90 ലക്ഷം ഫോളോവേഴ്സ്, ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലക്ഷങ്ങള്‍ പ്രതിഫലം! ബ്രാന്‍ഡ് ലോകം കീഴടക്കി ജെന്‍-സി സ്റ്റെല്‍ ഐക്കണ്‍; പ്രമുഖ ജ്വല്ലറി ബ്രാന്‍ഡിന്റെ മുഖമായി സാറാ ടെന്‍ഡുല്‍ക്കര്‍; സൈബര്‍ ആക്രമണങ്ങളെ പുല്ലുപോലെ തള്ളി താരപുത്രി
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളും സംരംഭകയുമായ സാറ ടെന്‍ഡുല്‍ക്കര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ പിഎന്‍ജി ലൈറ്റ്സ്‌റ്റൈലിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ദൈനംദിന ഉപയോഗത്തിനായി രൂപകല്‍പന ചെയ്തിരിക്കുന്ന മിനിമല്‍, ഫങ്ഷനല്‍ ആഭരണങ്ങളാണ് പിഎന്‍ജി ലൈറ്റ്സ്‌റ്റൈലിന്റെ പ്രത്യേകത. യുവ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ കടന്നുചെല്ലുന്നതിന്റെ ഭാഗമായാണ് സാറയെ ബ്രാന്‍ഡിന്റെ മുഖമായി അവതരിപ്പിക്കുന്നത്.
2025 ഡിസംബര്‍ മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് സാറയുമായുള്ള കരാറില്‍ കമ്പനി ഒപ്പിട്ടിരിക്കുന്നത്. പുണെയിലും ഗോവയിലുമാണ് പിഎന്‍ജി ലൈറ്റ്സ്‌റ്റൈലിന് നിലവില്‍ ഷോറൂമുകളുള്ളത്. 2028 ആകുമ്പോഴേയ്ക്കു ഇന്ത്യയിലുടനീളം പുതുതായി 50 സ്റ്റോറുകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ലൈറ്റ്‌സ്‌റ്റൈലുമായുള്ള പങ്കാളിത്തം ആവേശകരമായാണ് കാണുന്നെന്ന് സാറാ പ്രതികരിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി സാറ വാങ്ങുന്ന പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ 90 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ലുന്‍സര്‍കൂടിയാണ് സാറ. ബ്രാന്‍ഡുകളുമായി ചേര്‍ന്നുള്ള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് സാറ ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, ഓസ്‌ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി സാറയെ നിയമിച്ചിരുന്നു. സമൂഹമാധ്യമത്തില്‍ സജീവമായ സാറയെ ഒപ്പം ചേര്‍ക്കുന്നതിലൂടെ രാജ്യത്തിലേക്കു കൂടുതല്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണു ശ്രമം. 1140 കോടി രൂപ വരുന്ന ഓസ്ട്രേലിയയുടെ 'കം ആന്‍ഡ് സേ ഗുഡേ' എന്ന ടൂറിസം പദ്ധതിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായാണ് സാറയെ നിയമിച്ചത്.
യാത്രകളെ ഇഷ്ടപ്പെടുന്ന സാറ ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളില്‍ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധനേടിയിരുന്നു. പുതുമയുള്ള മേക്കോവറുമായാണ് ഓരോ തവണയും സാറ ആരാധകര്‍ക്ക് മുന്‍പിലെത്തുന്നത്. ലോകമെമ്പാടുമുള്ള ഫാഷന്‍ ആരാധകര്‍ സാറയുടെ പുതുമയുള്ള ഡ്രസിംഗും വെറൈറ്റി ആഭരണങ്ങളുമൊക്കെ ശ്രദ്ധിക്കാറുണ്ട്.
ഓസ്ട്രേലിയയില്‍ യാത്രപോയപ്പോഴുള്ള ഫോട്ടോകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. സ്പഗെറ്റി സ്ട്രാപ്പുകളും, തുറന്ന കഴുത്തുമുള്ള കറുത്ത നിറത്തിലുള്ള ഒരു ടാങ്ക് ടോപ്പ്, മറ്റൊരു ഫോട്ടോയില്‍ സോഫ്റ്റ് പിങ്ക് ട്യൂബ് ടോപ്പ്. അതിനൊപ്പം സ്വര്‍ണവും വെളളിയും ചേര്‍ന്ന വളകളും പച്ച നിറത്തിലുള്ള ക്ലോവര്‍ ലോക്കറ്റ് നെക്ലേസും കൂടെ ലൈറ്റായുള്ള മേക്കപ്പും അണിഞ്ഞായിരുന്നു സാറയുടെ സ്റ്റെല്‍ ലുക്കുകള്‍. സാറ ആദ്യമായല്ല യാത്രകളില്‍ പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കുന്നത്. മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം തന്റെ മേക്കോവറുകള്‍ പങ്കുവച്ചിട്ടുണ്ട്. ജന്‍ -സി സ്റ്റെല്‍ ഐക്കണായിട്ടാണ് പുതുതലമുറയിലെ പലരും സാറ ടെന്‍ഡുല്‍ക്കറെ കാണുന്നത്.
അതേ സമയം സാറാ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞ ദിസവം സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഗോവയില്‍ നിന്നുള്ള സാറയുടേയും സുഹൃത്തുക്കളുടേയും ഒരു വീഡിയോയാണ് ട്രോളുകള്‍ക്ക് കാരണം. ഗോവയിലെ ഒരു റോഡിലൂടെ നടന്നുപോകുന്ന സാറയുടെ കൈയില്‍ ഒരു കുപ്പി കാണാം. ഇത് ബിയര്‍ കുപ്പിയാണെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
'ഗോവന്‍ ബ്രോ' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ മൂന്ന് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ എപ്പോഴാണ് എടുത്തതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുതുവത്സരാഘോഷത്തിന് സാറ ഗോവയിലെത്തിയപ്പോള്‍ എടുത്ത വീഡിയോയാണ് ഇതെന്നും ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവകാശപ്പെടുന്നുണ്ട്. ഇതുവരെ 54 ലക്ഷം പേര്‍ കണ്ട ഈ വീഡിയോയ്ക്ക് താഴെ സാറയെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകളുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് തന്റെ സ്വപ്‌നങ്ങളുമായി മുന്നോട്ടു പോകുകയാണ് താരപുത്രി
