ഇറാനിയന്‍ പ്രക്ഷോഭത്തെ പിന്തുണച്ച് ലോകം എമ്പാടും പ്രതിഷേധം; ലണ്ടന്‍ എംബസിക്ക് മുന്‍പില്‍ നിന്ന് കൂറ്റന്‍ പ്രകടനം; പാരീസിലും ഇസ്താംബൂളിലും എത്തിയത് പതിനായിരങ്ങള്‍: അഞ്ഞൂറിലധികം പേരെ കൊന്നൊടുക്കിയും ആയിരങ്ങളെ ജയിലില്‍ അടച്ചും മുന്നേറുന്ന ഇറാനെ തീര്‍ക്കാന്‍ ഒരുമിച്ച് ലോക മനസാക്ഷി
ലണ്ടന്‍: പ്രതിഷേധങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഇന്നലെ ഞായറാഴ്ച ആയിരക്കണക്കിന് ആളുകള്‍ ലണ്ടനിലെ തെരുവുകളിലിറങ്ങി. ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അതി ക്രൂരമായി അടിച്ചമര്‍ത്തുകയാണ് ഭരണകൂടം എന്ന് ചൂണ്ടിക്കാണിച്ച പ്രതിഷേധക്കാര്‍, ഇതുവരെ 538 പേര്‍ കൊല്ലപ്പെട്ടു എന്നും പറഞ്ഞു. അതുകൂടാതെ 10,600 പേരെ തടവിലാക്കിയിട്ടുണ്ടെന്നും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി അറിയിച്ചു.
ലോകമെങ്ങും ഇറാന്‍ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാവുകയാണ്. ലണ്ടന്‍, പാരീസ്, ഇസ്താംബൂള്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം തന്നെ ഇറാനിലെ വിപ്ലവകാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സമരങ്ങള്‍ നടന്നു. ലണ്ടനില്‍, സൗത്ത് കെന്‍സിംഗ്ടണിലെ ഇറാന്‍ എംബസിക്ക് മുന്‍പില്‍ നിന്നായിരുന്നു പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് അവര്‍ ബ്രിട്ടീഷ് ഭരണസിരാകേന്ദ്രമായ വൈറ്റ്‌ഹോളിലേക്ക് നീങ്ങി.
മുല്ലാസ് എംബസി എന്ന് പ്രതിഷേധക്കാര്‍ പരിഹസിച്ച ഇറാന്‍ എംബസി അടച്ചുപൂട്ടിക്കണം എന്ന് പ്രതിഷേധക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തീവ്രവാദികളെ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയാണതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. പിന്നീട് വൈകിട്ട് ആയപ്പോഴേക്കും ആളുകള്‍ എംബസിക്ക് നേരെ എന്തൊക്കെയോ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതിനിടെ ചില പ്രതിഷേധക്കാര്‍ എംബസിയുടെ ചുറ്റുമതിലില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് അവരെ തടയുന്നുണ്ടായിരുന്നു.
ഡൗണിംഗ് സ്ട്രീറ്റില്‍ പ്രതിഷേധം നടത്തുന്നവര്‍ ഇറാന്‍ പരമാധികാരി ആയത്തൊള്ള അലി ഖമേനിയുടെ ചിത്രങ്ങള്‍ കത്തിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മറ്റു ചിലര്‍, ഇസ്ലാമിക വിപ്ലവത്തിന് മുന്‍പുള്ള ഇറാന്‍ പതാകകള്‍ വീശിയും പ്രകടനത്തില്‍ പങ്കെടുത്തു. ഇപ്പോള്‍ നാടുവിട്ട് കഴിയുന്ന റെസ പഹലവിയുടെ ചിത്രങ്ങളും ചില പ്രകടനക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാര ഭഷ്ടനാക്കപ്പെട്ട് അമേരിക്കയില്‍ അഭയം പ്രാപിച്ച മുന്‍ ഭരണാധികാരി ഷായുടെ പുത്രനാണ് പഹലവി.
പഹലവിയാകും രാജ്യത്തിന്റെ അടുത്ത ഭരണാധികാരി എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ആശയ വിനിമയ സൗകര്യങ്ങള്‍ താറുമാറായതിനാല്‍ നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ആവുന്നില്ലെന്നാണ് ബ്രിട്ടനില്‍ താമസിക്കുന്ന ഇറാന്‍ വംശജര്‍ പലരുടെയും പരാതി. ഇതാദ്യമായല്ല, ഇറാനില്‍ ഖമേനി ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയരുന്നതെന്നും, പക്ഷെ ഇത്തവണ നടക്കുന്നത് അന്തിമ പോരാട്ടമാണെന്നും അവര്‍ പറയുന്നു.
അതിനിടെ, ആംഗ്ലോ - ഇറാനിയന്‍ വനിതകളുടെ ഒരു സംഘം ഇറാന്‍ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ഇറന്റെ ഔദ്യോഗിക സൈന്യത്തില്‍നിന്നും വിഭിന്നമായി തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സൈനിക വിഭാഗമാണിത്. അല്‍ ഖമേനിയുടെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ഈ സൈന്യവിഭാഗത്തെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം എന്നാണ് ഇവര്‍ കീര്‍ സ്റ്റാര്‍മറോട് ആവശ്യപ്പെടുന്നത്.ഇപ്പോള്‍ തന്നെ അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ഇവരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
