'നിന്നെ ഞാന്‍ ഗര്‍ഭിണിയാക്കും' എന്ന് പങ്കാളി വീമ്പിളക്കുമ്പോള്‍, 'നിന്നെ ഞാന്‍ സ്ഥിരമായി കിടത്തും' എന്ന് രോഗാണുക്കള്‍ ആക്രോശിക്കുന്നത്; അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത് മാരക രോഗങ്ങള്‍; 'ഒരു അബദ്ധം പറ്റിപ്പോയി' എന്ന് പറയേണ്ടി വരരുത്; മുന്നറിയിപ്പുമായി ഡോ. ഹാരിസ് ചിറക്കല്‍; ആ എ മുതല്‍ ഇസഡ് കഥ വൈറല്‍

Update: 2026-01-13 07:03 GMT

കോഴിക്കോട്: വാര്‍ത്തകളില്‍ നിറയുന്ന പീഡനക്കേസുകളുടെയും ലൈംഗിക ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ ഗൗരവകരമായ ആരോഗ്യ മുന്നറിയിപ്പുമായി ഡോ. ഹാരിസ് ചിറക്കല്‍. കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റാരോപിതരെ വെറുതെ വിട്ടേക്കാമെങ്കിലും, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിലൂടെ പകരുന്ന മാരകമായ അണുബാധകള്‍ ആരെയും വെറുതെ വിടില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികള്‍ക്ക് മറ്റ് രഹസ്യ ബന്ധങ്ങള്‍ ഉണ്ടെങ്കില്‍, ആ ശൃംഖലയിലുള്ള ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അത് മുഴുവന്‍ പേര്‍ക്കും പടരുമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭനിരോധന ഉറകള്‍ പോലും നൂറ് ശതമാനം സുരക്ഷിതമല്ലെന്ന് അവയുടെ പാക്കറ്റില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 'നിന്നെ ഞാന്‍ ഗര്‍ഭിണിയാക്കും' എന്ന് പങ്കാളി വീമ്പിളക്കുമ്പോള്‍, 'നിന്നെ ഞാന്‍ സ്ഥിരമായി കിടത്തും' എന്ന് രോഗാണുക്കള്‍ ആക്രോശിക്കുമെന്നാണ് അദ്ദേഹം പരിഹസിക്കുന്നത്. മരണനിരക്ക് കൂടുതലുള്ള എയ്ഡ്‌സ് (HIV) ബാധിതരുടെ എണ്ണം അടുത്ത കാലത്തായി വര്‍ധിച്ചുവരികയാണെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏത് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് പോയാലും എച്ച്.ഐ.വി പരിശോധന നിര്‍ബന്ധമാണ്. പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ അത് ജീവിതത്തെ കീഴ്‌മേല്‍ മറിക്കും. വൈറല്‍ മഞ്ഞപ്പിത്തം പടര്‍ത്തുന്ന ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയും നിസ്സാരക്കാരല്ല. ഇവ കരള്‍ ക്യാന്‍സറിനും സിറോസിസിനും കാരണമായേക്കാം.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) വഴി ഗര്‍ഭാശയ ഗള ക്യാന്‍സര്‍, ലിംഗ ക്യാന്‍സര്‍, വായയിലെ ക്യാന്‍സര്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. ഹെര്‍പ്പിസ് പോലുള്ള അണുബാധകള്‍ ജീവനെടുക്കില്ലെങ്കിലും വിട്ടുമാറാത്ത ചൊറിച്ചിലും വ്രണങ്ങളുമായി ജീവിതകാലം മുഴുവന്‍ വേട്ടയാടും. സിഫിലിസ്, ഗൊണേറിയ തുടങ്ങിയ രോഗങ്ങള്‍ ചികിത്സിച്ചു മാറ്റാമെങ്കിലും, പലപ്പോഴും ഇത്തരം രോഗങ്ങള്‍ക്കൊപ്പം എയ്ഡ്‌സോ മഞ്ഞപ്പിത്തമോ സൗജന്യമായി കൂടെ വരുമെന്നും അദ്ദേഹം വെളിച്ചത്തില്‍ പറയുന്നു. 'ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ' എന്ന് പറഞ്ഞ് ഒട്ടേറെ യുവാക്കള്‍ അടുത്ത കാലത്തായി ആശുപത്രികളില്‍ വരുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

ഡോ ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...

പീഡനം... പീഢനം.... പീഠനം:

ഇങ്ങനെ പല തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ട്. ഇതിലേതാ ശരിയായ സ്‌പെല്ലിങ് എന്ന് എനിക്കും അറിഞ്ഞൂടാ. എന്തായാലും തണുപ്പ് സമയത്ത് ചാനല്‍ ന്യൂസ് കേള്‍ക്കാന്‍ ഒരു സുഖമുണ്ട്. പീഡനം, ഗര്‍ഭം, പീഡന ഗര്‍ഭം,അലസല്‍, പീഡന നിരീക്ഷകര്‍, അറസ്റ്റ്, ജയില്‍ ഈ കേസ് ഒക്കെ കേള്‍ക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. ഈ സംഗതികളില്‍ പൊട്ടിച്ചിരിക്കുന്ന വേറൊരു വിഭാഗക്കാരുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ കുറിച്ചല്ല. നല്ല ഒന്നാംതരം തറവാടികളായ വൈറസുകളെ കുറിച്ചും ബാക്ടീരിയകളെ കുറിച്ചുമാണ് ഞാന്‍ പറഞ്ഞുവരുന്നത്. കോടതി തെളിവുകള്‍ ഇല്ലാതെ വെറുതെ വിട്ടാലും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെ പകരുന്ന അണുബാധകള്‍ ആരേയും വെറുതെ വിടില്ല. വേലി ചാടിവരുന്ന x ഉം y ഉം തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒന്ന് മനസിലാക്കുക. X ന്റെ ഒരേയൊരു പങ്കാളി y ഉം, y യുടെ ഒരേയൊരു പങ്കാളി x ഉം ആയിരിക്കണമെന്നില്ല.

a, b, c, d മുതല്‍ z വരെ രഹസ്യക്കാര്‍ ഈ ചങ്ങലയില്‍ ഉണ്ടാകാം. ഇതില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് താഴെ പറയുന്ന രോഗങ്ങള്‍ ഉണ്ടെങ്കില്‍, ഈ ശൃംഖലയില്‍ മുഴുവന്‍ പേര്‍ക്കും സൗജന്യമായി അത് കിട്ടും. ധാരാളം ചെറുപ്പക്കാര്‍ ഇത്തരം അണുബാധകളുമായി അടുത്ത കാലത്ത് ആശുപത്രികളില്‍ വരുന്നുണ്ട്. ഗര്‍ഭ നിരോധന ഉറകള്‍ ആണ് ഒരു സുരക്ഷിതമാര്‍ഗം. പക്ഷെ, ഗര്‍ഭ നിരോധന ഉറകള്‍ പോലും നൂറ് ശതമാനം സുരക്ഷിതമല്ല എന്ന് അതിന്റെ പാക്കറ്റില്‍ തന്നെ എഴുതിയിട്ടുണ്ട്. ഞാന്‍ നിന്നെ ഗര്‍ഭിണിയാക്കും എന്ന് അണ്ണന്‍ വീമ്പിളക്കുമ്പോള്‍ ' നിന്നെ ഞാന്‍ സ്ഥിരമായി കിടത്തും' എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും. ഗര്‍ഭം ആയി എന്ന് പറയുമ്പോള്‍ തന്നെ ഉറ ഉപയോഗിച്ചിട്ടില്ല എന്ന് അറിയാമല്ലോ. തീര്‍ച്ചയായും അണുബാധയ്ക്ക് ചാന്‍സുണ്ട്, പ്രത്യേകിച്ച് a, b, c, d, e, f.... അംഗങ്ങള്‍ ഇടയ്ക്ക് കടന്നുവന്നിട്ടുണ്ടെങ്കില്‍ ഈ അണുബാധകള്‍ പലതും ജീവിതം താറുമാറാക്കുന്നതാണ്. എയ്ഡ്സ് ആണ് പ്രധാനി.

മരുന്നുകള്‍ കുറെയൊക്കെ ഫലപ്രദമാണെങ്കിലും കാര്യങ്ങള്‍ ശരിക്കും ബുദ്ധിമുട്ടും. ഏത് ആശുപത്രിയില്‍ ചികിത്സയ്‌ക്കോ ഓപ്പറേഷനോ പോയാലും HIV test ചെയ്യും. അതില്‍ രോഗം കണ്ടെത്തുകയും സംഗതികള്‍ കീഴ്‌മേല്‍ മറിയുകയും ചെയ്യും. അടുത്ത കാലത്തായി HIV ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്. ഉയര്‍ന്ന മരണനിരക്കാണ് എയ്ഡ്സ് രോഗത്തിന്. വൈറല്‍ മഞ്ഞപിത്തം പടര്‍ത്തുന്ന ഹെപ്പറ്റൈറ്റിസ് B യും C യും ആണ് വേറെ രണ്ടുപേര്‍. രണ്ടും അത്ര നിസാരക്കാരല്ല. ജീവിതം മുഴുവന്‍ കൂടെ കാണും. ആശുപത്രിയില്‍ ഒരു ചെറിയ ഓപ്പറേഷന് പോയാല്‍ പോലും ഈ മൂന്ന് രോഗങ്ങളും സ്‌ക്രീന്‍ ചെയ്യും. പോസിറ്റീവ് ആണെങ്കില്‍ ബയോഹസാര്‍ഡ് എന്ന് ലേബല്‍ ചെയ്യും. പിന്നെ എല്ലാം അധിക ചിലവാണ്. ജീവന്‍ തന്നെ നഷ്ടമാകുന്ന ഹെപ്പറ്റൈറ്റിസ്, സിറൊസിസ്, കരളിലെ ക്യാന്‍സര്‍ ഇങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാകാം.

Herpes simplex ആണ് വേറൊരു ക്ഷണിക്കാത്ത അതിഥി. കൊല്ലില്ല, പക്ഷെ വിട്ടു പോകില്ല. കാലാകാലങ്ങളില്‍ ചൊറിച്ചിലും നീറ്റലും വ്രണങ്ങളും ഒക്കെയായി നടക്കാം. Human papilloma virus ഇങ്ങനെ ഒരു വൈറസ് ഉണ്ട്. വളരെ സാധാരണം. സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ആണ്. Cervical cancer, penile cancer, oral cancer ഇങ്ങനെ മൂന്നു തരം ക്യാന്‍സര്‍ രോഗങ്ങളുടെ ഹേതുവാണ് ഈ വില്ലന്‍. സിഫിലിസ്, ഗൊണേറിയ ഇങ്ങനെ കുറേപ്പേര്‍ ബാക്കിയുണ്ട്. അതിനൊക്കെ ഫലപ്രദമായ ചികിത്സ ഉണ്ടെന്ന് സമാധാനം. പക്ഷെ, ഫലപ്രദം എന്ന് പറഞ്ഞാലും, പലപ്പോഴും ഒന്നെടുത്താല്‍ ഒന്ന് ഫ്രീ, ഒന്നെടുത്താല്‍ രണ്ട് ഫ്രീ എന്ന വാഗ്ദാനം പോലെ, ഗൊണേറിയയുടെ കൂടെ എയ്ഡ്സും ഹെപ്പറ്റൈറ്റിസും ഒരുമിച്ച് ചാടിക്കയറും.ഇതൊക്കെയുള്ള പല രോഗികളേയും കണ്ടിട്ടുള്ള അനുഭവത്തില്‍ പറയുന്നതാണ്. വെറും പറച്ചില്‍ അല്ല, വാര്‍ണിങ് ആണെന്ന് കൂട്ടിക്കോളൂ. ' ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ' ഈ വാചകം കുറേ കേട്ടിട്ടുണ്ട്. ഈ വാചകം പറയാന്‍ ഇടവരുത്തരുത്.

Tags:    

Similar News