രണ്ട് മാസം മുമ്പ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയില്‍ പിഞ്ചുകുഞ്ഞിനെ ഇരുത്തി പാപ്പാന്റെ സാഹസം; ആനയുടെ അടിയിലൂടെ വലംവെച്ചു; ഹരിപ്പാട് ദേവസ്വം പാപ്പാന്റെ കയ്യില്‍ നിന്നും പിടിവിട്ട് കുഞ്ഞ് വീണത് ആനയുടെ കാലിന് മുന്നില്‍; ക്രൂരത മദ്യലഹരിയില്‍; ഞെട്ടിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ദേവസ്വം അധികൃതരും പൊലീസും
ഹരിപ്പാട്: ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്തി ദേവസ്വം പാപ്പാന്റെ സാഹസം. ഇതിനിടെ പാപ്പാന്റെ കൈയില്‍ നിന്ന് പിടിവിട്ട് ആനയുടെ കാലിന് മുന്നിലേക്കുവീണ കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഹരിപ്പാട് സുബ്രഹ്‌മണ്യക്ഷേത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. രണ്ടുമാസം മുമ്പ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയുടെ മുന്നിലായിരുന്നു സാഹസം. താല്‍ക്കാലിക പാപ്പാന്റെ കുഞ്ഞാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് വിവരം.
ക്ഷേത്രത്തിലെ ആനയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സാഹസിക പ്രവര്‍ത്തനം കണ്ടുനിന്ന ചിലരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുഞ്ഞുമായി ആനയുടെ അടിയിലൂടെ വലംവച്ചശേഷമാണ് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിച്ചത്. ഇതിനിടെയാണ് പിടിവിട്ട് കുഞ്ഞ് നിലത്ത് ആനയുടെ കാലിന് തൊട്ടുമുന്നിലായി വീണത്. എന്നാല്‍ ആന പ്രകോപിതനാകാത്തതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല.
ദേവസ്വം പാപ്പാനാണ് കുഞ്ഞുമായി ആനയുടെ അടിയിലൂടെ നടന്നത്. മദ്യലഹരിയിലായിരുന്നു കുഞ്ഞുമായി പാപ്പാന്റെ അഭ്യാസം. കുഞ്ഞിനെ ആനയുടെ കൊമ്പില്‍ ഇരുത്തുകയും ഇതിനിടെ കുഞ്ഞ് കൈയില്‍നിന്ന് വഴുതി ആനയുടെ അടിയിലേക്ക് വീഴുകയും ചെയ്തു. ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയുടെ പാപ്പാനായ കൊട്ടിയം അഭിലാഷ് ആണ് സാഹസം കാണിച്ചത്.
ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ ചോറൂണ് ഹരിപ്പാട് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍വെച്ച് നടത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയെ ആനത്താവളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇവിടെ എത്തിച്ച ശേഷമാണ് കുട്ടിയെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിച്ചതും ആനയുടെ അടിയില്‍കൂടി പാപ്പാന്‍ നടന്നതും. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന് പാപ്പാന്മാരായിരുന്നു ആനയ്ക്ക് ഉണ്ടായിരുന്നത്. ഇവര്‍ മൂന്നുപേരും മദ്യലഹരിയിലായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ രണ്ടു പാപ്പാന്മാരെ സ്‌കന്ദന്‍ ആക്രമിക്കുകയും ഇതില്‍ ഒരു പാപ്പാന്‍ മരിക്കുകയും ചെയ്തിരുന്നു. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. പാപ്പാനെ കൊന്നതിനെത്തുടര്‍ന്ന് മാസങ്ങളായി തളച്ചിട്ടിരിക്കുകയാണ് സ്‌കന്ദനെ. ഇതുവരെ ഇവിടെനിന്ന് ആനയെ മാറ്റിയിരുന്നില്ല. കെട്ടിയ സ്ഥലത്ത് തന്നെയാണ് ആനയ്ക്ക് ഭക്ഷണമടക്കം നല്‍കുന്നത്. ഈ ആനയുടെ അടുത്തേക്കാണ് പാപ്പാന്‍ കുട്ടിയുമായെത്തിയത്. കുഞ്ഞുമായി ആനയുടെ അടിയിലൂടെ പാപ്പാന്‍ വലംവെക്കുന്നതും തുമ്പികൈയില്‍ ഇരുത്തുന്നതിനിടെ കുഞ്ഞ് നിലത്ത് വീഴുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞ് ആനയുടെ കാലിനിടയിലേക്ക് വീഴുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ദേവസ്വം അധികൃതരും പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. കുറ്റക്കാര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പാപ്പാനും കുഞ്ഞിന്റെ രക്ഷിതാക്കള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കമെന്ന് സോഷ്യല്‍ മീഡിയയിലും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് കുഞ്ഞുങ്ങളുടെ പേടിമാറ്റാന്‍ ആനയുടെ അടിയിലൂടെ നടക്കുകയും തുമ്പിക്കൈയില്‍ ഇരുത്തുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ അപകട സാദ്ധ്യത വ്യക്തമായതാേടെ ഈ രീതി ഉപേക്ഷിച്ചിരുന്നു.
