'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യം; ചില കുറ്റവാളികളെ ഒഴിവാക്കുന്നു; പ്രധാന പ്രതികളുടെ അറസ്റ്റില്‍ അലംഭാവം; ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച; എസ്‌ഐടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലെ വീഴ്ചയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. എ. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്ക് ക്രിമിനല്‍ ഉത്തരവാദിത്തം ഉണ്ടെന്നും കെ.പി. ശങ്കര്‍ദാസിലേക്കും എന്‍. വിജയകുമാറിലേക്കും അന്വേഷണം പോകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ട തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൂട്ടായ തീരുമാനമായിരുന്നു. അന്നത്തെ, 2019-ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍. വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും കോടതി ചോദിച്ചു.
പത്മകുമാറിനെ പോലെ തന്നെ ഈ രണ്ട് ബോര്‍ഡ് മെമ്പര്‍മാരും കുറ്റകൃത്യത്തില്‍ ഒരേപോലെ പങ്കാളികളാണ്. ഇതില്‍ പത്മകുമാറിനെതിരെ മാത്രമാണ് നടപടി ഉണ്ടായിട്ടുള്ളത്. മറ്റ് രണ്ടുപേര്‍ക്കെതിരെയും എന്തുകൊണ്ട് നടപടി എടുത്തില്ല. അവരെ കാര്യമായി ചോദ്യംചെയ്തതായും രേഖകളില്‍ കാണാന്‍ സാധിക്കുന്നില്ല. അത് അന്വേഷണത്തിലെ വലിയ പോരായ്മയായി കോടതി ചൂണ്ടിക്കാണിക്കുന്നു. പ്രതികളുടെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജഡ്ജി ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന്‍ ഈ വിഷയങ്ങള്‍ പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. എസ്ഐടിയുടെ അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സംശയനിഴലിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഹൈക്കോടതി.
ചില കുറ്റവാളികളെ ഒഴിവാക്കുന്നുവെന്ന സംശയമാണ് ഹൈക്കോടതി ഉന്നയിച്ചത്. ബോര്‍ഡ് മെമ്പര്‍മാരായിരുന്ന വിജയകുമാര്‍ ,ശങ്കര്‍ദാസ് എന്നിവരെ അറസ്റ്റ് ചെയ്യാത്തതിലാണ് കോടതിയക്ക് ആശ്ചര്യം. കേസ് സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്. വിജയകുമാറിനെയും ശങ്കരദാസിനെയും പ്രതി ചേര്‍ക്കാത്തതിലും കോടതി ചോദ്യമുന്നയിച്ചു. വന്‍ തോക്കുകള്‍ ഒഴിവാക്കപെടരുത് എന്ന് കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 5 ന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ല. അന്വേഷണത്തിലെ മെല്ലപോക്കില്‍ ഹൈകോടതി സംശയം പ്രകടിപ്പിച്ചു.
ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അത് നശിപ്പിക്കാന്‍ കൂട്ടു നിന്നും. സംരക്ഷകര്‍ തന്നെ വിനാശകരായി മാറുകയാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമല സ്വര്‍ണക്കവര്‍ച്ചാകേസുകളിലെ പ്രതികളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു , ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് പുറത്തുവന്നത്. കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവെ നേരത്തെയും ഹൈക്കോടതി കടുത്ത നിലപാട് കൈക്കൊണ്ടിരുന്നു.
നേരത്തെ രണ്ട് മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് ഉണ്ടായിരുന്നു, അതില്‍ ഒന്ന് ദേവസ്വം ബോര്‍ഡിന്റെ സെക്രട്ടറി ആയിരുന്ന ജയശ്രീയുടെ കാര്യത്തിലും എസ്. ശ്രീകുമാറിന്റെ കാര്യത്തിലുമായിരുന്നു. ഇത് തള്ളിക്കൊണ്ട്, ഇരുവര്‍ക്കുമെതിരെ അടിയന്തിര നടപടി എടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. അത് വൈകിയതിലും കോടതി പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കടുത്ത വിമര്‍ശനം
ഒരു പുണ്യ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിലും തിരുവാഭരണങ്ങളിലും പതിപ്പിച്ചിരുന്ന സ്വര്‍ണ്ണം അധികാരികള്‍ തന്നെ ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന ആരോപണം കേട്ടുകേള്‍വിയില്ലാത്തതും ഗൗരവകരവുമാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കേസിനാസ്പദമായ സംഭവങ്ങള്‍ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ മതപരമായ വികാരങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അത് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു. സംരക്ഷകര്‍ തന്നെ വിനാശകരായ അവസ്ഥയെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയത് (protectors become the destroyers) സ്വര്‍ണ്ണം പൂശിയ നിലയിലുണ്ടായിരുന്ന ദ്വാരപാലക വിഗ്രഹങ്ങളും കട്ടിളകളും വെറും ചെമ്പ് പാളികളാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വര്‍ണ്ണം തട്ടിയെടുക്കാനുള്ള ബോധപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. ദേവസ്വം മാനുവല്‍ പ്രകാരം സ്വര്‍ണ്ണ ഉരുപ്പടികള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട കര്‍ശനമായ നിയമങ്ങള്‍ (അളവ് തൂക്കം പരിശോധിക്കുക, സ്മിത്തിനെ നിയമിക്കുക തുടങ്ങിയവ) പ്രതികള്‍ ലംഘിച്ചുവെന്നും ജാമ്യം തള്ളിയുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയ സ്വര്‍ണ്ണ വേട്ട നടക്കില്ലെന്നും, അന്വേഷണം വന്‍ സ്രാവുകളിലേക്ക് (big guns) നീളണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തില്‍ വിവേചനം കാണിക്കരുതെന്നും ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തിയുണ്ടെന്നും കോടതി വിമര്‍ശിച്ചു. അഴിമതി സമൂഹത്തെ ബാധിക്കുന്ന ക്യാന്‍സറാണെന്നും ഇത്തരം കേസുകളില്‍ കോടതികള്‍ സമാന്തരമായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം. പ്രതികള്‍ സ്വാധീനശക്തിയുള്ള മുന്‍ ദേവസ്വം ഉദ്യോഗസ്ഥരായതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയാക്കുമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അന്വേഷണ പരിധിയില്‍ നിന്ന് ചില കുറ്റവാളികളെ ഒഴിവാക്കുകയാണോയെന്നും കോടതി ചോദിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരുടെ പങ്കാളിത്തം കൂടി അന്വേഷിക്കേണ്ടതല്ലെയെന്നും കോടതി ചോദിച്ചു. വിജയകുമാറിനെയും ശങ്കരദാസിനെയും എന്തുകൊണ്ട് പ്രതി ചേര്‍ക്കുന്നില്ലെന്നും കോടതി ചോദിച്ചു. പഴുതടച്ച അന്വേഷണം വേണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
