'വേഷം നോക്കൂ എന്നാണ് മോദി പറഞ്ഞതെങ്കില്‍ പേരു നോക്കൂ എന്നാണ് കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി പറയുന്നത്; കോട്ടയത്തെയും ആലപ്പുഴയിലെയും കണക്കുകള്‍ സജി ചെറിയാന്‍ പരിശോധിക്കണം; മോദിയും അമിത് ഷായും പയറ്റിയ അതേ തന്ത്രം'; രൂക്ഷ വിമര്‍ശനവുമായി സുപ്രഭാതം എഡിറ്റോറിയല്‍

Update: 2026-01-20 05:51 GMT

കോഴിക്കോട്: മന്ത്രി സജി ചെറിയാനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറുപടിയുമായി സമസ്ത ഇ.കെ വിഭാഗത്തിന്റെ ദിനപത്രം സുപ്രഭാതം. മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലും ജയിച്ചുവന്നവരുടെ പേരെടുത്തു നോക്കൂ എന്ന് എങ്ങനെയാണ് ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് മലയാളികളോട് പറയാന്‍ കഴിയുന്നതെന്ന് എഡിറ്റോറിയലില്‍ ചോദിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ അനുകമ്പാദശകത്തിലെ വരികള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു വിമര്‍ശനം. മലപ്പുറത്തും കാസര്‍കോടും ജയിച്ച സ്ഥാനാര്‍ഥികളുടെ പേര് പരിശോധിക്കുമ്പോള്‍ കോട്ടയത്തെയും ആലപ്പുഴയിലെയും കണക്കുകള്‍ സജി ചെറിയാന്‍ പരിശോധിക്കണമെന്നും 'ഈ തീക്കളി, ചാമ്പലാക്കും മതേതര കേരളത്തെ' എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

''അരുളന്‍പനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം അരുളില്ലയതെങ്കിലസ്ഥി തോല്‍ സിര നാറുന്നൊരുടമ്പു താനവന്'' വെള്ളാപ്പള്ളിക്കും സജി ചെറിയാനും ഈ വരികള്‍ ബാധകമാണ്. സജി ചെറിയാന്റെ അസുഖത്തിന് മതിയായ ചികിത്സ വേണം. സിപിഎം കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ശേഷമാണ് എസ്എന്‍ഡിപി- എന്‍ എസ് എസ് നേതാക്കള്‍ വര്‍ഗീയവൈരം വമിക്കുന്ന പ്രസ്താവനകള്‍ക്ക് തുടക്കമിട്ടത്. തൊട്ടു പിന്നാലെ സജി ചെറിയാന്റെ പ്രസ്താവനയും കേട്ടു. സമുദായ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ യാദൃശ്ചികമല്ല എന്നതിന് പൊരുള്‍ത്തേടി പാഴൂര്‍ പടി വരെ ഒന്നും പോകേണ്ട കാര്യമില്ലെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

കരുണയും സ്‌നേഹവും അനുകമ്പയും വറ്റിപ്പോയവര്‍ അസ്ഥിയും തോലുമായി ദുര്‍ഗന്ധം വഹിക്കുന്ന ഉടന്‍ മാത്രമാകുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ മലയാളികള്‍ കാണുന്നത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് പറയാന്‍ പറ്റുന്ന വാക്കുകള്‍ അല്ല സജി ചെറിയാന്‍ പറഞ്ഞത്. വെള്ളാപ്പള്ളി നടേശന്‍ വാ തുറക്കുന്നത് വര്‍ഗീയത വിളമ്പാന്‍ ആണെന്ന് കുറച്ചുകാലമായി നമുക്കറിയാം. എന്നാല്‍ എ കെ ബാലനും, സജി ചെറിയാനും ഇത്തരം വിഷം തിണ്ടല്‍ പരാമര്‍ശങ്ങള്‍ ഉച്ചത്തില്‍ പറയാന്‍ എവിടുന്നാണ് ധൈര്യം കിട്ടുന്നത്. നരേന്ദ്രമോദിയും സംഘപരിവാറും നടത്തുന്ന പ്രചാരണമാണ് ഇതെന്ന് ഓര്‍ക്കണം. വേഷം നോക്കൂ എന്നാണ് മോദി പറഞ്ഞതെങ്കില്‍ പേരു നോക്കൂ എന്നാണ് കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി പറയുന്നത്.

മലപ്പുറത്ത് അല്ലാതെ മറ്റൊരിടത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം അല്ല. 11 ലോകസഭകളില്‍ മുസ്ലിം സമുദായത്തിന് 30 ശതമാനം വോട്ട് ഉണ്ട്. എന്നാല്‍ ആകെ മൂന്ന് എം.പിമാര്‍ മാത്രം ആണ് ഉള്ളത്. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ജയിച്ചു വരുന്നവരുടെ മതം എന്തു കൊണ്ടാണ് സജി ചെറിയാന്‍ തിരുത്തിയത്. കേരളത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നും വര്‍ഗീകരിക്കാന്‍ കോപ്പ് കൂട്ടുന്ന അസുഖത്തെ ചികില്‍സിക്കണം. സിപിഎം നേതാക്കളുടെ ഈ പ്രസ്താവനകള്‍ യാദൃശ്ചികമല്ലെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മതേതര മലയാളിയെ തോല്‍പ്പിച്ച് തുടര്‍ഭരണത്തിന് കുറുക്കുവഴി തേടുന്നര്‍ നാരായണഗുരുവിനെ ഓര്‍ക്കേണ്ട കാലംകൂടിയാണിതെന്നും ലേഖനത്തില്‍ പറയുന്നു. വെള്ളാപ്പള്ളി വാ തുറക്കുന്നതേ വര്‍ഗീയത വിളമ്പാനാണെന്നും മുഖപ്രസംഗം കൂട്ടിച്ചേര്‍ക്കുന്നു. 'സജി ചെറിയാനെയും എ.കെ ബാലനെയും പോലുള്ള സിപിഎം നേതാക്കള്‍ക്ക് ഇത്തരം, വിഷംതീണ്ടല്‍ പരാമര്‍ശങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കയറിനിന്ന് ഇത്രയും ഉച്ചത്തില്‍ പറയാന്‍ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉത്തരേന്ത്യയില്‍ നരേന്ദ്രമോദിയും അമിത്ഷായും ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കളും ഇതേ പ്രചാരണവുമായാണ് വോട്ടുതേടിയിറങ്ങിയതെന്ന് ഓര്‍ക്കണം.' സുപ്രഭാതത്തില്‍ പറയുന്നു.

മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് മനസിലാക്കാം എന്നായിരുന്നു സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഭൂരിപക്ഷ വര്‍ഗീയതയും ലീഗിന് സ്വാധീനമുള്ളിടത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ് വിജയിക്കുന്നത്. കേരളത്തെ ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുതെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

കേരളത്തിലെ മക്കയെന്ന വിളിപ്പേരുള്ള പൊന്നാനിയില്‍ പി. നന്ദകുമാറാണ് എംഎല്‍എ. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലുമൊക്കെ ജയിച്ചുവരുന്നവരുടെ പേരിലെ മതം പരതാന്‍ എന്തുകൊണ്ടാണ് സജി ചെറിയാന്‍ മടിക്കുന്നത്. ഇതൊന്നുമറിയാതെയാണോ സാംസ്‌കാരികമന്ത്രി കേരളത്തെ ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യനിയെന്നും പേരുനോക്ക് വര്‍ഗീകരിക്കാന്‍ കോപ്പുകൂട്ടുന്നത്. അങ്ങനെയെങ്കില്‍ ഈ അസുഖത്തിന് മതിയായ ചികിത്സ വേണം. അതല്ലെങ്കില്‍ ഈ വ്യാധി മതേതര കേരളത്തിന്റെ മനസിലേക്കുകൂടി പടരുമെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.

'യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിംകളിലെ ഒരു കൂട്ടര്‍ ആഭ്യന്തരവകുപ്പ് ഭരിക്കുമെന്നും മാറാടുകള്‍ ആവര്‍ത്തിക്കുമെന്നുമുള്ള സി.പി.എം മുന്‍ കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്റെ പ്രസ്താവനയും കുറച്ചുനാള്‍ മുമ്പാണ് കേരളം കേട്ടത്. സി.പി.എം നേതാക്കളില്‍ പലരും ഒരേ സ്വരത്തില്‍ തുടരെത്തുടരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് യാദൃച്ഛികമല്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കു ബോധ്യമാവും.'

'കേരളത്തില്‍ ഹിന്ദുത്വരാഷ്ട്രീയം വേരുറപ്പിക്കാന്‍ ശ്രമിച്ച കാലത്തൊക്കെ ജീവന്‍നല്‍കിയും അതിനെ ചെറുത്ത ചരിത്രമാണ് സി.പി.എമ്മിനുണ്ടായിരുന്നത്. എന്നാല്‍, ആ പ്രതിരോധങ്ങളെ മുഴുവന്‍ റദ്ദുചെയ്യുന്ന നിലപാടു മാറ്റങ്ങള്‍ അടുത്തകാലത്തായി ഇടതുകേന്ദ്രങ്ങളില്‍ നിരന്തരം സംഭവിക്കുന്നത് ഭയജനകമാണ്. സംഘ്പരിവാര്‍ നേതാക്കള്‍ വമിപ്പിക്കുന്ന അതേ വിദ്വേഷവാക്കുകള്‍ സി.പി.എം നേതാക്കളില്‍ നിന്നും സമുദായ നേതാക്കളില്‍നിന്നും കേള്‍ക്കേണ്ടിവരുന്നതും വല്ലാത്ത ദുര്യോഗമാണ്.'

'ഉത്തരേന്ത്യയില്‍ പല രാഷ്ട്രീയപാര്‍ട്ടികളും പരീക്ഷിച്ച് പരാജയപ്പെട്ട വഴിയാണ് കേരളത്തില്‍ സി.പി.എം പിന്തുടരുന്നതെങ്കില്‍ തീര്‍ച്ചയായും നേര്‍വഴിയല്ല അതെന്ന് നേതാക്കള്‍ തിരിച്ചറിയണം. തിരുത്തുകയും വേണം. അല്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, കാലം കൂടി ആ പാര്‍ട്ടിയോട് കണക്കു ചോദിക്കുമെന്നുറപ്പ്' -എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

Tags:    

Similar News