നാടിനെ നടുക്കി തൂമിനാട്ടെ ക്രൂരത: പിതാവിന്റെ വെട്ടേറ്റ് പിടഞ്ഞു മരിച്ച മകള്‍ക്ക് പിന്നാലെ ബന്ധുവും യാത്രയായി; ലഹരിക്കടിമയായ ഉമ്മറിന്റെ കയ്യില്‍ തീര്‍ന്നത് രണ്ട് ജീവനുകള്‍; നാടിനെ കണ്ണീരിലാഴ്ത്തി ജുമൈലയുടെ മരണം; കുഞ്ചത്തൂരില്‍ നടുക്കം തുടരുമ്പോള്‍
കാസര്‍കോട്: കുഞ്ചത്തൂര്‍ തൂമിനാട് കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. ജുമൈലയുടെ പിതാവ് ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് ഷേഖ് അബ്ബയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇതോടെ ഇരട്ടക്കൊലപാതകത്തിന്റെ നടുക്കത്തിലാണ് അതിര്‍ത്തി ഗ്രാമം. സംഭവത്തില്‍ പ്രതിയായ ഉമ്മറിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. വര്‍ഷങ്ങളായി പ്രവാസിയായിരുന്ന ഉമ്മറും കുടുംബവും ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ച് സ്വത്തുതര്‍ക്കത്തെച്ചൊല്ലി ഷേഖ് അബ്ബയും ഉമ്മറും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഉമ്മര്‍ മാരകായുധവുമായി ഷേഖ് അബ്ബയെ ആക്രമിക്കാന്‍ തുനിഞ്ഞു. പിതാവിന്റെ അക്രമം തടയാന്‍ ഇടയില്‍ക്കയറിയതായിരുന്നു ഏക മകളായ ജുമൈല.
എന്നാല്‍, ക്രൂരതയടങ്ങാത്ത ഉമ്മര്‍ മകളെ വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷേഖ് അബ്ബയ്ക്കും മാരകമായി വെട്ടേറ്റത്. ഉമ്മര്‍ കഞ്ചാവിനും മറ്റു ലഹരിവസ്തുക്കള്‍ക്കും അടിമയാണെന്ന് നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ലഹരിയുടെ സ്വാധീനത്തില്‍ ഇയാള്‍ വീട്ടില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് വിവരം.
കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഷേഖ് അബ്ബയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.