മുടി ഒന്ന് മിനുക്കാന്‍ പോയ പെണ്‍കുട്ടി ഡയാലിസിസിലേക്ക്! ഈ സൗന്ദര്യ ചികിത്സ നിങ്ങളുടെ വൃക്ക തകര്‍ക്കും; മുടി സ്‌ട്രെയ്റ്റന്‍ ചെയ്ത 17-കാരിക്ക് ഗുരുതരമായ രോഗം; വില്ലനായത് ആസിഡ് കലര്‍ന്ന ക്രീമുകള്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി ഡോക്ടര്‍മാര്‍

Update: 2026-01-01 08:12 GMT

ജറുസലേം: മുടി സ്ട്രെയ്റ്റണ്‍ ചെയ്തതിനെ തുടര്‍ന്ന് വൃക്ക തകരാറിലായ 17 വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരെ സെഡെക് മെഡിക്കല്‍ സെന്ററില്‍ ഹെയര്‍ സ്ട്രെയിറ്റനിംഗ് ചികിത്സയ്ക്ക് വിധേയയായ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയെയാണ് ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒരു മാസം മുമ്പ് ഹെയര്‍ സ്ട്രെയിറ്റനിംഗ് മൂലമുണ്ടായ വൃക്ക തകരാര്‍ 25 വയസ്സുള്ള മറ്റൊരു സ്ത്രീക്കും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഛര്‍ദ്ദി, തലകറക്കം, കടുത്ത തലവേദന എന്നിവയാല്‍ ബുദ്ധിമുട്ടുന്ന പെണ്‍കുട്ടിയെ പീഡിയാട്രിക് വിഭാഗത്തില്‍ ദിവസങ്ങളോളം പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ വൃക്കകള്‍ തകരാറിലായതായി കണ്ടെത്തിയത്.

തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്ത അവര്‍ ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഔട്ട്പേഷ്യന്റ് ആയി ചികിത്സ തുടരും. 2023-ല്‍ ആശുപത്രിയിലെ നെഫ്രോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായ പ്രൊഫ. ലിന്‍ഡ ഷാവിറ്റും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫിസിഷ്യനായ ഡോ. അലോണ്‍ ബെനായയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, 14 മുതല്‍ 58 വയസ്സ് വരെ പ്രായമുള്ള 26 സ്ത്രീകള്‍ ഇത്തരത്തില്‍ ഗുരുതരമായ വൃക്ക തകരാറുമായി രാജ്യത്തുടനീളമുള്ള അടിയന്തര വിഭാഗങ്ങളില്‍ എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഗ്ലയോക്‌സിലിക് ആസിഡ് അടങ്ങിയ മുടി നേരെയാക്കല്‍ ചികിത്സകള്‍ക്ക് ഇവര്‍ എല്ലാവരും വിധേയരായിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഗ്ലയോക്‌സിലിക് ആസിഡ് അടങ്ങിയ ഡസന്‍ കണക്കിന് സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ആരോഗ്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. മുടി നേരെയാക്കല്‍ ഉല്‍പ്പന്നങ്ങള്‍ തലയോട്ടിയിലോ മുടിയുടെ വേരുകളിലോ നേരിട്ട് പ്രയോഗിക്കരുത്, മറിച്ച് അവയില്‍ നിന്ന് കുറഞ്ഞത് 1.5 സെന്റീമീറ്റര്‍ അകലം പാലിക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ, ഹെയര്‍ഡ്രെസ്സര്‍മാരും ഇതിന് വിധേയരാകുന്നവരും ഉല്‍പ്പന്നം ചൂടാക്കാതിരിക്കാനും നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മാത്രം പ്രവര്‍ത്തിക്കാനും ശ്രദ്ധിക്കണം എന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.

Tags:    

Similar News