ജെഫ്രി എപ്സ്റ്റീന്റെ പീഡന താവളത്തില്‍ നഗ്‌നായി ബ്രിട്ടീഷ് ഉന്നത നേതാവ്; രാജി വച്ച നേതാവിനെ തേടി പോലീസ്; ചാള്‍സ് രാജാവിന്റെ സഹോദരനും ഭാര്യയും പീഡക സംഘത്തില്‍; പീഡകന് രഹസ്യ മക്കളും: ബ്രിട്ടന്റെ ഉറക്കം കെടുത്തി ആത്മഹത്യാ ചെയ്ത അമേരിക്കന്‍ പീഡന വീരന്‍
ലണ്ടന്‍: ഇതിനോടകം കുപ്രസിദ്ധമായ, അടിവസ്ത്രത്തില്‍ നില്‍ക്കുന്ന പീറ്റര്‍ മാന്‍ഡെല്‍സന്റെ ചിത്രം ജെഫ്രി എപ്സ്റ്റീന്റെ പാരീസിലുള്ള 'ഹൗസ് ഓഫ് സിന്‍' എന്ന ആഡംബര സൗധത്തില്‍ വെച്ച് എടുത്തതാണ് എന്ന വിവരം പുറത്തു വന്നു.
അവെന്യു ഫോക്കിലുള്ള ഇവിടെ വെച്ച്, കുട്ടിപ്പീഡകനായ ശതകോടീശ്വരന്‍ ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ - വിന്‍ഡ്‌സര്‍ ഉള്‍പ്പടെയുള്ള നിരവധി വി ഐ പിമാര്‍ക്ക് വിവിധ വിനോദപരിപാടികളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇവിടെ വെച്ച് എപ്സ്റ്റീന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതായും പറയപ്പെടുന്നുണ്ട്. അയാളുടെ മരണശേഷം 2019 ല്‍ ബാല ലൈംഗികവൃത്തിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇവിടെയും പരിശോധനകള്‍ നടത്തിയിരുന്നു.
അതേസമയം, ഒരു സ്ത്രീയ്‌ക്കൊപ്പം, അടിവസ്ത്രം മാത്രം ധരിച്ചു നില്‍ക്കുന്ന ഫോട്ടോ എവിടെ വെച്ചാണ് എടുത്തത് എന്നതിനെ കുറിച്ച് മാന്‍ഡേല്‍സന് ഓര്‍മ്മയില്ല എന്നാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചത്. ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള അലങ്കാരങ്ങളും, വീട്ടുപകരണങ്ങളുമൊക്കെ പരിശോധിച്ചാണ്, ഈ ചിത്രം എപ്സ്റ്റീന്റെ പാരീസിലെ വീട്ടില്‍ വെച്ച് എടുത്തതാണെന്ന് ഫൊറെന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചത്.
അതേസമയം, മുന്‍ ഡ്യൂക്ക് ഓര്‍ യോര്‍ക്ക് ഒരു വനിതയ്ക്ക് മുകളില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഒരു ചിത്രവും കഴിഞ്ഞ ദിവസം എപ്സ്റ്റീന്‍ ഫയല്‍സ് പുറത്തുവിട്ടിരുന്നു. ആന്‍ഡ്രുവിന്റെ ഈ ചിത്രം എടുത്തത് എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ചാണ് എന്നതിന് തങ്ങളുടെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ട് സ്‌കൈ ന്യൂസും രംഗത്തെത്തി.
അതേസമയം, വളരെയധികം രഹസ്യസ്വഭാവമുള്ളതും മാര്‍ക്കറ്റ് സെന്‍സിറ്റീവ് ആയതുമായ, നമ്പര്‍ 10 ല്‍ നിന്നുള്ള ഈമെയില്‍ സന്ദേശങ്ങള്‍ മാന്‍ഡെല്‍സന്‍, ജെഫ്രി എപ്സ്റ്റീന് ചോര്‍ത്തി നല്‍കി എന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. മുന്‍ ക്യാബിനറ്റ് മന്ത്രി ആയിരുന്ന മാന്‍ഡെല്‍സന്‍, കഴിഞ്ഞ ദിവസം മാത്രമായിരുന്നു ലേബര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
അര്‍ദ്ധനഗ്‌നനായി ഒരു സ്ത്രീക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തു വന്നതോടെ, പാര്‍ട്ടിയെ കൂടുതല്‍ പ്രശ്‌നത്തിലാക്കരുത് എന്നതിനാലാണ് രാജി വയ്ക്കുന്നതെന്നും മാന്‍ഡെല്‍സന്‍ പറഞ്ഞിരുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡോണ്‍ ബ്രൗണ്‍ ആണ് ഇക്കാര്യത്തില്‍ ഒരു ക്യാബിനറ്റ് അന്വേഷണം വേണമെന്ന ആവശ്യവുമായി വന്നിരിക്കുന്നത്.
ക്രെഡിറ്റ് ക്രഞ്ച് പ്രതിസന്ധിയില്‍ നിന്നും യു കെയുടെ തിരിച്ചെഴുന്നേല്പ്പുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ തമ്മില്‍ നടത്തിയ പല ചര്‍ച്ചകളുടെയും വിശദാംശങ്ങള്‍ അടങ്ങിയ മെയില്‍ സന്ദേശങ്ങളാണ് ഇയാള്‍ എപ്സ്റ്റീന് ഫോര്‍വേര്‍ഡ് ചെയ്തതായി കണ്ടെത്തിയത്. മാത്രമല്ല, അന്ന് ബിസിനസ്സ് സെക്രട്ടറി ആയിരുന്ന ലോര്‍ഡ് മാന്‍ഡേല്‍സന്‍, ബാങ്കര്‍മാരുടെ ബോണസ് ടാക്‌സിനെതിരെ എങ്ങനെ ലോബി ചെയ്യാം എന്ന കാര്യത്തില്‍ എപ്സ്റ്റീനും കൂട്ടുകാര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയതിന്റെ തെളിവും പുറത്തു വന്നിട്ടുണ്ട്.
അതേസമയം, ജയില്‍വാസം കഴിഞ്ഞ് ഇറങ്ങിയ സമയത്ത് ജെഫ്ഫ്രി എപ്സ്റ്റീന് ഒരു മകന്‍ ജനിച്ചു എന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ആന്‍ഡ്രുവിന്റെ ഭാരയും മുന്‍ ഡച്ചസ് ഓഫ് യോര്‍ക്കുമായ സാറ ഫെര്‍ഗുസന്‍ കുട്ടിയുടെ ജനനത്തില്‍ എപ്സ്റ്റീനെ അഭിനന്ദിച്ചുകൊണ്ട് എഴുതിയ ഒരു കത്ത് പുറത്തു വന്നതോടെയാണ് ഈ വാര്‍ത്ത പരക്കാന്‍ തുടങ്ങിയത്.
2011 സെപ്റ്റംബറിലായിരുന്നു ഇയാള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നത്. തന്റെ ഭര്‍ത്താവ് ആന്‍ഡ്രുവില്‍ നിന്നാണ് കുട്ടി ജനിച്ച വിവരം അറിയുന്നതെന്നും സാറ കത്തില്‍ എഴുതിയിട്ടുണ്ട്.
