എന്റെ 'വിത്ത്' വേണോ? പണം ഞാന്‍ തരാം! 100 മക്കളുടെ തന്തയായ ടെലഗ്രാം മുതലാളിയുടെ വമ്പന്‍ ഓഫര്‍; 38 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ഐവിഎഫ് ചികിത്സ സൗജന്യമായി നല്‍കും; ലോകത്തെ ഞെട്ടിച്ച് ശതകോടീശ്വരന്റെ 'ബീജദാന'പരസ്യം!
ലോകത്തെ പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന്റെ സ്ഥാപകന്‍ പാവല്‍ ദുറോവ് വീണ്ടും ലോകത്തെ ഞെട്ടിക്കുകയാണ്. ഇത്തവണ ഒരു സാങ്കേതിക വിദ്യയുടെ പേരിലല്ല, മറിച്ച് തന്റെ 'വിത്തു' വിതരണത്തിന്റെ പേരിലാണ് ഈ 41-കാരനായ റഷ്യന്‍ ശതകോടീശ്വരന്‍ വാര്‍ത്തകളില്‍ നിറയുന്നത്. തന്റെ ബീജം സ്വീകരിച്ച് കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്ന, 38 വയസ്സില്‍ താഴെയുള്ള ഏതൊരു സ്ത്രീക്കും ഐ.വി.എഫ് ചികിത്സയ്ക്കുള്ള മുഴുവന്‍ ചിലവും താന്‍ വഹിക്കാമെന്നാണ് ദുറോവിന്റെ പുതിയ വാഗ്ദാനം.
നിലവില്‍ തന്നെ 100-ലധികം കുട്ടികളുടെ ജൈവിക പിതാവാണ് താനെന്നാണ് ദുറോവ് അവകാശപ്പെടുന്നത്. കഴിഞ്ഞ 15 വര്‍ഷമായി നടത്തിവരുന്ന ബീജദാനത്തിലൂടെ 12 രാജ്യങ്ങളിലായി നൂറിലധികം ദമ്പതികള്‍ക്ക് കുട്ടികളുണ്ടാകാന്‍ താന്‍ കാരണമായെന്നും അദ്ദേഹം പറയുന്നു. ലോകമെമ്പാടും പുരുഷന്മാരുടെ ബീജത്തിന്റെ ഗുണനിലവാരം കുറഞ്ഞുവരുന്നത് ഗൗരവകരമായ പ്രശ്നമാണെന്നും, തന്റെ പക്കലുള്ള 'ഹൈ ക്വാളിറ്റി' ബീജം ലോകത്തിന് നല്‍കുന്നത് തന്റെ പൗരധര്‍മ്മമാണെന്നുമാണ് ഇദ്ദേഹത്തിന്റെ വിചിത്രമായ വാദം.
ദുറോവിന്റെ ആസ്തി ഏകദേശം 17 ബില്യണ്‍ ഡോളറാണ് അതായത് ഒന്നര ലക്ഷം കോടി രൂപ. തന്റെ ബീജത്തിലൂടെ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും തന്റെ സ്വത്തില്‍ തുല്യ അവകാശമുണ്ടായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. താനുമായി ഡിഎന്‍എ പൊരുത്തം തെളിയിക്കാന്‍ സാധിക്കുന്ന ഏത് മകനും മകള്‍ക്കും ഭാവിയില്‍ തന്റെ സ്വത്തിന്റെ വിഹിതം നല്‍കുമെന്നാണ് ദുറോവ് പറയുന്നത്. ദുറോവിന്റെ ബീജത്തിന് വന്‍ ഡിമാന്‍ഡാണെന്നും നിരവധി സ്ത്രീകള്‍ ഇതിനായി ക്ലിനിക്കിനെ സമീപിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവിവാഹിതരായ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ പദ്ധതിയില്‍, ജനിതക വൈകല്യങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ചികിത്സ നല്‍കുന്നത്.
തന്റെ ഡിഎന്‍എ 'ഓപ്പണ്‍ സോഴ്സ്' ആക്കുമെന്നും ഇതിലൂടെ തന്റെ മക്കള്‍ക്ക് ഭാവിയില്‍ പരസ്പരം കണ്ടെത്താന്‍ കഴിയുമെന്നും ഈ ശതകോടീശ്വരന്‍ പറയുന്നു. തന്റെ മക്കളെല്ലാവരും മിടുക്കരും ബുദ്ധിയുള്ളവരുമായി വളരണമെന്ന് ആഗ്രഹിക്കുന്ന ദുറോവ്, ലോകത്തെ വന്ധ്യതാ പ്രശ്നങ്ങള്‍ക്ക് തന്റെ ജനിതക ഗുണങ്ങളിലൂടെ പരിഹാരം കാണാമെന്ന വല്ലാത്തൊരു ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ വര്‍ഷം മോസ്‌കോയിലെ ഒരു ക്ലിനിക്കില്‍ ഡുറോവിന്റെ ബീജം സൗജന്യമായി വാഗ്ദാനം ചെയ്യുന്ന ഒരു പരസ്യത്തിന് ഡസന്‍ കണക്കിന് സ്ത്രീകള്‍ മറുപടി നല്‍കിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
അദ്ദേഹം ഇനി നേരിട്ട് ബീജം ദാനം ചെയ്യുന്നില്ലെങ്കിലും, മുമ്പ് നല്‍കിയ ബീജങ്ങളുടെ സാമ്പിളുകള്‍ ആല്‍ട്രാവിറ്റ ക്ലിനിക്കില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുണ്ടാകാന്‍ പാടുപെടുന്ന ഒരു സുഹൃത്തിനെ സഹായിക്കാന്‍ വേണ്ടിയാണ് 2010 ല്‍ തന്റെ ബീജദാനം ആരംഭിച്ചതെന്ന് ഡുറോവ് പറഞ്ഞു.
