഖപ്പെടുത്തി. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴുജില്ലകളിലായിരുന്നു രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 604 തദ്ദേശ സ്ഥാപനങ്ങളിലായി 38,994 സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ നടന്ന ആദ്യഘട്ടത്തില്‍ 70.91 ശതമാനമായിരുന്നു പോളിങ്. ആകെ പോളിങ് 73.69 ശതമാനത്തിലേറെയാണ്. 2020ലെ പോളിങ് ശതമാനം 75.95 ശതമാനമായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ട് ചെയ്തത് ഇത്തവണയാണ്. രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ആകെ വോട്ടുചെയ്തത് 2,10,79,609 പേര്‍. ആകെ 73.69 ശതമാനം പോളിങ് നടന്നു. 2020-ലെ തിരഞ്ഞെടുപ്പില്‍ 2,10,05,743 വോട്ടര്‍മാരാണ് വോട്ട് ചെയ്തിരുന്നത്. 73,866 വോട്ടുകളാണ് മുന്‍ തിരഞ്ഞെടുപ്പില്‍നിന്ന് അധികമായി പോളിങ് ബൂത്തുകളില്‍ ഇത്തവണ പോള്‍ചെയ്തത്.
കൗണ്ടിങ് ടേബിളിള്‍ വയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍,സ്‌പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ഥികളുടെയോ കൗണ്ടിങ്,ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക. വരണാധികാരിയുടെ ടേബിളില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക.
തിരഞ്ഞെടുപ്പ് വിജയാഹ്ളാദപ്രകടനങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മിതത്വം പാലിക്കണം. ഡിസംബര്‍18വരെ മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ട്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല. പടക്കം,വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഹരിതച്ചട്ടവും,ശബ്ദനിയന്ത്രണ,പരിസ്ഥിതി നിയമങ്ങളും ആഹ്‌ളാദപ്രകടനങ്ങളില്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
തത്സമയം അറിയാന്‍ 'ട്രെന്‍ഡ്'
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെന്‍ഡ്' വെബ്‌സൈറ്റില്‍ നിന്നും തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളില്‍ തിരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്.
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം സൈറ്റില്‍ ലഭ്യമാകും.
ഓരോ ബൂത്തിലെയും സ്ഥാനാര്‍ത്ഥികളുടെ വോട്ടു നില അപ്പപ്പോള്‍ തന്നെ സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാര്‍ഡ് അടിസ്ഥാനത്തില്‍ മനസിലാക്കാം. മാധ്യമങ്ങള്‍ക്കു വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു വാര്‍ഡിലെ വോട്ടെണ്ണാന്‍ 10 മിനിറ്റ്, പഞ്ചായത്തുകളില്‍ 15 മിനിറ്റ്
മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഓരോ വാര്‍ഡിലെയും വോട്ടെണ്ണലിനു 10 മിനിറ്റു വീതം മതിയാകുമെന്നാണ് വിലയിരുത്തല്‍. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണലിനു കുറച്ചു കൂടി സമയം വേണ്ടി വരും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വോട്ടുകള്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റിലാണെന്നതിനാലാണിത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുകള്‍ 14 ബ്ലോക്ക് പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാകും എണ്ണുക. ഇതു കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ ഏകോപിപ്പിച്ചു ഫലം പ്രഖ്യാപിക്കും. ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥല സൗകര്യമനുസരിച്ച് 8 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റികളില്‍ 16 വോട്ടെണ്ണല്‍ മേശകളുണ്ടാകും. ഒന്നാം വാര്‍ഡ് മുതല്‍ ക്രമത്തിലാകും വോട്ടെണ്ണല്‍. തപാല്‍ ബാലറ്റുകള്‍ വരണാധികാരിമാരുടെ മേശകളിലാകും എണ്ണുക. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ തപാല്‍ വോട്ടുകള്‍ കലക്ടറേറ്റില്‍ എണ്ണും. വോട്ടെണ്ണലിനു തൊട്ടു മുന്‍പു മാത്രമേ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമില്‍ നിന്ന് വോട്ടെണ്ണല്‍ മേശയിലെത്തിക്കുകയുള്ളു. പഞ്ചായത്ത് വോട്ടെണ്ണല്‍ മേശകളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും 2 കൗണ്ടിങ് അസിസ്റ്റന്റുമാരുമുണ്ടാകും. നഗരസഭകളില്‍ ഓരോ കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും മാത്രമേയുണ്ടാകു. വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമില്‍ നിന്ന് വോട്ടെണ്ണല്‍ മേശയിലെത്തിക്കാന്‍ പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ തീരുന്ന മുറയ്ക്കു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തന്നെ ഫലപ്രഖ്യാപനം നടത്തും. വിജയികള്‍ക്ക് അപ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റും നല്‍കും. വോട്ടെണ്ണലിനു ശേഷം വോട്ടിങ് യന്ത്രങ്ങള്‍ ഗോഡൗണുകളിലേക്ക് മാറ്റാനുള്ള ചുമതല തദ്ദേശ സെക്രട്ടറിമാര്‍ക്കാണ്.
