പുരുഷനാകാന്‍ പോയി, അംഗീകാരമില്ലാത്ത മതകേന്ദ്രങ്ങളില്‍ നിന്നും തിരിച്ചെത്തിയത് 41 മൃതദേഹങ്ങള്‍! ദക്ഷിണാഫ്രിക്കയില്‍ പരമ്പരാഗത ആചാരത്തിന്റെ മറവില്‍ സുന്നത്ത് കര്‍മ്മം ജീവനെടുത്തു; കത്തുന്ന വെയിലത്ത് വെള്ളം പോലും നല്‍കാതെ ക്രൂരത; 16 വയസ് തികയാത്ത കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കളും കുടുങ്ങും!

Update: 2026-01-01 07:21 GMT

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പരമ്പരാഗത ദീക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ സുന്നത്തിന്റെ ഫലമായി കുറഞ്ഞത് 41 യുവാക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ ആഫ്രിക്കയിലെ വിവിധ വംശീയ വിഭാഗങ്ങള്‍ വര്‍ഷം തോറും അനുഷ്ഠിക്കുന്ന യുവാക്കള്‍ക്ക് പുരുഷത്വത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള ഒരു ചടങ്ങാണ് പരമ്പരാഗത ദീക്ഷ. ഷോസ, നെഡെബെലെ, സോതോ, വെന്‍ഡ സമൂഹങ്ങളിലാണ് പരമ്പരാഗത ചടങ്ങുകള്‍ നടക്കുന്നത്.

പരമ്പരാഗതമായി, യുവാക്കള്‍ മതപഠന കേന്ദ്രങ്ങളില്‍ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. അവര്‍ മുതിര്‍ന്നവരാകുമ്പോള്‍ സാംസ്‌കാരിക മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും പഠിപ്പിക്കുന്നു. പരമ്പരാഗത ദീക്ഷ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സുന്നത്ത് കര്‍മ്മം നടത്തുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തി ഇടപെടണം എന്ന ആവശ്യം ഈ സാഹചര്യത്തില്‍ ഉയരുകയാണ്. ഇത്തരം പാഠശാലകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന കാര്യം നിര്‍ബന്ധമാണ്. എന്നാല്‍ ഇത്തരം സ്ഥലങ്ങളിലാണ് നിരവധി മരണങ്ങള്‍ റിപ്പോര്‍ട്് ചെയ്യുന്നത്.

അതേ സമയം ഇത്തരം അംഗീകാരം ഇല്ലാത്ത സ്‌ക്കൂളുകളുടെ വ്യാപനം തടയാന്‍ ഇത് വരെ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. നിശ്ചിത കാലയളവിലേക്ക് തങ്ങളുടെ കുട്ടികളെ ഇത്തരം സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നതിന് മാതാപിതാക്കള്‍ പണം നല്‍കുന്നത് പതിവാണ്. ഇത് തന്നെയാണ് പലരേയും രജിസ്റ്റര്‍ ചെയ്യാത്ത പാഠശാലകള്‍ തുടങ്ങാന്‍ പ്രേരണയാകുന്നത്. സാധാരണയായി ഇനീദീക്ഷ നല്‍കുന്ന കാലയളവുകള്‍ ശൈത്യകാലത്തും വേനല്‍ക്കാലത്തുമാണ്.

ഇത്തരം മതപാഠശാലകള്‍ അവധി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷത്തെ വേനല്‍ക്കാല ദീക്ഷയില്‍ 41 യുവാക്കള്‍ മരിച്ചതായി ദക്ഷിണാഫ്രിക്കയുടെ പരമ്പരാഗത കാര്യ മന്ത്രി വെലന്‍കോസിനി ഹ്ലാബിസ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ കുട്ടികളുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയെ അദ്ദേഹം കുറ്റപ്പെടുത്തി. വേഗത്തില്‍ സുഖം പ്രാപിക്കുന്നതിന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക എന്നതാണ് യുവാക്കള്‍ക്ക് പലപ്പോഴും നല്‍കുന്ന തെളിയിക്കപ്പെടാത്ത ഉപദേശങ്ങളില്‍ ചിലതെന്ന് ഹ്ലാബിസ പറഞ്ഞു.

കിഴക്കന്‍ കേപ്പ് പ്രവിശ്യ ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഹോട്ട് സ്പോട്ടായി മാറിയിട്ടുണ്ട്. ആകെ 21 പേരാണ് ഇവിടെ ഇത്തരത്തില്‍ മരിച്ചത്. സംഭവങ്ങളുമായി ബന്ധപ്പെട്ട നാല്‍പ്പതിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രവേശം നല്‍കുന്നതിന് തെറ്റായ പ്രായം നല്‍കിയ മാതാപിതാക്കളും ഇവരില്‍ ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കന്‍ നിയമമനുസരിച്ച് 16 വയസ്സും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ക്ക് മാത്രമേ മാതാപിതാക്കളുടെ സമ്മതത്തോടെ പാഠശാലയില്‍ പ്രവേശനം നല്‍കാവൂ.

Tags:    

Similar News