രണ്ടാം കല്യാണം കഴിഞ്ഞ് ബംഗാളിലേക്ക് മുങ്ങി; 28 വര്‍ഷമായി ഒരു വിവരവുമില്ല! ഒടുവില്‍ മരിച്ചെന്ന് ഉറ്റവര്‍ ഉറപ്പിച്ചു; മുസാഫര്‍നഗറിനെ അമ്പരപ്പിച്ച് ഷെരീഫിന്റെ മാസ് എന്‍ട്രി; സത്യം അറിഞ്ഞപ്പോള്‍ തലയില്‍ കൈവെച്ച് ബന്ധുക്കള്‍; എസ്‌ഐആര്‍ നല്‍കിയ 'ട്വിസ്റ്റ്' ഇങ്ങനെ
മുസാഫര്‍നഗര്‍: മരിച്ചെന്ന് കരുതിയ വ്യക്തി 28 വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയതിന്റെ അമ്പരപ്പിലാണ് ബന്ധുക്കള്‍. ഉത്തര്‍ പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശിയായ ഷെരീഫാണ് ഖതൗലിയിലെ മൊഹല്ല ബല്‍ക്കറാമിലെ വീട്ടിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയത്. അതും എസ്ഐആറിനായി രേഖകളെടുക്കാനായിരുന്നു ഷെരിഫീന്റെ തിരിച്ചുവരവ്. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഷരീഫിനെ കാണാന്‍ ഉറ്റവരും നാട്ടുകാരും എത്തിച്ചേര്‍ന്നു.
ഷെരീഫിന്റെ ആദ്യഭാര്യ 1997-ല്‍ മരിച്ചിരുന്നു. ഇവരുടെ മരണ ശേഷം അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. രണ്ടാം ഭാര്യയുമായി പശ്ചിമ ബംഗാളിലേക്ക് താമസം മാറുകയും ചെയ്തു. കുറച്ചുകാലം, കുടുംബം ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ വഴി ബന്ധം തുടര്‍ന്നെങ്കിലും ക്രമേണ പരസ്പരമുള്ള എല്ലാ ആശയവിനിമയവും ഇല്ലാതായി. പിന്നീട് കുടുംബം പശ്ചിമ ബംഗാളില്‍ ഷെരീഫ് നല്‍കിയ വിലാസത്തില്‍ അദ്ദേഹത്തെ കണ്ടെത്താന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ ഷെരീഫ് മരിച്ചെന്ന് കുടുംബം കരുതി.
എന്നാല്‍ ഒടുവില്‍ ഷരീഫിനെ കണ്ടെത്താന്‍ കുടുംബത്തിന് രക്ഷയായത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എസ്ഐആര്‍ പ്രക്രിയയാണ്. എസ്ഐആര്‍ പ്രക്രിയയ്ക്കായി രേഖകള്‍ ആവശ്യമായി വന്നതോടെയാണ് ഒടുവില്‍ 28 വര്‍ഷങ്ങള്‍ക്കു ശേഷം ഷെരീഫ് ഖതൗലിയിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. മരിച്ചെന്നുകരുതിയ ഷെരീഫ് തിരിച്ചെത്തിയതു കണ്ട് ബന്ധുക്കളും നാട്ടുകാരും അക്ഷരാര്‍ഥത്തില്‍ ഞെട്ടി.
ഖരഗ്പുര്‍, അസന്‍സോള്‍ എന്നിവയുള്‍പ്പെടെ പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളില്‍ ഏകദേശം 15 മുതല്‍ 20 വര്‍ഷത്തോളം കുടുംബം ഷെരീഫിനെ തിരഞ്ഞെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ലെന്ന് ഇദ്ദേഹത്തിന്റെ അനന്തരവന്‍ മുഹമ്മദ് അക്ലിം പറഞ്ഞു. ഷെരീഫ് തിരിച്ചെത്തിയെന്ന വാര്‍ത്തയറിഞ്ഞ് ഏറെ ദൂരത്തുള്ള ബന്ധുക്കള്‍ പോലും അദ്ദേഹത്തെ കാണാന്‍ ഖതൗലിയിലെ വീട്ടിലെത്തി.
അതേസമയം സര്‍ക്കാര്‍ രേഖകള്‍ ആവശ്യമുള്ളതിനാല്‍ മാത്രമാണ് താന്‍ തിരിച്ചെത്തിയതെന്നും അവ എടുത്ത ശേഷം തിരികെ പോകുമെന്നും ഷെരീഫ് പറഞ്ഞു. ആവശ്യമായ രേഖകള്‍ ശേഖരിച്ച് ബന്ധുക്കളെ കണ്ട ശേഷം, ഷെരീഫ് ഇപ്പോള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങുകയും ചെയ്തു.
