'കോഴി പോലും കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിപ്പിക്കും, നീ ചെയ്തതോ..?' ആ കരിമ്പാറക്കൂട്ടത്തില്‍ അസ്തമിച്ചത് ഒന്നരവയസ്സുകാരന്റെ ജീവന്‍; കാമുകനൊപ്പം ജീവിക്കാന്‍ പെറ്റമ്മ കാട്ടിയത് സമാനതകളില്ലാത്ത ക്രൂരത; കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസില്‍ അമ്മ ശരണ്യക്ക് ജീവപര്യന്തം

Update: 2026-01-22 06:13 GMT

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധച്ചു. തയ്യില്‍ കടപ്പുറത്തെ ശരണ്യയെയാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കുഞ്ഞിനെ കൊന്ന കേസില്‍ അമ്മ കുറ്റക്കാരിയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഗൂഢാലോചനയും പ്രേരണയും തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിനും പ്രോസിക്യൂഷനെയും വീഴ്ച വരുത്തിയെന്നും കോടതി വിമര്‍ശിച്ചു. യുവതിയും നിധിനും തമ്മിലുള്ള അവിഹിത ബന്ധങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും കുട്ടിയെ കൊലപ്പെടുത്തിയതില്‍ തെളിവുകള്‍ കണ്ടെത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും കോടതി നിരീക്ഷിച്ചു.

2020 ഫെബ്രുവരി 17നാണ് ശരണ്യ, മകന്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ വിയാനെ (ഒന്നര) തയ്യില്‍ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ശരണ്യയുടെ വീട്ടില്‍നിന്ന് 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ആണ്‍ സുഹൃത്തിനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊന്നതെന്നാണ് ശരണ്യയുടെ കുറ്റസമ്മത മൊഴി.എന്നാല്‍ രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുെട അഭാവത്തില്‍ വെറുതെ വിട്ടിരുന്നു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റാരോപണങ്ങള്‍ തെളിയിക്കാനായില്ലെന്നു കോടതി കണ്ടെത്തി. ഇക്കാര്യത്തില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി.

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണു കൊലയാളിയെന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പറഞ്ഞത്. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് ശിക്ഷ വിധിച്ചത്.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ചാണ് കേസ് തെളിയിച്ചത്. എന്നാല്‍ രണ്ടാം പ്രതി നിധിനെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിനായില്ലെന്നു കോടതി വിലയിരുത്തി. സദാചാരഗുണ്ടകളെ പോലെയാണു പൊലീസ് പെരുമാറിയത്. ശരണ്യയും നിധിനും തമ്മില്‍ സംസാരിക്കുന്നതിന്റെയും ഫോണ്‍കോളുകളുടെയും തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതു കുട്ടിയെ കൊല്ലാനുള്ള ഗൂഢാലോചനയ്ക്കുള്ള തെളിവാകണമെന്നില്ല. അവര്‍ തമ്മില്‍ ബന്ധമുണ്ടായിരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. നിധിന്റെ വിവിധ രേഖകള്‍ ശരണ്യയുടെ കയ്യിലുണ്ടായിരുന്നു. ഇതു തിരിച്ചുവാങ്ങാന്‍ ഇയാള്‍ ശരണ്യയുടെ വീട്ടില്‍ പോയെങ്കിലും സാധിച്ചില്ല. അതാണ് അടുത്ത ദിവസം തിരിച്ചുനല്‍കിയത്. ഇതു നല്‍കുമ്പോള്‍ ഒന്നര മണിക്കൂറോളം ഇവര്‍ സംസാരിച്ചുനില്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഈസമയം ധരിച്ച വസ്ത്രവും പൊലീസ് കോടതിയില്‍ ഹാജരാക്കുകയും ബന്ധുക്കള്‍ ഉള്‍പ്പെടെ ഇത് തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഗൂഢാലോചനയ്ക്കുള്ള തെളിവല്ലെന്നും കോടതി പറഞ്ഞു.

രാജീവ് ഗാന്ധി വധവും ടിപി കേസും ഉള്‍പ്പെടെയുള്ള ഒട്ടേറെ കേസുകളും സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ചാണു തെളിയിച്ചതെന്നും കോടതി ചൂണ്ടികാട്ടി. ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്നു ശരണ്യയോടു കോടതി ചോദിച്ചപ്പോള്‍ 27 വയസ്സു മാത്രമേയുള്ളൂവെന്നും സഹായിക്കാന്‍ ആരുമില്ലെന്നും മാനസിക പിരുമുറുക്കം ഉള്‍പ്പെടെയുള്ള അസുഖങ്ങളുണ്ടെന്നും കോടതി ദയ കാണിക്കണമെന്നും പറഞ്ഞു.

സമൂഹ മനഃസാക്ഷിക്കേറ്റ ആഘാതമെന്ന് കോടതി

സ്വജീവന്‍ പണയംവച്ചു പരുന്തിനോടു പോരാടിയാണ് കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിലൊളിപ്പിച്ചു സംരംക്ഷിക്കുന്നതെന്നും അതു പ്രകൃതിനിയമമാണെന്നും ആ പ്രകൃതിനിയമത്തിന് എതിരായാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യ പ്രവര്‍ത്തിച്ചതെന്നു ജഡ്ജി പറഞ്ഞു. ഇതു സമൂഹമനഃസാക്ഷിക്കുതന്നെയേറ്റ ആഘാതമാണെന്നും കോടതി വ്യക്തമാക്കി. ഒന്നര വയസ്സുള്ള കുഞ്ഞിനെ കടലിലെറിഞ്ഞശേഷം ഒന്നുമറിയാത്തപോലെ വീട്ടിലെത്തി കിടന്നു. രാവിലെ അയല്‍വാസികള്‍ക്കൊപ്പം തിരച്ചില്‍ നടത്തുമ്പോഴും പ്രതിക്കു ഭാവമാറ്റമോ പരിഭ്രാന്തിയോ ഉണ്ടായിരുന്നില്ല. നിസ്സഹായനായ കുട്ടിയുടെ അവസ്ഥയും ആലോചിക്കണം. അമ്മ എന്തിനാണു പാലു തരുന്നതെന്നുപോലും കുട്ടിക്കറിയില്ല. ഹയര്‍സെക്കന്‍ഡറി വരെ പഠിച്ചയാളാണ് ശരണ്യയെന്നും നിരക്ഷരയല്ലെന്നും ജഡ്ജി ചൂണ്ടികാട്ടി.

Similar News