കൊട്ടും കുരവയും താലിമാലയുമില്ല; ഭരണ ഘടന കൈമാറി പ്രതിജ്ഞ ചെയ്ത് വിവാഹിതരായി ശീതളും ജിതിനും: നെന്മാറ സബ് രജിസ്റ്റര്‍ ഓഫിസ് സാക്ഷിയായത് അധ്യാപികയുടേയും വില്ലേജ് ഉദ്യോഗസ്ഥന്റെയും വ്യത്യസ്തമായ വിവാഹത്തിന്
ഭരണ ഘടന കൈമാറി വിവാഹിതരായി ശീതളും ജിതിനും
പാലക്കാട്: വളരെ വ്യത്യസ്തമായ വിവാഹത്തിനാണ് നെന്മാറ സബ് രജിസ്ട്രാര്‍ ഓഫിസ് കഴിഞ്ഞ ദിവസം സാക്ഷിയായത്. കൊട്ടും കുരവയും ആള്‍ക്കൂട്ടത്തിന്റെ ബഹളവുമില്ലാതെ ലാളിത്യം നിറഞ്ഞ ഒരു വിവാഹം. ചെറുക്കന്‍ പെണ്ണിന് താലമാല അണിയിച്ചില്ല. വിവാഹ പുടവയോ മോതിരമോ കൈമാറിയില്ല. ഭരണഘടനയെ സാക്ഷി നിര്‍ത്തി പ്രതിജ്ഞ ചെയ്ത് ശീതളും ജിതിനും ഒരുമിച്ച് ജീവിത യാത്ര തുടങ്ങി.
ഇരുവരും ഒരേസ്വരത്തില്‍ ചൊല്ലി, 'നമ്മള്‍ ഇന്ത്യയിലെ രണ്ടു പൗരര്‍ എന്ന നിലയില്‍, വ്യക്തിപരമായ പരമാധികാരബോധ്യത്തോടെയും പരസ്പര സമ്മതത്തോടെയും ദാമ്പത്യബന്ധം തുടങ്ങുന്നു. ജനുവരി ഒന്നിന് ഈ ബന്ധത്തെ അംഗീകരിക്കുകയും ഭരണഘടനാ മൂല്യങ്ങളെ നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.' കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ പി.എസ്.ശീതളും അയിലൂര്‍ സ്വദേശിയായ ആര്‍.ജിതിന്‍ കൃഷ്ണയും തമ്മിലുള്ള വിവാഹത്തിനാണ് ബന്ധുക്കള്‍ക്കൊപ്പം ഭരണഘടനയും സാക്ഷിയായി.
പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ശീതള്‍ ഭരണഘടനാസാക്ഷരതാ രംഗത്തു പ്രവര്‍ത്തിക്കുന്ന, കോണ്‍സ്റ്റിറ്റിയൂഷന്‍ ലിറ്ററസി കൗണ്‍സില്‍ എന്ന എന്‍ജിഒയുടെ പ്രവര്‍ത്തകയാണ്. ജിതിന്‍ പാലക്കാട് തേങ്കുറുശ്ശിയില്‍ വില്ലേജ് അസിസ്റ്റന്റാണ്. ഭരണഘടനാ മൂല്യങ്ങളുടെ പ്രചാരണത്തിനു വിവാഹം തന്നെ സന്ദേശമാകട്ടെ എന്ന ചിന്തയാണ് ഈ മാതൃകയ്ക്കു പിന്നിലെന്ന് ഇരുവരും പറയുന്നു. വിവാഹങ്ങള്‍ ആഡംബരമാകുന്ന ഈ കാലത്ത് വളരെ വ്യത്യസ്തമായ വിവാഹം നടത്തി മാതൃകയായിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍.