ബില്ലുകള്‍ മുക്കിയോ? കോടതി ചോദിച്ചിട്ടും കണക്കില്ല! അയ്യപ്പന്റെ പേരില്‍ പിരിച്ച കോടികളില്‍ കള്ളക്കളിയോ? ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കില്‍ ദുരൂഹത; ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകള്‍ സമര്‍പ്പിക്കാത്തതില്‍ ദേവസ്വം ബോര്‍ഡിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കിയപ്പോള്‍ വരവ്, ചെലവ് കണക്കുകള്‍ ഉള്‍പ്പെടെ 45 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എത്ര പേര്‍ പങ്കെടുത്തു, താമസ സൗകര്യം, സംഭാവന അടക്കം എല്ലാ കണക്കുകളും സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വീണ്ടും സമയം നീട്ടി ചോദിച്ചതാണ് അതൃപ്തിക്ക് ഇടയാക്കിയത്. മനഃപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും ബില്ലുകള്‍ ഓഡിറ്റ് ചെയ്തു കിട്ടുന്നതിലെ കാലതാമസം മൂലമാണ് വൈകുന്നതെന്നുമാണ് ദേവസ്വം ബോര്‍ഡ് കോടതിയെ ധരിപ്പിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കണക്ക് പൂര്‍ണമായും നല്‍കാത്തതിനാലാണ് ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്. ബോര്‍ഡ് പറയുന്ന വിശദീകരണത്തില്‍ തൃപ്തരല്ലെങ്കിലും ഒരു മാസം കൂടി ആവശ്യപ്പെട്ടത് അംഗീകരിക്കുന്നുവെന്ന് കോടതി പറഞ്ഞു. ഇനി ഒരു സാഹചര്യത്തിലും സമയം നീട്ടി നല്‍കില്ല. ഒരു മാസത്തിനുള്ളില്‍ കണക്കുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ കോടതി ഉത്തരവ് ലംഘിച്ചതിന് നടപടികള്‍ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
''ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ക്ക് സമര്‍പ്പിക്കാന്‍ വൈകുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നു. ഈ കാലതാമസത്തിന് ബോര്‍ഡ് പറയുന്ന വിശദീകരണത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. എങ്കിലും ഒരു മാസം കൂടി ആവശ്യപ്പെട്ടത് അംഗീകരിക്കുന്നു. ഇനി ഒരു സാഹചര്യത്തിലും സമയം നീട്ടി നല്‍കുന്നതല്ല. നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ കോടതി ഉത്തരവ് ലംഘിച്ചതിന് നടപടികള്‍ സ്വീകരിക്കും'' കോടതി വ്യക്തമാക്കി.
മനഃപൂര്‍വമായ കാലതാമസം വരുത്തിയിട്ടില്ലെന്നും ബില്ലുകള്‍ ഓഡിറ്റ് ചെയ്തു കിട്ടുന്നതിനലെ കാലതമാസം മൂലമാണ് വൈകുന്നതെന്നുമാണ് ദേവസ്വം ബോര്‍ഡ് കോടതിയെ ധരിപ്പിച്ചത്. ബില്ലുകളെല്ലാം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നല്‍കിയിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്തത തേടി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫയല്‍ തിരിച്ചയച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മുഴുവന്‍ ബില്ലുകളും സമര്‍പ്പിച്ചിട്ടില്ല എന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പറഞ്ഞത്. തുടര്‍ന്ന് ഇക്കാര്യം ഐഐഐസിയെ അറിയിച്ചു. അവര്‍ ഡിസംബര്‍ 23ന് കുറച്ചു ബില്ലുകള്‍ കൂടി നല്‍കിയിട്ടുണ്ട്. ഇത് അക്കൗണ്ടന്റിന്റെ പരിഗണനയിലാണെന്നും ബോര്‍ഡ് പറഞ്ഞു. തുടര്‍ന്നാണ് ഒരു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടത്.
സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പ സംഗമം നടന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ഇതിന് അനുമതി നല്‍കിക്കൊണ്ട് കോടതി നിര്‍ദേശിച്ചത് പരിപാടി കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍ പൂര്‍ണമായ കണക്ക് സമര്‍പ്പിക്കണമെന്നായിരുന്നു. എത്ര പേര്‍ പങ്കെടുത്തു, താമസ സൗകര്യം, സംഭാവന അടക്കം എല്ലാ കണക്കുകളും സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതി ഉപാധികളോട് അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് വീണ്ടും സമയം ചോദിച്ചതോടെ നവംബര്‍ 11ന് 45 ദിവസത്തെ സമയം കൂടി അനുവദിച്ചു. ഇതും അവസാനിച്ചിട്ടും കണക്കുകള്‍ സമര്‍പ്പിക്കാതെ വീണ്ടും സമയം നീട്ടി ചോദിച്ചതോടെയാണ് കോടതി ഇന്ന് അതൃപ്തി രേഖപ്പെടുത്തിയത്.
