അയ്യപ്പന്റെ പേര് ഉപയോഗിച്ചതില്‍ കേസെടുക്കാമെന്ന് നിയമോപദേശം; 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടില്‍ കേസെടുത്ത് പൊലീസ്; ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരുമടക്കം പ്രതികള്‍; ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുള്ള എഫ്ഐആറില്‍ 'കുഞ്ഞുപിള്ള'; കേസെടുത്തത് മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൈറലായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്ഐആറില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. അയ്യപ്പന്റെ പേര് ഉപയോഗിച്ചതില്‍ കേസെടുക്കാമെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം സൈബര്‍ സ്റ്റേഷനില്‍ കേസെടുക്കും. ഗാനരചയിതാവും പ്രചരിപ്പിച്ചവരും പ്രതികളാകുമെന്നാണ് വിവരം
'പോറ്റിയേ കേറ്റിയെ' എന്ന പാരഡി പ്രചാരണ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും അത് ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പാരഡി പാട്ടിനെതിരായ പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ കെ ഹരിദാസ് പറഞ്ഞത്.
പരാതി നല്‍കിയത് സമിതിയല്ലെന്നും അത് ചിലരെ സംരക്ഷിക്കാനുളള ശ്രമമാണെന്നും ഹരിദാസ് പറഞ്ഞു. സംഘടനയില്‍ നിന്ന് വിട്ടുപോയ ആളാണ് പ്രസാദെന്നും ശബരിമലയില്‍ സ്വര്‍ണക്കൊളള നടന്നു എന്നതിനാണ് പ്രാധാന്യമെന്നും ഹരിദാസ് പറഞ്ഞു. പോറ്റിയേ കേറ്റിയേ സ്വര്‍ണം ചെമ്പായ് മാറിയെ എന്ന പാരഡി ഗാനം തദ്ദേശ തെരഞ്ഞെടുപ്പിലുടനീളം യുഡിഎഫ് വ്യാപകമായി പ്രചാരണ പരിപാടികളില്‍ ഉപയോഗിച്ചിരുന്നു.
അതേസമയം, പോറ്റിയേ കേറ്റിയെ എന്ന പാരഡി ഗാനം വിവാദമാക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുളള രംഗത്തെത്തിയിരുന്നു. അയ്യപ്പ ഭക്തരുടെ ദുഃഖം മാത്രമാണ് പാട്ടിലൂടെ പറഞ്ഞതെന്നും ഒരു തരത്തിലുളള വിവാദ പരാമര്‍ശവും പാട്ടില്‍ നടത്തിയിട്ടില്ലെന്നും ജി പി കുഞ്ഞബ്ദുളള പറഞ്ഞു. 'ഇതുപോലെ ഒരു വിവാദം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. പ്രവാസികളുടെ ഇടയിലും നല്ല പിന്തുണ ലഭിക്കുന്നുണ്ട്' എന്നാണ് ജി പി കുഞ്ഞബ്ദുളള പറഞ്ഞത്.
തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കും
ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെട്ടുവെന്നും കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ഗാനം ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു കാട്ടി തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സിപിഎം. കോണ്‍ഗ്രസും ലീഗും ഗുരുതരമായ ധ്രുവീകരണത്തിന് ഇടയാക്കുന്ന തരത്തില്‍ പാരഡി ഗാനം ഉപയോഗപ്പെടുത്തി എന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറയുന്നത്.
സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതി സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അങ്കിത് അശോക് പ്രതികരിച്ചു. പാരഡി ഗാനം നിര്‍മിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും പാടിയിരിക്കുന്നതും ആരാണെന്നുള്ള കാര്യം ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പാട്ടിനെക്കുറിച്ചു പരാതിയില്‍ പറയുന്ന വിഷയങ്ങളില്‍ എന്തൊക്കെ കുറ്റകൃത്യങ്ങളാണു നടന്നിരിക്കുന്നത് എന്നതു സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കാന്‍ കഴിയുന്നത് എന്നും പരിശോധിക്കും.
ഗാനത്തിന്റെ വരികളാണോ, അതിന്റെ ട്യൂണ്‍ ആണോ, കോപ്പിറൈറ്റ് ആണോ പ്രശ്നം എന്നതും വിലയിരുത്തും. ഗാനത്തിന്റെ വരികള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണോ എന്നതും പരിശോധനയ്ക്കു വിധേയമാക്കും. ഇതെല്ലാം പരിഗണിച്ച് വകുപ്പുകള്‍ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട സൈബര്‍ സ്റ്റേഷനിലേക്കു റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും കേസിന്റെ തുടര്‍നടപടികള്‍ ഉണ്ടാകുക എന്നും അങ്കിത് അശോക് പറഞ്ഞു.
സിപിഎമ്മില്‍ ഭിന്നാഭിപ്രായം
പാട്ടിന്റെ വരികള്‍ വിശ്വാസികളുടെ വികാരമാണോ അതോ ഏതെങ്കിലും പാര്‍ട്ടിയുടെ വികാരമാണോ വ്രണപ്പെടുത്തിയതെന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത്. ഗാനത്തിന് എതിരെയുള്ള നീക്കവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുളളില്‍ തന്നെ ഭിന്നാഭിപ്രായമാണുള്ളത്. വിഷയം അവഗണിക്കേണ്ടതിനു പകരം ഉയര്‍ത്തിക്കൊണ്ടുവരുന്നത് ശബരിമല സ്വര്‍ണക്കവര്‍ച്ച സജീവചര്‍ച്ചയായി നിലനിര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം വാദിക്കുന്നവരുടെ ഇരട്ടത്താപ്പാണ് പരാതിക്കും നടപടികള്‍ക്കും പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പാര്‍ലമെന്റിനു മുന്നില്‍ എംപിമാര്‍ ഉള്‍പ്പെടെ പാട്ട് ഏറ്റുപാടിയിരുന്നു.
അതേസമയം, ഗാനവുമായി ബന്ധപ്പെട്ട് നിയമനടപടി വേണമെന്നാണ് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടത്. വിശ്വാസത്തെ ഹനിക്കുന്നതവാണെങ്കില്‍ അതു പരിശോധിക്കണമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കവര്‍ച്ച പ്രതിഫലിച്ചില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞെങ്കിലും അതേക്കുറിച്ചുള്ള പാട്ടിലെ കുറച്ചു വരികള്‍ പാര്‍ട്ടികേന്ദ്രങ്ങളെ വല്ലാതെ വ്രണപ്പെടുത്തി എന്നു തെളിയിക്കുന്നതാണ് പ്രതികരണങ്ങള്‍. അതുകൊണ്ടു തന്നെ ഏതെങ്കിലും തരത്തില്‍ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാകാനുള്ള സാധ്യതയാണ് തെളിയുന്നത്.
പ്രമോഷന് വേണ്ടി ചെയ്ത ഗാനം
മലപ്പുറം സ്വദേശികളായ സുബൈര്‍ പന്തല്ലൂരും ഹനീഫ മുടിക്കോടും തങ്ങളുടെ സ്റ്റുഡിയോയുടെ പ്രമോഷന് വേണ്ടി ചെയ്തതാണ് ഈ ഗാനം. നാദാപുരം സ്വദേശിയായ ഖത്തറിലുള്ള ജി.പി. കുഞ്ഞബ്ദുല്ലയാണ് ഗാനരചന നിര്‍വഹിച്ചത്. ഡാനിഷാണ് പാട്ട് പാടിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തില്‍ പല ഗാനങ്ങളും തയാറാക്കാറുണ്ടെന്ന് സുബൈര്‍ പന്തല്ലൂര്‍ പറഞ്ഞു. വിശ്വാസികള്‍ വിളിച്ച് വളരെ അനുകൂലമായാണന് പറയുന്നത്. ഭഗവാനാണ് നിങ്ങളെ കൊണ്ട് ഇങ്ങനെ പാടിച്ചതെന്നാണ് അമ്മമാര്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ പറയുന്നതെന്നും സുബൈര്‍ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന ഒരു വരി പോലും പാട്ടിലില്ല. മുണ്ടക്കൈ ദുരന്തം ഉള്‍പ്പെടെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ആണ് ആ പാട്ടില്‍ മുഴുവനുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികള്‍ക്കല്ല മറിച്ച് ആ ഗാനം വിരല്‍ ചൂണ്ടുന്ന ചിലര്‍ക്കാണു വികാരം വ്രണപ്പെട്ടിരിക്കുന്നതെന്നാണ് ഗാനത്തിന്റെ പിന്നണിയിലുള്ളവരുടെ പ്രതികരണം.
അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് ഒരു തരത്തിലും എടുക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ ടി. ആസഫലി പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം കട്ടത് ആരാണെന്ന് അയ്യപ്പനോടു പറയുകയാണ് പാട്ടിലൂടെ ചെയ്തിരിക്കുന്നത്. ദൈവത്തെ ധിക്കരിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല. ഏതെങ്കിലും രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന ഒരു വരി പോലും ആ ഗാനത്തിലില്ല. യഥാര്‍ഥ വിശ്വാസികള്‍ ഗാനത്തിനൊപ്പമാണ്. വിശ്വാസികളുടെ വികാരമല്ല മറിച്ച് സ്വര്‍ണം തട്ടാന്‍ കൂട്ടുനിന്നവരുടെ വികാരമാണ് വ്രണപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഎന്‍എസ് 196, പൊലീസ് ആക്ട് 118 ഡി തുടങ്ങിയ വകുപ്പുകളാണ് ചുമത്താന്‍ കഴിയുന്നത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. എന്നാല്‍ 'പോറ്റിയേ കേറ്റിയേ' ഗാനത്തിന്റെ വിഷയത്തില്‍ ഈ വകുപ്പുകളൊന്നും നിലനില്‍ക്കില്ലെന്നും ടി.ആസഫലി പറഞ്ഞു. ഭരണഘടന അനുഛേദം19(1)(a) ഉറപ്പു നല്‍കുന്ന സംസാരത്തിനും ആശയ പ്രകടനത്തിനും ഉള്ള സ്വാതന്ത്ര്യം വളരെ വിലപ്പെട്ട ഒരു അവകാശമാണ്. ഭാരതത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനും എതിരായും പൊതു സമാധാനത്തിന്റെ താല്‍പര്യത്തിനെതിരായും ദുരുപയോഗിച്ചുവെന്ന് വന്നാല്‍ മാത്രമേ അതു നിയന്ത്രിക്കാനാവൂ എന്നും അഡ്വ. ആസഫലി പറഞ്ഞു.
