'സഖാവേ, ദേശാഭിമാനിയിലും 'ചന്ദ്രിക' അച്ചടിച്ചിട്ടുണ്ട്; 'കുരുടനെ വഴികാട്ടുന്ന കുരുടന്‍' എന്ന എന്റെ ലേഖനം വള്ളി പുള്ളി വിസര്‍ഗ്ഗം വിടാതെ പ്രസിദ്ധീകരിച്ചു'; മുസ്ലീം ലീഗും ബിജെപിയും തമ്മിലുള്ള അന്തര്‍ ധാരയെന്ന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ പരിഹാസത്തിന് മറുപടിയുമായി കെഎന്‍എ ഖാദര്‍
കണ്ണൂര്‍: മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ കണ്ണൂര്‍ എഡിഷനില്‍ അബദ്ധത്തില്‍ അച്ചടിച്ച് വന്നതില്‍ മുസ്ലീം ലീഗും ബിജെപിയും തമ്മിലുള്ള അന്തര്‍ ധാരയെന്ന് പരിഹസിച്ച മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന് മറുപടിയുമായി ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. ജന്മഭൂമിയില്‍ ചന്ദ്രിക ദിനപത്രത്തിന്റെ മുഖപ്രസംഗം അടങ്ങിയ പേജ് ഇന്നലെ അച്ചടിച്ചതിന് പിന്നാലെയാണ് മുമ്പ് ദേശാഭിമാനിയില്‍ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ച ചരിത്രം ചൂണ്ടിക്കാട്ടി കെഎന്‍എ ഖാദര്‍ രംഗത്ത് വന്നത്. പത്രം അച്ചടിക്കുന്നതിനുള്ള പ്ലേറ്റ് മേക്കിംഗിലുണ്ടായ അബദ്ധം മൂലമാണ് ജന്മഭൂമിയില്‍ ചന്ദ്രിക പത്രത്തിന്റെ പേജ് അച്ചടിച്ചുവന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം.
2010 ഡിസംബര്‍ 29ന് ഗള്‍ഫ് ദേശാഭിമാനിയില്‍ ചന്ദ്രികയുടെ പേജ് അച്ചടിച്ചു വന്ന ചരിത്രം കെഎന്‍എ ഖാദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അന്ന് സിപിഎമ്മിനെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ചന്ദ്രികയില്‍ താനെഴുതിയ ലേഖനം ദേശാഭിമാനിയില്‍ വന്നിരുന്നു. 'കുരുടനെ വഴികാട്ടുന്ന കുരുടന്‍' എന്നായിരുന്നു ഖാദറിന്റെ ചന്ദ്രിക ലേഖനത്തിന്റെ തലക്കെട്ട്. ഈ ലേഖനം വള്ളി പുള്ളി വിസര്‍ഗം വിടാതെ ദേശാഭിമാനി പ്രസിദ്ധീകരിച്ചു. ഇതിന്റെ പേരില്‍ വലിയ വിവാദമുണ്ടായി. ലേഖനം പ്രസിദ്ധീകരിച്ച സമയത്ത് താന്‍ ബഹറിനില്‍ ഉണ്ടായിരുന്നു. മാര്‍ക്കറ്റില്‍ വില്‍ക്കാതിരുന്ന ദേശാഭിമാനി പത്രങ്ങള്‍ ഏജന്റുമാര്‍ തിരിച്ചെടുക്കുന്നത് കണ്ടിരുന്നതായി അദ്ദേഹം ഓര്‍മ്മിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ ജന്മഭൂമിയുടെ കണ്ണൂര്‍ എഡീഷന്‍ പത്രത്തിലാണ് ചന്ദ്രികയുടെ എഡിറ്റ് പേജ് അടിച്ചു വന്നത്. മുസ്ലീം ലീഗും ബിജെപിയും തമ്മിലുള്ള അന്തര്‍ ധാരയാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് കെഎന്‍എ ഖാദറിന്റെ കുറിപ്പ്. ജന്മഭൂമിയില്‍ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ചു വന്നിട്ടും ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊട്ടു തൊട്ടുനോക്കുക എങ്കിലും ചെയ്യുന്ന ഒരു വരി ആ എഡിറ്റോറിയല്‍ പേജില്‍ കാണുന്നില്ലല്ലോ എന്നതാണ് അത്ഭുതമെന്നും ഇതിനെയാണ് അന്തര്‍ധാരയെന്ന് പറയുന്നതെന്നും പി എം മനോജ് പരിഹസിച്ചു. പേജ് പങ്കുവെച്ച് ഫേസ്ബുക്കിലാണ് പരിഹാസം. ഇതിന് മറുപടിയുമായാണ് കെഎന്‍എ ഖാദര്‍ രംഗത്ത് വന്നത്.
കെഎന്‍എ ഖാദറിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ദേശാഭിമാനിയില്‍
ഒരു പേജ് ചന്ദ്രിക
2010 ഡിസംബര്‍ 29നു പ്രസിദ്ധീകരിച്ച ഗള്‍ഫ് ദേശാഭിമാനിയാണ് ചിത്രത്തില്‍ .ഇതില്‍ അന്നത്തെ ബഹറൈന്‍ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് മുഴുവന്‍ അടിച്ചു വന്നു .അന്ന്ഞാന്‍ അവിടെ ഉണ്ടായിരുന്നു ഈ ദേശാഭിമാനിയില്‍ 'കുരുടനെ വഴികാട്ടുന്ന കുരുടന്‍' എന്ന എന്റെ ലേഖനം വള്ളി പുള്ളി വിസര്‍ഗ്ഗം വിടാതെ പ്രസിദ്ധീകരിച്ചുഈ സംഭവങ്ങളെ തുടര്‍ന്ന് അവിടെ വലിയ വിവാദമുണ്ടായിഅവസാനം വിറ്റു പോയതിന്റെ ബാക്കി ദേശാഭിമാനി പത്ര കെട്ടുകള്‍ മുഴുവന്‍ അവര്‍ തിരിച്ചു കൊണ്ടു പോയി. അതിനു വേണ്ടി ഏജന്റുമാര്‍ കട കയറി നിരങ്ങുന്നതിനു ഞാനും അനേകം ബഹറൈന്‍ കെഎംസിസിക്കാരും സാക്ഷികളാണ് ദേശാഭിമാനിയില്‍ അന്നത്തെ ലേഖനം ശക്തമായ മാര്‍ക്സിസ്റ്റ് വിമര്‍ശനമായിരുന്നു ബഹറൈന്‍ കെഎംസിസി നേതാവ് ഹബീബാണ് ഇപ്പോള്‍ ഈ പത്രം ഇവിടെ എത്തിച്ചു തന്നത് അദ്ദേഹത്തോട് കടപ്പാട് അറിയിക്കുന്നുകഴിഞ്ഞ പതിനഞ്ചു വര്‍ഷം ഈ പത്രം പൊന്നു പോലെ സൂക്ഷിച്ച എന്റെ പ്രിയ സുഹൃത്ത് എപി ഫൈസലിനെ അഭിനന്ദിക്കുന്നു.
കെഎന്‍എ ഖാദര്‍
പി എം മനോജിന്റെ കുറിപ്പ് ഇങ്ങനെ:
അബദ്ധങ്ങള്‍ സ്വാഭാവികമാണ്. ഒരേ പ്രസ്സില്‍ നിന്ന് രണ്ടു പത്രം അച്ചടിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് അബദ്ധം പറ്റി പരസ്പരം പേജുകള്‍ മാറിപ്പോകുന്നത് അസംഭവ്യമായ കാര്യമൊന്നുമല്ല. കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്ന് പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തില്‍ എഡിറ്റോറിയല്‍ പേജ് ചന്ദ്രികയുടേതാണ്. ബാക്കി എല്ലാ പേജും ജന്മഭൂമിയുടേതും. ഒരു അബദ്ധം എന്ന് പറഞ്ഞ് അതിനെ സാധൂകരിക്കാന്‍ ഇരു പത്രങ്ങള്‍ക്കും പറ്റും. അത് അവര്‍ ചെയ്യട്ടെ. അതല്ല ഞാന്‍ പറയുന്നത്. ചന്ദ്രിക ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ മുഖപത്രമാണ്.
ജന്മഭൂമി ബിജെപിയുടേതും. ഒരു പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ആ പത്രത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയും അഭിപ്രായങ്ങളാണ് അച്ചടിച്ചു വരിക. ജന്മഭൂമിയില്‍ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ചു വന്നിട്ടും ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊട്ടു തൊട്ടുനോക്കുക എങ്കിലും ചെയ്യുന്ന ഒരു വരി ആ എഡിറ്റോറിയല്‍ പേജില്‍ കാണുന്നില്ലല്ലോ എന്നതാണ് അത്ഭുതം. അതായത് ചന്ദ്രികയുടെ എഡിറ്റോറിയല്‍ പോളിസി ബിജെപിക്ക് പരിപൂര്‍ണ്ണമായി ഏറ്റെടുക്കാവുന്ന ഒന്നാണ് എന്നര്‍ത്ഥം!
ഇതിനെയല്ലേ അന്തര്‍ധാര, അന്തര്‍ധാര എന്ന് പറയുന്നത്?
