പൊലീസ് നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ ഈശ്വര്‍; കേസിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞ് ഭാര്യ ദീപ കരഞ്ഞുകാലുപിടിച്ചു; എല്ലാം പുരുഷ കമ്മീഷന് വേണ്ടിയെന്ന് ആവര്‍ത്തിച്ച് ആക്ടിവിസ്റ്റ്
കേസിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞ് ഭാര്യ ദീപ കരഞ്ഞുകാലുപിടിച്ചു
കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ രാഹുല്‍ ഈശ്വര്‍ മെന്‍സ് കമ്മീഷന്‍ വാദം ആവര്‍ത്തിച്ചു. തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയാണെന്നും, നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസിനെക്കുറിച്ച് സംസാരിക്കരുത് എന്ന് ജാമ്യവ്യവസ്ഥയില്‍ ഉണ്ടായിരുന്നു. എന്നിട്ടും രാഹുല്‍ സംസാരിക്കുന്നത് കണ്ട് ഭാര്യ ദീപ കരഞ്ഞുകൊണ്ട് സംസാരം നിര്‍ത്താന്‍ രാഹുലിന്റെ കാലുപിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രാഹുല്‍ ഇതൊന്നും ശ്രദ്ധിക്കാതെ സംസാരം തുടര്‍ന്നു.
തന്റെ ജയിലിലെ പ്രതിഷേധം പോലീസിനെതിരെയായിരുന്നില്ലെന്നും, മറിച്ച് മെന്‍സ് കമ്മീഷനു (പുരുഷ കമ്മീഷന്‍) വേണ്ടിയുള്ള പോരാട്ടമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.'കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. 'ആരാന്റെ മക്കളെ കള്ളപ്പരാതിയില്‍ അകത്താക്കിയാല്‍ കാണാന്‍ രസമാണ്. അത് സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ പ്രയാസം മനസ്സിലാകൂ,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യമില്ലാതെ ഈ രാജ്യം നിലനില്‍ക്കില്ലെന്നും ആര്‍ക്കും ആരെക്കുറിച്ചും കള്ളം പറയാമെന്ന് വെച്ചാല്‍ നമ്മളെ കുടുക്കാന്‍ വളരെ എളുപ്പമാണ് എന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് മകനെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നിര്‍ത്തി നാളെ ഇവരെപ്പോലുള്ള ആണ്‍കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യരുത് എന്നും അതിനാണ് ഈ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് നീതി കിട്ടാത്ത, ദിലീപിനും നിവിന്‍ പോളിക്കും നീതി കിട്ടാത്ത നാട്ടില്‍ നമ്മളെപ്പോലുള്ളവര്‍ക്ക് നീതി കിട്ടുമോ എന്നും രാഹുല്‍ ചോദിച്ചു.
മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രാഹുലിനെ മാലയിട്ട് സ്വീകരിച്ചു.