രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി അഴിക്കുള്ളില്‍; മൂന്നാം ബലാത്സംഗക്കേസ് കുരുക്കായി; പാലക്കാട് എംഎല്‍എയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി; മാവേലിക്കര സബ്ജയിലിലേക്ക് മാറ്റും; വഴിയില്‍ പൊലീസ് വാഹനം തടഞ്ഞിട്ട് ബിജെപി - യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ റിമാന്‍ഡില്‍. പത്തനംതിട്ട മജിസ്ട്രേറ്റാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. രാഹുലിനെ മാവേലിക്കര ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. നേരത്തേ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് മടങ്ങവേ ഡിവൈഎഫ്‌ഐ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹമാണു ഉണ്ടായിരുന്നത്. രാഹുല്‍ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. ആശുപത്രിയിലേക്ക് കയറുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി.
പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത് മുതല്‍ മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കുന്നതുവരെ വഴിനീളെ രാഹുലിന് നേരെ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വൈദ്യപരിശോധനയ്‌ക്കെത്തിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനത്തതോടെ ആശുപത്രിയില്‍ നിന്ന് പുറത്തിറക്കാനാവാത്ത സ്ഥിതിയിലായിരുന്നു പൊലീസ്. എന്നാല്‍ കൂടുതല്‍ പൊലീസെത്തി രാഹുലിനെ കൊണ്ടുപോവുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ഒരു മണിക്കൂറായി ആശുപത്രിയില്‍ തുടരുകയായിരുന്നു രാഹുലും പൊലീസും. ആശുപത്രിയുടെ രണ്ടു ഗേറ്റുകളിലൂടെയും രാഹുലിനെ പുറത്തിറക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രി വളപ്പില്‍ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്പടിച്ചുനിന്നതാണ് പൊലീസിനെ പ്രതിസന്ധിയിലാക്കിയത്.
മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്. ഇന്നലെ അര്‍ദ്ധരാത്രി പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാഹുലിനെ ആറര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് വൈദ്യപരിശോധനക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. രാഹുലിനെ പുറത്തിറക്കാന്‍ കഴിയാത്ത വിധത്തില്‍ വാഹനം വളഞ്ഞാണ് പ്രതിഷേധക്കാര്‍ സംഘടിച്ചെത്തിയത്. സമരക്കാര്‍ രാഹുലിനെ കൂവിവിളിച്ചു. തുടര്‍ന്ന് ആശുപത്രി വളപ്പില്‍ തമ്പടിച്ചു. ഇതോടെ പുറത്തിറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് രാഹുലിനെ എസ്ഐടി പൂട്ടിയത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന മൊഴിയാണ് അതിജീവിത പൊലീസിന് നല്‍കിയിരിക്കുന്നത്. രാഹുല്‍ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നുമാണ് യുവതിയുടെ മൊഴി.
അതേസമയം രാഹുലിനെതിരെ കടുത്ത നടപടിക്ക് നിയമസഭ ഒരുങ്ങുന്നതായി സൂചന. അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടന്‍ തേടുമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീക്കര്‍ അറിയിച്ചു. ''പ്രിവിലേജ് കമ്മിറ്റിക്ക് വിഷയം അയക്കും. അയോഗ്യനാക്കണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടും. തുടര്‍ച്ചയായ പരാതികള്‍ രാഹുലിനെതിരെ വരുന്നത് ഗൗരവതരമാണ്. അറസ്റ്റിന്റെ വിശദാംശങ്ങള്‍ നിയമസഭയെ അറിയിക്കും'' സ്പീക്കര്‍ വ്യക്തമാക്കി.
