'ഗൂഢാലോചനയില്‍ പങ്കാളിയെന്ന കുറ്റം മാത്രം; സമാന ആരോപണം ഉണ്ടായ ദിലീപിനെ വെറുതെ വിട്ടു; അതേ ആനുകൂല്യം തനിക്കും ലഭിക്കണം'; നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദ് ചെയ്യണം; ഹര്‍ജിയുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍; അതിജീവിതയെ അപമാനിക്കുന്ന വീഡിയോ പണം വാങ്ങി പങ്കുവച്ചവരടക്കം അറസ്റ്റില്‍

Update: 2025-12-24 11:00 GMT

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍. എട്ടാം പ്രതിയായിരുന്ന ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും കിട്ടണമെന്നാണ് ആവശ്യം. വിചാരണ കോടതിയുടെ കണ്ടെത്തല്‍ ശരിയല്ലെന്നും കേസുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇയാളുടെ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. നിലവില്‍ കേസിലെ മൂന്നുപ്രതികളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. പ്രദീപ്, വടിവാള്‍ സലീം എന്നിവരാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ മറ്റു രണ്ടുപേര്‍. ഈ ഹര്‍ജിയില്‍ നാലാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതികളുടെ ശിക്ഷ 20 വര്‍ഷത്തില്‍ നിന്ന് ജീവപര്യന്തമാക്കണമെന്നും എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനിരിക്കുകയാണ് പ്രോസിക്യൂഷന്‍.

താന്‍ ഡ്രൈവര്‍ മാത്രമായിരുന്നെന്നും കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാര്‍ട്ടിന്റെ ഹര്‍ജി. കുറ്റകൃത്യം നടക്കുന്ന സമയത്ത് താന്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എട്ടാം പ്രതിയായ ദിലീപിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ തന്നെയാണ് തനിക്കെതിരെയും ചുമത്തിയിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന് കിട്ടിയ ആനുകൂല്യം തനിക്ക് കിട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നടി ആക്രമിക്കപ്പെട്ട വാഹനത്തില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നുമാണ് മാര്‍ട്ടിന്‍ ഹര്‍ജിയില്‍ പറയുന്നത്. സമാന ആരോപണം ഉണ്ടായ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടു. അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നാണ് മാര്‍ട്ടിന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിലെ പ്രതികളായ ചാര്‍ലി, ദിലീപ്, സുഹൃത്ത് ശരത്ത് എന്നിവരെ വെറുതേവിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിക്കലിനും തെളിവിലെന്ന് കോടതി പറഞ്ഞത്.

ദിലീപുള്‍പ്പെടെ കേസില്‍ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. പള്‍സര്‍ സുനി ഒന്നാംപ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ്, ചാര്‍ളി തോമസ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. നടന്‍ ദിലീപ് എട്ടാം പ്രതിയും സനില്‍കുമാര്‍ (മേസ്തിരി സനില്‍) ഒമ്പതാം പ്രതിയുമായിരുന്നു.ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, അന്യായ തടങ്കല്‍, തെളിവുനശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. തെളിവുനശിപ്പിക്കലിന് കൂട്ടുനിന്ന ദിലീപിന്റെ സുഹൃത്ത് ജി ശരത്ത് പത്താം പ്രതിയുമായിരുന്നു. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാര്‍ട്ടിന്റെ വീഡിയോ ഷെയര്‍ ചെയ്ത മൂന്നുപേര്‍ അറസ്റ്റിലായി. പണം വാങ്ങി വീഡിയോ പ്രചരിപ്പിച്ചവരുള്‍പ്പടെയാണ് അറസ്റ്റിലായതെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. വീഡിയോ ഷെയര്‍ ചെയ്ത നൂറിലേറെ സൈറ്റുകള്‍ പൊലീസ് ഇല്ലാതാക്കി. കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു

അതിജീവിതയെ അപമാനിക്കുന്ന വീഡിയോ പണം വാങ്ങി പങ്കുവച്ചവരുള്‍പ്പടെയാണ് അറസ്റ്റിലായത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ സ്വദേശികളെയാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ നകുല്‍ ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പു ചുമത്തിയായിരുന്നു അറസ്റ്റ്.

ഫേസ് ബുക്ക് പേജുകളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ മാര്‍ട്ടിന്റെ വീഡിയോ ഷെയര്‍ ചെയ്തു എന്ന ഗുരുതരമായ കണ്ടെത്തലും അന്വേഷണ സംഘത്തിനുണ്ട്. ഇതു കൂടാതെ വീഡിയോ ഷെയര്‍ ചെയ്ത നൂറിലേറെ സൈറ്റുകള്‍ അന്വേഷണ സംഘം ഇല്ലാതാക്കി. ഇരുനൂറിലേറെ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും വരും ദിവസങ്ങളില്‍ നടപടി തുടങ്ങുമെന്ന് അന്വേഷണ സംഘം അറിയിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെയാണ് കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ അതിജീവിതയെ അപമാനിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതിനെതിരെ അതിജീവിത തൃശൂര്‍ റേഞ്ച് ഡിഐജിക്ക് നല്‍കിയ പരാതി സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് കൈമാറിയിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ മാര്‍ട്ടിനെ പ്രതിയാക്കി കേസെടുത്തിരുന്നു. വിയ്യൂര്‍ ജയിലിലാണ് മാര്‍ട്ടിന്‍ ശിക്ഷ അനുഭവിക്കുന്നത്.

Tags:    

Similar News