ബോണ്ടി ബീച്ച് ഭീകരാക്രമണം: അക്രമിയെ നിഷ്പ്രഭനാക്കി അഹമ്മദ് അല്‍ അഹമ്മദ്; തോക്ക് പിടിച്ചുവാങ്ങി രക്ഷിച്ചത് നിരവധി ജീവനുകള്‍; ഓസ്ട്രേലിയയുടെ 'റിയല്‍ ലൈഫ് ഹീറോ' എന്ന് പ്രധാനമന്ത്രി; ലോകമെങ്ങുനിന്നും പ്രശംസയും സാമ്പത്തിക സഹായവും; ക്രൗഡ് ഫണ്ടിംഗില്‍ കിട്ടിയത് 22 കോടി
ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ച് ഭീകരാക്രമണത്തിനിടെ ഒരു തോക്കുധാരിയെ നിരായുധനാക്കിയ നായകനായ അഹമ്മദ് അല്‍-അഹമ്മദിന് ലോകമെമ്പാടും നിന്ന് ലഭിച്ചത് അവിശ്വസനീയമായ സാമ്പത്തിക സഹായം. ഏതാണ്ട് ഇരുപത്തിരണ്ട് കോടിയിലധികം രൂപയാണ് അദ്ദേഹത്തിന് ആളുകള്‍ നല്‍കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 43,000 പേരാണ് അഹമ്മദ് അല്‍ അഹമ്മദിനായി പണം അയച്ചു കൊടുത്തത്. ഇത് താന്‍ അര്‍ഹിക്കുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
സിഡ്നി ഭീകരാക്രമണത്തിനിടെ സ്വന്തം ജീവന്‍ പണയപ്പെടുത്തി അക്രമിയെ നിരായുധനാക്കിയ അഹമ്മദിന് വെടിയേറ്റിരുന്നു. നിരവധി ശതകോടീശ്വരന്‍മാര്‍ അദ്ദേഹത്തിന് ഉദാരമായ സഹായം നല്‍കിയിരുന്നു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആശുപത്രിയിലെത്തി ആദരിച്ചിരുന്നു. സിറിയക്കാരനായ അഹമ്മദിന്റെ നാട്ടിലും അദ്ദേഹം ഒരു ഹീറോയായി മാറിയിരിക്കുകയാണ്. 15 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ, അക്രമിയില്‍ നിന്ന് റൈഫിള്‍ ബലമായി പിടിച്ചുവാങ്ങിയാണ് അഹമ്മദ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കിയത്. മല്‍പിടുത്തത്തിനിടയില്‍ അഹമ്മദിന് കൈയ്ക്കും തോളിലുമായി അഞ്ചോളം തവണ വെടിയേറ്റു. നിലവില്‍ സിഡ്നിയിലെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.
അഹമ്മദിനെ സഹായിക്കുന്നതിനാണ് ക്രൗഡ് ഫണ്ടിംഗ് നടത്തിയത്. അമേരിക്കന്‍ ശതകോടീശ്വരന്‍ ബില്‍ അക്ക്മാന്‍ ഒറ്റയ്ക്ക് 99,000 ഓസ്‌ട്രേലിയന്‍ ഡോളറാണ് നല്‍കിയത്. ജൂത സമൂഹത്തില്‍ നിന്നും വലിയ തോതിലുള്ള പിന്തുണ അഹമ്മദിന് ലഭിക്കുന്നുണ്ട്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലുള്ള അല്‍-നൈറബ് എന്ന ഗ്രാമത്തില്‍ നിന്നും 2007-ലാണ് അഹമ്മദ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. സിറിയയില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സിഡ്നിയില്‍ പച്ചക്കറി കട നടത്തുകയായിരുന്നു. അപകടം കണ്ടപ്പോള്‍ ഒളിച്ചോടുന്നതിന് പകരം കാറുകള്‍ക്ക് പിന്നില്‍ മറഞ്ഞുനിന്ന അഹമ്മദ്, അക്രമിക്ക് പിന്നിലൂടെ ഓടിയെത്തി തോക്ക് തട്ടിയെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ധീരതയെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആശുപത്രിയിലെത്തി അഭിനന്ദിച്ചു.
ഓരോ ഓസ്‌ട്രേലിയക്കാരനും വേണ്ടി ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു, നിങ്ങള്‍ ഒരു തികഞ്ഞ ഹീറോയാണ്' എന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. അഹമ്മദിന്റെ പ്രതിമ സ്ഥാപിക്കണം എന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ചില വ്യക്തികള്‍ക്ക് വേണ്ടിയും ഇപ്പോള്‍ ധനസമാഹരണം നടക്കുന്നുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയായ സാജിദ് അക്രം വെടിയേറ്റ് മരിച്ചു. ഗുരുതരമായ പരിക്കുകളോടെ മകന്‍ നവീദിനെ പോലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാള്‍ കോമാസ്റ്റേജില്‍ കഴിയുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇയാളുടെ പേരില്‍ 15 പേരെ വധിച്ച കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്.
