ഫ്‌ലൂവിന് സമാനമായ ലക്ഷണങ്ങളോടെ ആരംഭം; രോഗം ബാധിച്ചവരില്‍ മൂന്നില്‍ രണ്ടിലധികം പേര്‍ക്കും മരണം ഉറപ്പ്; പശ്ചിമബംഗാളില്‍ കണ്ടെത്തിയ നിപ്പ അത്യന്തം അപകടകാരിയായ വൈറസ്; ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രിട്ടനും യു എ ഇയും; ലോകത്തിന്റെ ഉറക്കം കെടുത്തുന്ന മറ്റൊരു മഹാവ്യാധിയായി നിപ്പ മാറുമോ ?

Update: 2026-01-29 03:28 GMT

കൊല്‍ക്കത്ത: മസ്തിഷ്‌ക വീക്കത്തിന് കാരണമാകുന്ന പുതിയ വൈറസ് വ്യാപനത്തെ ലോക ആരോഗ്യരംഗം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. സാധാരണ ഫ്‌ലൂവിന് സമാനമായ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന നിപ്പ വൈറസ് ബാധ, രോഗം പിടിപെട്ട മൂന്നില്‍ രണ്ടിലേറെപേരും മരിക്കാന്‍ ഇടയാക്കും എന്നതാണ് ഇതിനു കാരണം. പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ്പ മറ്റൊരു കോവിഡായി മാറി ലോകത്തിന്റെ ഉറക്കം കെടുത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. രോഗ വ്യാപനമുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് മുന്നറിയിപ്പുമായി യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി രംഗത്തെത്തിയിട്ടുണ്ട്. നിപ്പ ബാധിച്ചവരില്‍ 40 മുതല്‍ 70 ശതമാനം വരെ മരണത്തിന് കീഴടങ്ങും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, രോഗവിമുക്തി നേടിയാലും മാംസപേശികള്‍ കോച്ചി വലിക്കുക തുടങ്ങിയ പല സ്ഥിര വൈകല്യങ്ങള്‍ക്കും ഈ രോഗം കാരണമായേക്കാം എന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു. അഞ്ചുപേരില്‍ നിപ്പ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി എന്നാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദ്യ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നതെങ്കിലും, കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം രണ്ട് പേരില്‍ മാത്രമാണ് ഇത് സ്ഥിരീകരിച്ചത്. സമൂഹത്തില്‍ ഈ അപകടകാരിയായ വൈറസ് വ്യാപകമായതിന് ഇനിയും തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും, ഒന്ന് രണ്ട് കേസുകള്‍ കണ്ടെത്തിയതു തന്നെ ആശങ്കക്ക് കാരണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഫലവത്താണെന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ട ഒരു ചികിത്സ നിപ്പയെ ചെറുക്കാന്‍ ഇതുവരെയില്ല എന്നതാണ് ആശങ്കയ്ക്ക് ഏറ്റവും വലിയ കാരണം. മാത്രമല്ല, ഇതിനെ പ്രതിരോധിക്കാന്‍ അംഗീകൃതമായ ഒരു വാക്‌സിനും ഇതുവരെ ഇറങ്ങിയിട്ടുമില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനായി പരിശ്രമം നടക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. പശ്ചിമബംഗാളില്‍ രണ്ടു പേരില്‍ നിപ്പയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുന്നൂറോളം പേരെ ക്വാറന്റൈയിന് വിധേയമാക്കിയിരിക്കുകയാണ് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരില്‍ നിപ്പയുടെ സാന്നിദ്ധ്യമില്ല എന്ന് തെളിഞ്ഞിട്ടുമുണ്ട്.

പരിഭ്രാന്തരാകാതെ നിപ്പയുമായി ബന്ധപെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരിക്കണം എന്നാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് യു എ ഇ നല്‍കുന്ന നിര്‍ദ്ദേശം. ഇതുവരെ രണ്ട് പേരില്‍ മാത്രമെ അത്യന്തം അപകടകാരിയായ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളു എന്ന് ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, വൈറസ് ബാധയ്‌ക്കെതിരെ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും യു എ ഇയിലെ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

സാധാരണയായി ഒരു വൈറല്‍ പനി പോലെയായിരിക്കും നിപ്പ ആരംഭിക്കുക. തലവേദന, കടുത്ത ക്ഷീണം, ശരീര വേദന എന്നിവയും അനുഭവപ്പെടാം. ചിലര്‍ക്ക് ചുമയും ശ്വാസോച്ഛ്വാസത്തില്‍ വിഷമവും നേരിട്ടേക്കാം. ഇത് മറ്റ് പല അണുബാധകള്‍ക്കും ഉള്ള ലക്ഷണം കൂടി ആയതിനാല്‍, ഇവ കണ്ടാല്‍ നിപ്പയെന്ന് തെറ്റിദ്ധരിച്ച് ആശങ്കപ്പെടണ്ട. എത്രയും പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കുക എന്നതാണ് അപകടം ഒഴിവാക്കാനുള്ള ഏറ്റവും നല്ല നടപടി.

Similar News