'പെണ്‍കുട്ടികളെ അയക്കാം; ഒരു പെണ്‍കുട്ടിക്ക് 1000 ഡോളറാണ് ചോദിക്കുന്നത്'; ബില്‍ ഗേറ്റ്‌സ് മുഖം മറച്ച യുവതിക്കൊപ്പം നില്‍ക്കുന്ന ചിത്രവും; നോം ചോംസ്‌കിയും സെര്‍ജി ബ്രിനും വുഡി അലനും സ്റ്റീവ് ബാനോനുമടക്കം ചിത്രങ്ങളില്‍; അതീവ ദുരൂഹമായ കുറിപ്പും; കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്
വാഷിങ്ടണ്‍ ഡിസി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിനും പീഡനത്തിനും ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ പുറത്ത് വിട്ട് ഡെമോക്രാറ്റ് വിഭാഗം. നീതി ന്യായ വകുപ്പ് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്ത് വിടാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് 68 ഫോട്ടോകള്‍ കൂടി പുറത്ത് വന്നത്. മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകകോടീശ്വരന്മാരിലൊരാളുമായ ബില്‍ ഗേറ്റ്‌സ്, ഗൂഗിള്‍ സഹ സ്ഥാപകന്‍ സെര്‍ജി ബ്രിന്‍, ന്യൂയോര്‍ക്ക് ടൈംസിലെ കോളം എഴുത്തുകാരനായ ഡേവിഡ് ബ്രൂക്ക്‌സ് എന്നിവരുടെ ചിത്രങ്ങളാണ് വ്യാഴാഴ്ച പുറത്ത് വന്നത്. ചലചിത്ര നിര്‍മ്മാതാവ് വുഡി അലന്‍, പ്രശസ്ത ചിന്തകന്‍ നോം ചോസ്‌കി, സ്റ്റീവ് ബാനോന്‍ എന്നിവരടക്കമുള്ളവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. അമേരിക്കന്‍ സെനറ്റിന്റെ ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങളാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഒരാഴ്ച മുന്‍പ് ഡൊണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍, ലോറന്‍സ് സമ്മേഴ്‌സ് അടക്കമുള്ളവര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഒരാഴ്ച മുന്‍പ് പുറത്ത് വന്നിരുന്നു. ഹൗസ് ഡെമോക്രാറ്റ് കമ്മിറ്റിയില്‍ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് 95000 ചിത്രങ്ങളാണ് പുറത്ത് വന്നത്. സമൂഹത്തിലെ വിവിധ മേഖലയിലെ ആളുകളുമായി ജെഫ്രി എപ്സ്റ്റീനുള്ള ബന്ധം വിശാലമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന ചിത്രങ്ങളിലേറെയും. യുവതിക്കൊപ്പം എപ്‌സ്‌റ്റൈന്‍ എസ്റ്റേറ്റില്‍ നില്‍ക്കുന്ന ബില്‍ഗേറ്റ്‌സ് ഉള്‍പ്പടെയുള്ള പ്രമുഖരുടെ 68 ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബില്‍ഗേറ്റ്‌സിനൊപ്പമുള്ള യുവതിയുടെ മുഖം മറച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ആളുകളുടെ പാസ്‌പോര്‍ട്ടിന്റെയും തിരിച്ചറിയല്‍ രേഖകളുടെയും ചിത്രങ്ങളും പുറത്തുവിട്ടവയിലുണ്ട്. യുക്രെയ്ന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യുവതികളുടെ വിവരങ്ങളാണ് കൂടുതലും. പുറത്തുവിട്ട പല ചിത്രങ്ങളിലെയും യുവതികളുടെ മുഖങ്ങള്‍ മറച്ചിട്ടുണ്ട്.
ഇതോടൊപ്പം, സ്ത്രീകളെ കൈമാറ്റം ചെയ്യുന്ന തരത്തിലുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവിട്ടവയിലുണ്ട്. 'പെണ്‍കുട്ടികളെ അയക്കാം' എന്നും 'ഒരു പെണ്‍കുട്ടിക്ക് 1000 ഡോളറാണ് ചോദിക്കുന്നത്' എന്നും ചാറ്റില്‍ പറയുന്നുണ്ട്. 'ആരെങ്കിലുമൊക്കെ 'ജെ' യ്ക്ക് അനുയോജ്യമായിരിക്കും' എന്നും ചാറ്റില്‍ പറയുന്നു. പെണ്‍കുട്ടികളുടെ വ്യക്തിവിവരങ്ങളും പങ്കുവയ്ക്കുന്നുണ്ട്. നോം ചോംസ്‌കി ജെഫ്രി എപ്സ്റ്റീനൊപ്പം ഒരു വിമാനത്തില്‍ ഇരിക്കുന്നതു പോലെയുള്ള ചിത്രമാണ് പുറത്തുവന്നത്. ബില്‍ ഗേറ്റ്‌സ് ഒരു യുവതിക്കൊപ്പം നില്‍ക്കുന്ന ചിത്രവും. യുവതിയുടെ മുഖം മറച്ചിട്ടുണ്ട്. ഇതുകൂടാതെ, സിനിമാ സംവിധായകന്‍ വൂഡി അലന്‍, ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനോണ്‍ എന്നിവരും ചിത്രങ്ങളിലുണ്ട്. പുറത്തുവിട്ട ചിത്രങ്ങളില്‍ അക്രമമോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും എപ്സ്റ്റീന് യുഎസിലെ വിവിധ തുറകളിലെ ഉന്നതരുമായുള്ള അടുത്ത ബന്ധം കാണിക്കുന്നതാണ്. നേരത്തെ പുറത്തുവിട്ട ചിത്രങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു.
എപ്സ്റ്റീന്‍ എസ്റ്റേറ്റില്‍ നിന്ന് ലഭിച്ച 95,000ത്തോളം ഫോട്ടോകളാണ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ പക്കലുള്ളത്. കൂടുതല്‍ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് കമ്മിറ്റി പറയുന്നു. എപ്സ്റ്റീന്‍ കേസിലെ അതീവ രഹസ്യമായ രേഖകള്‍ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കന്‍ സെനറ്റ് നേരത്തെ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഫയലുകള്‍ പുറത്തുവിടാനുള്ള ബില്ലില്‍ ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. പ്രമുഖ വ്യക്തികള്‍ക്കായി ലൈംഗിക പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ടയാളാണ് ജെഫ്രി എപ്സ്റ്റീന്‍. ലൈംഗികവൃത്തിക്കായി കുട്ടികളെ കടത്തിയതിന് അറസ്റ്റിലായ എപ്സ്റ്റീനെ 2019 ജൂലൈയില്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
'ജെ' യ്ക്ക് പറ്റുമായിരിക്കും'
ജെഫ്രി എപ്സ്റ്റീന്‍ എന്ന കോടീശ്വരനെക്കുറിച്ച് 2005ല്‍ ആണ് പരാതികള്‍ ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍ മക്കളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കി എന്നായിരുന്നു ലഭിച്ച പരാതി. അന്വേഷിച്ച് ചെന്ന പൊലീസിന് പരാതിയെ സാധൂകരിക്കുന്ന തെളിവുകളും കിട്ടി. പിന്നാലെ പരാതികളുടെ എണ്ണം കൂടി. കേസ് അട്ടിമറിക്കാനുള്ള ചില ശ്രമങ്ങളും നടന്നു. 2006 ല്‍ എപ്സ്റ്റീന്‍ അറസ്റ്റിലായി. 2009ല്‍ മോചിതനായെങ്കിലും 2019ല്‍ പിന്നെയും അറസ്റ്റിലായി. 2021 -ല്‍ കൂട്ടുപ്രതി ഗിസ്ലെയ്‌നും അറസ്റ്റിലായി. എപ്സ്റ്റീനെതിരായ പരാതിക്കാരില്‍ പ്രമുഖയായിരുന്നു വിര്‍ജീനിയ ജുഫ്രേ. ഇവര്‍ കോടതിയിലും എപ്സ്റ്റീനെതിരെ മൊഴി നല്‍കി. പക്ഷേ, 2025 ഏപ്രിലില്‍ ഇവര്‍ ആത്മഹത്യ ചെയ്തു. 2019ല്‍ എപ്സ്റ്റീനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീന്റെ പെണ്‍സുഹൃത്തായ മാക്സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
പുറത്തുവന്ന ചിത്രങ്ങളിലൊന്നും തന്നെ നിയമവിരുദ്ധ പ്രവര്‍ത്തികളുടെ വിവരങ്ങളോ അടയാളങ്ങളോ ഇല്ല. എന്നാല്‍ ഇക്കൂട്ടത്തിലെ ചെറിയ കുറിപ്പ് ഏറെ ദുരൂഹമാണ്. പെണ്‍കുട്ടികളെ ആയിരം ഡോളറിന് എത്തിക്കുന്നത് സംബന്ധിച്ചാണ് ഈ കുറിപ്പ്. 'എന്റെയൊരു സുഹൃത്ത് കുറച്ച് പെണ്‍കുട്ടികളെ അയച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആളൊന്നിന് 1000 ഡോളര്‍ വച്ചാണ് അവള്‍ ചോദിച്ചിരിക്കുന്നത്. ആ പെണ്‍കുട്ടികളെ ഞാന്‍ നിന്റെ അടുത്തേക്ക് അയയ്ക്കാം. അവരില്‍ ആരെങ്കിലും 'ജെ' യ്ക്ക് പറ്റുമായിരിക്കും' എന്നാണ് കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഈ സന്ദേശം ആര്, ആരോടാണ് പറഞ്ഞതെന്നോ ആര്‍ക്ക് വേണ്ടിയാണ് പെണ്‍കുട്ടികളെ എത്തിച്ചതെന്നോ വിശദാംശങ്ങള്‍ ഈ കുറിപ്പില്‍ നിന്ന് വ്യക്തമല്ല. ഫയലുകള്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി ഡമോക്രാറ്റുകള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അങ്ങേയറ്റം സുതാര്യതയോടും സത്യസന്ധതയോടുമാണ് ഫയലുകള്‍ പുറത്ത് വിടുന്നതെന്നാണ് ട്രംപ് അനുകൂലികള്‍ വാദിക്കുന്നത്. എപ്‌സ്‌റ്റൈന്‍ ഫയലുകള്‍ പുറത്തുവിടാന്‍ നീതിന്യായ വകുപ്പ് തീരുമാനിച്ചത് ഒരുമാസം മുന്‍പാണ്.
