850 രൂപയില്‍ നിന്ന് 15,000 രൂപ വാടകയിലേക്ക്; വിവാദങ്ങള്‍ക്കൊടുവില്‍ ശാസ്തമംഗലം വിട്ട് 'മേയര്‍ ബ്രോ'; വട്ടിയൂര്‍ക്കാവ് എംഎല്‍എ ഓഫീസ് ഇനി മരുതംകുഴിയില്‍
തിരുവനന്തപുരം: വെറും 850 രൂപ മാസവാടകയില്‍ ഏഴ് വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് ഒഴിഞ്ഞ് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത്. ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുമായുള്ള സ്ഥലപരിമിതി തര്‍ക്കവും രാഷ്ട്രീയ വാക്‌പോരും മുറുകുന്നതിനിടെയാണ്, കാലാവധി തീരാന്‍ അഞ്ച് മാസം ബാക്കിനില്‍ക്കെ എംഎല്‍എയുടെ അപ്രതീക്ഷിത പിന്മാറ്റം. മരുതംകുഴി ജംക്ഷനിലെ സ്വകാര്യ കെട്ടിടത്തില്‍ 15,000 രൂപ വാടകയ്ക്കാണ് പുതിയ ഓഫീസ് നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ശാസ്തമംഗലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എംഎല്‍എ ഓഫീസിനെതിരെ ബിജെപി കൗണ്‍സിലര്‍ ശ്രീലേഖ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. തന്റെ കൗണ്‍സിലര്‍ ഓഫീസിന് സൗകര്യം കുറവാണെന്നും എംഎല്‍എ ഓഫീസ് ഒഴിയണമെന്നും ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയിരുന്നു. എംഎല്‍എയുടെ ബോര്‍ഡിന് മുകളില്‍ കൗണ്‍സിലറുടെ പേരെഴുതിയ ബോര്‍ഡ് സ്ഥാപിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയതോടെ വിവാദം കത്തിപ്പടര്‍ന്നു.
അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനും വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഓഫീസ് മാറുന്നതെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു. ഭൂരിഭാഗം എംഎല്‍എമാരും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സൗജന്യമായി ഉപയോഗിക്കുമ്പോള്‍ താന്‍ വാടക നല്‍കിയാണ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് ഒന്‍ട്രപ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന് താഴെയുള്ള പുതിയ ഓഫീസിലേക്കാണ് ഓഫീസ് മാറ്റം.
കോണ്‍ഗ്രസും പ്രശാന്തിനെതിരെ രംഗത്തു വന്നിരുന്നു. ഓഫീസ് വിവാദം പിആര്‍ ഏജന്‍സികളുടെ 'ഇലക്ഷന്‍ സ്റ്റണ്ട്' ആണെന്നായിരുന്നു കെ. മുരളീധരന്റെ പരിഹാസം. അനധികൃതമായി കൈവശം വെച്ച ഓഫീസ് ഒഴിഞ്ഞത് നന്നായെന്നും മണ്ഡലത്തിലെ വികസനമാണ് ജനങ്ങള്‍ വിലയിരുത്തുകയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
