'എട്ട് യുദ്ധം നിര്‍ത്തിയ എനിക്കില്ലാത്ത നൊബേല്‍ ആര്‍ക്ക് വേണം?' സമാധാനത്തിന്റെ വെള്ളിവെളിച്ചം ഇനി വേണ്ടെന്ന് ട്രംപ്; നോര്‍വീജിയന്‍ പ്രധാനമന്ത്രിയുടെ സമാധാന നീക്കം ചവറ്റുകുട്ടയില്‍; നൊബേല്‍ നിഷേധിച്ചതിന് പ്രതികാരം; ഗ്രീന്‍ലാന്‍ഡിനായി യുഎസ് ഇറങ്ങുന്നു; അമേരിക്കയും യൂറോപ്പും നേര്‍ക്കുനേര്‍
എട്ട് യുദ്ധം നിര്‍ത്തിയ എനിക്കില്ലാത്ത നൊബേല്‍ ആര്‍ക്ക് വേണം?'
വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ അയച്ച സന്ദേശത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മറുപടി അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. തനിക്ക് നൊബേല്‍ സമാധാന പുരസ്‌കാരം നിഷേധിച്ചതാണ് സമാധാനപരമായ നിലപാടുകളില്‍ നിന്ന് മാറാന്‍ പ്രേരിപ്പിച്ചതെന്ന് ട്രംപ് തുറന്നടിച്ചു.
തനിക്ക് നൊബേല്‍ സമ്മാനം നിഷേധിച്ചതില്‍ പ്രകോപിതനായ ട്രംപ്, നോര്‍വേ പ്രധാനമന്ത്രിക്ക് അയച്ച മറുപടി സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എട്ട് യുദ്ധങ്ങള്‍ വരെ തടഞ്ഞിട്ടും തന്നെ അവഗണിച്ച നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ നടപടി കാരണം, ഇനി സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കായി ഏതറ്റം വരെയും പോകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ട്രംപിനെ തണുപ്പിക്കാന്‍ സ്റ്റോറിന്റെ വിഫലശ്രമം
ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതിനെ തടസ്സപ്പെടുത്തുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ താരിഫുകള്‍ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ ഞായറാഴ്ച ട്രംപിന് കത്തയച്ചത്. ഈ പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പ്, ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുണൈറ്റഡ് കിംഗ്ഡം, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് ഫെബ്രുവരി 1 മുതല്‍ 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നും ഇത് പിന്നീട് 25 ശതമാനം വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും ട്രംപ് അറിയിച്ചിരുന്നു.
'പ്രിയപ്പെട്ട പ്രസിഡന്റ്, പ്രിയപ്പെട്ട ഡൊണാള്‍ഡ് അറ്റ്‌ലാന്റിക്കിന് കുറുകെയുള്ള ബന്ധത്തെക്കുറിച്ച് ഗ്രീന്‍ലാന്‍ഡ്, ഗാസ, യുക്രെയ്ന്‍ എന്നിവയെക്കുറിച്ചും ഇന്നലെ താങ്കള്‍ പ്രഖ്യാപിച്ച താരിഫിനെക്കുറിച്ചും,' സ്റ്റോര്‍ തന്റെ സന്ദേശത്തില്‍ കുറിച്ചു. 'ഈ വിഷയങ്ങളില്‍ ഞങ്ങളുടെ നിലപാട് താങ്കള്‍ക്കറിയാം. എന്നാല്‍, ഇത് ലഘൂകരിക്കാനും പിരിമുറുക്കം കുറയ്ക്കാനും നാം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു ചുറ്റും ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്, അവിടെ നാം ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്.'
തുടര്‍ന്ന്, 'ഇന്ന് വൈകുന്നേരം താങ്കളുമായി ഒരു കോളിനായി ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരുമിച്ചോ വെവ്വേറെയോ സംസാരിക്കാം താങ്കള്‍ക്ക് എന്താണ് ഇഷ്ടമെന്ന് ഒരു സൂചന നല്‍കുക! സ്‌നേഹപൂര്‍വ്വം അലക്‌സും ജോനാസും' എന്നും കത്തില്‍ പറയുന്നു. ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബിന്റെ ചുരുക്കപ്പേരാണ് 'അലക്‌സ്'. ട്രംപിന്റെ യൂറോപ്പിലെ സഖ്യകക്ഷിയായാണ് യാഥാസ്ഥിതികനായ സ്റ്റബ്ബിനെ കണക്കാക്കുന്നത്. ഇരുവരും ഗോള്‍ഫ് കളിക്കുന്നവരും സൗഹൃദം പങ്കിടുന്നവരുമാണ്.
സ്റ്റോറിന്റെ സന്ദേശത്തിന് 30 മിനിറ്റിനുള്ളില്‍ ട്രംപിന്റെ വിവാദപരമായ പ്രതികരണം ടെക്സ്റ്റ് സന്ദേശമായി എത്തി. ഒക്ടോബറില്‍ തനിക്ക് നോബല്‍ സമാധാന സമ്മാനം നിഷേധിക്കപ്പെട്ടതില്‍ നോര്‍വേ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ട്രംപ്, അമേരിക്കയ്ക്ക് 'സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ടതില്ല' എന്ന് മുന്നറിയിപ്പ് നല്‍കി. 'നാറ്റോ സ്ഥാപിതമായതിനുശേഷം മറ്റാരെക്കാളും കൂടുതല്‍ ഞാന്‍ നാറ്റോയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്, ഇപ്പോള്‍ നാറ്റോ അമേരിക്കയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം,' ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ അധീനതയിലാക്കാനുള്ള നീക്കത്തിന് തടസ്സം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത ഇറക്കുമതി തീരുവ (Tariffs) ചുമത്തുമെന്നാണ് ട്രംപിന്റെ പ്രധാന ഭീഷണി. ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഫെബ്രുവരി മുതല്‍ 10 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നും ഇത് പിന്നീട് 25 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡിനെ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും സംരക്ഷിക്കാന്‍ ഡെന്മാര്‍ക്കിന് കഴിയില്ലെന്നും, ചരിത്രപരമായി ഗ്രീന്‍ലാന്‍ഡിന് മേല്‍ ആര്‍ക്കും പ്രത്യേക അവകാശമില്ലെന്നുമാണ് ട്രംപിന്റെ വാദം.
ട്രംപിന്റെ ഈ നിലപാടുകളെ 'ബ്ലാക്ക്‌മെയിലിംഗ്' എന്നാണ് യൂറോപ്യന്‍ സുരക്ഷാ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും, സമാധാന പുരസ്‌കാരവും വ്യാപാര ബന്ധങ്ങളും തമ്മില്‍ കൂട്ടിക്കുഴച്ചുള്ള ട്രംപിന്റെ പ്രതികരണം യൂറോപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നൊബേല്‍ കമ്മിറ്റി ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും അതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും നോര്‍വേ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും ട്രംപ് അത് ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല.
ഈ പ്രതിസന്ധി നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 'ട്രേഡ് ബസൂക്ക' (Trade Bazooka) എന്നറിയപ്പെടുന്ന സാമ്പത്തിക പ്രതിരോധ സംവിധാനം ഉപയോഗിച്ച് അമേരിക്കയ്ക്ക് മേല്‍ 81 ബില്യണ്‍ പൗണ്ടിന്റെ നികുതി ചുമത്തുന്ന കാര്യം നേതാക്കള്‍ ആലോചിക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രംപിന്റെ നീക്കങ്ങളെ ശക്തമായി വിമര്‍ശിച്ചു. നാറ്റോ സഖ്യത്തിന്റെ ഐക്യത്തെപ്പോലും തകര്‍ക്കുന്ന രീതിയിലേക്ക് ഈ തര്‍ക്കം വളരുന്നത് ആഗോള സുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
വിവാദത്തിന്റെ പശ്ചാത്തലം
2025-ലെ നൊബേല്‍ സമാധാന പുരസ്‌കാരം വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്കാണ് ലഭിച്ചത്. താന്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് വിശ്വസിച്ചിരുന്ന ട്രംപിനെ ഈ തീരുമാനം ചൊടിപ്പിച്ചു. നൊബേല്‍ കമ്മിറ്റി സ്വതന്ത്രമാണെന്നും സര്‍ക്കാരിന് അതില്‍ പങ്കില്ലെന്നും നോര്‍വീജിയന്‍ പ്രധാനമന്ത്രി വിശദീകരിച്ചെങ്കിലും ട്രംപ് അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
ഗ്രീന്‍ലാന്‍ഡും നാറ്റോയുംഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥാവകാശം ഡെന്മാര്‍ക്കിനാണെങ്കിലും, അവിടെയുള്ള റഷ്യന്‍-ചൈനീസ് ഭീഷണികളെ നേരിടാന്‍ ഡെന്മാര്‍ക്കിന് സാധിക്കുന്നില്ലെന്നും അതിനാല്‍ അമേരിക്ക അത് ഏറ്റെടുക്കണമെന്നുമാണ് ട്രംപിന്റെ വാദം.
