കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ 'ഡീപ്പ് ഫ്രീസറില്‍' ശാസ്ത്രീയമായി സൂക്ഷിക്കുകയോ അല്ലെങ്കില്‍ ശേഖരിച്ച ഉടന്‍ തന്നെ ഡിഎന്‍എ വേര്‍തിരിക്കുകയോ ചെയ്തിരിക്കണം; അശാസ്ത്രീയമായാണ് ഭ്രൂണം സൂക്ഷിച്ചതെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതില്‍ നിന്ന് ഡിഎന്‍എ കണ്ടെത്തുക അസാധ്യം; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പുതിയ വെല്ലുവിളി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധന നിര്‍ണ്ണായകമാകുമെങ്കിലും അന്വേഷണ സംഘത്തിന് മുന്നിലുള്ളത് കടുത്ത സാങ്കേതിക വെല്ലുവിളികള്‍.
രാഹുലിന്റെ രക്തസാമ്പിള്‍ ശേഖരിച്ച നടപടി പൂര്‍ത്തിയായെങ്കിലും, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട ഭ്രൂണത്തില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അത്ര എളുപ്പമാകില്ല. ആദ്യമായാണ് ഇത്തരമൊരു വിഷയം കേരളാ പോലീസിന് മുന്നിലെത്തുന്നത്.
ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ കണ്ടെത്തണമെങ്കില്‍ കേവലം രക്തം മാത്രം പോരാ, മറിച്ച് ശിശുവിന്റെ കലകള്‍ (കോശങ്ങള്‍) ശേഖരിച്ച് പരിശോധന നടത്തണമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണയായി പ്രസവത്തിന് ശേഷം പിതൃനിര്‍ണ്ണയ പരിശോധന എളുപ്പമാണെങ്കിലും ഗര്‍ഭാവസ്ഥയില്‍ ഇത് സങ്കീര്‍ണ്ണമാണ്.
11 ആഴ്ചയെങ്കിലും പ്രായമാകാതെ ഗര്‍ഭസ്ഥ ശിശുവിന്റെ കലകള്‍ ശേഖരിക്കാന്‍ കഴിയില്ലെന്നിരിക്കെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ഇത്തരം തെളിവുകള്‍ എത്രത്തോളം ലഭ്യമാണെന്നത് ചോദ്യചിഹ്നമാണ്. അന്ന് തന്നെ ഭ്രൂണം സൂക്ഷിച്ചുവെന്ന് യുവതി മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
പലവിധ കാരണങ്ങളാല്‍ അമ്മയ്ക്കുണ്ടാകുന്ന അമിത രക്തസ്രാവത്തിലൂടെ പുറത്തുവരുന്ന രക്തം ഉപയോഗിച്ച് ഡിഎന്‍എ പരിശോധന നടത്താനാവില്ലെന്നാണ് ഉയരുന്ന അഭിപ്രായം. രക്തത്തിനൊപ്പം ഗര്‍ഭസ്ഥശിശുവോ അതിന്റെ ഭാഗങ്ങളോ പുറത്തെത്തുകയും അവ അതീവ ജാഗ്രതയോടെ സൂക്ഷിക്കുകയും ചെയ്താല്‍ മാത്രമേ പിന്നീട് പരിശോധന സാധ്യമാകൂ.
കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ 'ഡീപ്പ് ഫ്രീസറില്‍' ശാസ്ത്രീയമായി സൂക്ഷിക്കുകയോ അല്ലെങ്കില്‍ ശേഖരിച്ച ഉടന്‍ തന്നെ ഡിഎന്‍എ വേര്‍തിരിക്കുകയോ ചെയ്തിരിക്കണം. അശാസ്ത്രീയമായാണ് ഭ്രൂണം സൂക്ഷിച്ചതെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതില്‍ നിന്ന് ഡിഎന്‍എ കണ്ടെത്തുക അസാധ്യമാണ്. ഫോര്‍മലിന്‍ പോലെയുള്ള ലായനികളില്‍ സൂക്ഷിക്കുന്നത് ഡിഎന്‍എ ഘടനയെ ബാധിക്കുമെന്നതും അന്വേഷണത്തിന് വലിയ തിരിച്ചടിയാണ്.
ചുരുക്കത്തില്‍, രാഹുലിന്റെ രക്തസാമ്പിള്‍ ലഭ്യമാണെങ്കിലും ഒത്തുനോക്കാന്‍ ആവശ്യമായ ഭ്രൂണത്തിന്റെ ഡിഎന്‍എ ശാസ്ത്രീയമായി വേര്‍തിരിച്ചെടുക്കുക എന്നത് ഈ കേസില്‍ വലിയ പ്രതിസന്ധിയായി തുടരും.
