കുടിയന്മാരുടെ മനസമാധാനം കെടുത്താന്‍ ബെവ്കോ! ഇനി പ്രീമിയം കൗണ്ടറില്‍ പണമെടുക്കില്ല; ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം; നെറ്റ്വര്‍ക്ക് പോയാല്‍ ഔട്ട്ലെറ്റുകള്‍ പോര്‍ക്കളമാകുമോ എന്ന് ജീവനക്കാര്‍ക്ക് ആശങ്ക; ബാങ്ക് സ്റ്റേറ്റ്മെന്റില്‍ 'കുടി' തെളിയുമെന്ന് പേടി; മദ്യപാനികളെ വെട്ടിലാക്കി ബെവ്കോയിലെ ഡിജിറ്റല്‍ വിപ്ലവം

Update: 2026-01-29 11:57 GMT

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പന ശാലകളിലെ പ്രീമിയം കൗണ്ടറുകളില്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നു. പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പനയ്ക്ക് പണമിടപാടുകള്‍ ഒഴിവാക്കി, യുപിഐ, കാര്‍ഡ് തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ മാത്രമാക്കാന്‍ തീരുമാനമായി. ഫെബ്രുവരി 15 മുതല്‍ പ്രീമിയം കൗണ്ടറുകളില്‍ പണം സ്വീകരിക്കേണ്ടെന്ന് കാട്ടി ബെവ്‌കോ എംഡി സര്‍ക്കുലര്‍ പുറത്തിറക്കി. ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ഉത്തരവ് നടപ്പാക്കണമെന്ന നിര്‍ദശം എല്ലാ ജില്ലകളിലേക്കും കൈമാറിയിട്ടുണ്ട്. കര്‍ശനമായി നടപ്പാക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

കറന്‍സി ഇടപാടുകള്‍ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍വല്‍ക്കരണത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായാണ് തീരുമാനമെന്നാണ് ബെവ്‌കോ അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ മാറ്റത്തില്‍ എതിര്‍പ്പുന്നയിച്ച് ജീവനക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. നിലവില്‍ 70 ശതമാനം ആളുകളും പണമാണ് നല്‍കുന്നത്. പൂര്‍ണമായും ഡിജിറ്റലിലേക്ക് മാറുമ്പോള്‍ ബുദ്ധിമുട്ട് കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകുമാണ് ജീവനക്കാരുടെ ആരോപണം. അതിനാല്‍ ഈ തീരുമാനം പിന്‍വലിക്കണം എന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രീമിയം കൗണ്ടറുകളിലെ ഇടപാട് പൂര്‍ണമായും ഡിജിറ്റല്‍ വഴിയാക്കുന്നത് ഉപഭോക്താക്കളുമായുള്ള തര്‍ക്കത്തിന് കാരണമാകുമെന്ന ഭയം ജീവനക്കാര്‍ക്കുണ്ട്. എന്തെങ്കിലും കാരണവശാല്‍ നെറ്റ്വര്‍ക്കിംഗിന് തടസംനേരിട്ടാല്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക ജീവനക്കാര്‍ പങ്കുവക്കുന്നു. സാങ്കേതിക തകരാറുകള്‍, നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍, കാര്‍ഡ്/യുപിഐ പേയ്‌മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ മൂലം കൗണ്ടറുകളില്‍ തര്‍ക്കസാധ്യത വര്‍ധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക. മാത്രമല്ല, മദ്യം വാങ്ങാനെത്തുന്നവരില്‍ നല്ലൊരു ശതമാനവും സാധാരണഗതിയില്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നവരാണ്. ഗൂഗിള്‍ പേയും കാര്‍ഡുവഴിയും ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ ഇടപാട് നടത്തുന്നവര്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ഇതില്‍ തെളിയുമെന്നതിനാല്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്കും പരാതിയുണ്ടാകാന്‍ സാധ്യതയുണ്ട്.

Tags:    

Similar News