ജിദ്ദയില്‍ നിന്ന് ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടെന്ന് യാത്രക്കാര്‍; ടയറുകളില്‍ ഒന്ന് പൊട്ടിയതായി സംശയം; സാങ്കേതിക തകരാറും അടിയന്തര ലാന്‍ഡിംഗും യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോള്‍; കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലേത് അതീവ ഗുരുതര പിഴവുകള്‍; കോഴിക്കോട്ടേക്ക് ബസില്‍ പോകാന്‍ നിര്‍ദേശിച്ചു? പ്രതിഷേധവുമായി യാത്രക്കാര്‍

Update: 2025-12-18 05:50 GMT

കൊച്ചി: കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനുണ്ടായത് ഗുരുതര സാങ്കേതിക പിഴവെന്ന് സൂചന. വിമാനം ജിദ്ദയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായി സംശയമുണ്ട്. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളില്‍ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ പറയുന്നു. സാങ്കേതിക തകരാര്‍ ഉണ്ടായ കാര്യവും അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ പോകുന്ന കാര്യവും യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോള്‍ മാത്രമാണ്. കോഴിക്കോട്ടേക്ക് റോഡ് മാര്‍ഗം പോകണമെന്ന് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിര്‍ദ്ദേശം നല്‍കിയതായും യാത്രക്കാര്‍ പറയുന്നു. വിമാനം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ എയര്‍ ഇന്ത്യ അധികൃതരുമായി വാക്കുതര്‍ക്കത്തിലാണ്.

കൊച്ചിയില്‍ വലിയ വിമാന ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്ന് പുലര്‍ച്ചെ 1.15നാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 9.05-നാണ് ജിദ്ദയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടുകയായിരുന്നു. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്.

വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് വിവരങ്ങള്‍.

ജിദ്ദയില്‍നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐഎക്‌സ് 398 ആണ് വഴിതിരിച്ചുവിട്ട് കൊച്ചിയില്‍ ഇറങ്ങിയത്. ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെത്തുടര്‍ന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാന്‍ഡിങ്ങിനു വിമാനം ശ്രമിച്ചത്. ലാന്‍ഡിങ്ങിനു ശേഷമുള്ള പരിശോധനയിലാണ് ടയറുകള്‍ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചതോടെ വിമാനത്താവളത്തില്‍ സിഐഎസ്എഫ്, അഗ്‌നിരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങള്‍ സജ്ജരായി നിന്നിരുന്നു. എന്നാല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനായി. അടിയന്തര സാഹചര്യം ഒഴിവായ ആശ്വാസത്തിലാണ് വിമാനത്താവള അധികൃതര്‍.

Similar News