മരണം നടന്ന മുറിയില്‍ നിന്നല്ല ഡയറി കണ്ടെടുത്തതെന്ന സാങ്കേതിക വശം ചര്‍ച്ചയാക്കി കര്‍ണ്ണാടക പോലീസ്; സിജെ റോയിയുടെ ഡയറി ആത്മഹത്യക്കുറിപ്പല്ല? മരണത്തില്‍ ദുരൂഹതയേറുന്നു; മൊഴികളില്‍ വന്‍ വൈരുധ്യം; കോണ്‍ഫിഡന്റ് ഉടമയുടെ ആത്മഹത്യയില്‍ ഉത്തരമില്ലാതെ വലഞ്ഞ് അന്വേഷണസംഘം; റോയ് സൈക്യാട്രിസ്റ്റിനെ കണ്ടതിനും തെളിവ്

Update: 2026-02-03 06:10 GMT

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കണ്ടെടുത്ത ഒമ്പത് പേജുള്ള ഡയറിക്കുറിപ്പുകള്‍ ആത്മഹത്യക്കുറിപ്പായി നിയമപരമായി കണക്കാക്കാനാവില്ലെന്ന നിലപാടില്‍ ബെംഗളൂരു പോലീസ്. മരണം നടന്ന മുറിയില്‍ നിന്നല്ല ഡയറി കണ്ടെടുത്തതെന്ന സാങ്കേതിക വശമാണ് പോലീസിനെ ഈ നിഗമനത്തില്‍ എത്തിച്ചിരിക്കുന്നത്. ഇതോടെ, മരണത്തിന് പിന്നില്‍ മറ്റ് അസ്വാഭാവിക കാരണങ്ങളുണ്ടോ എന്നതിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ്.

അന്വേഷണസംഘത്തിന് ലഭിച്ച മൊഴികളിലെ വൈരുധ്യം കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. മരണദിവസം റോയ് ഓഫീസിലെത്തിയ സമയം സംബന്ധിച്ചാണ് പ്രധാന തര്‍ക്കം: എം.ഡി ടി.എ. ജോസഫിന്റെ മൊഴി പ്രകാരം ജനുവരി 30-ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ തനിക്കൊപ്പമാണ് റോയ് ഓഫീസിലെത്തിയത്. എന്നാല്‍ സുരക്ഷാ ജീവനക്കാരന്റെ മൊഴി ഉച്ചയ്ക്ക് 2 മണിയോടെ തന്നെ റോയ് ഓഫീസില്‍ എത്തിയിരുന്നു എന്നാണ്. ഈ ഒരു മണിക്കൂര്‍ സമയത്തിനിടയില്‍ റോയ് ആരോടൊക്കെ സംസാരിച്ചു എന്നതിലോ, ആദായനികുതി ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയോ എന്നതിലോ ഇതുവരെ വ്യക്തത വന്നിട്ടില്ല. റോയിയുടെ ക്യാബിനിലേക്ക് അദ്ദേഹം എപ്പോഴാണ് പ്രവേശിച്ചതെന്നും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പരിശോധിച്ചു വരികയാണ്.

റോയിയുടെ ഓഫീസിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് മനംനൊന്തുള്ള കുറിപ്പുകള്‍ അടങ്ങിയ ഡയറി കണ്ടെത്തിയത്. നിക്ഷേപകരെയും ജീവനക്കാരെയും കുടുംബം കൈവിടരുത് എന്ന വൈകാരികമായ അഭ്യര്‍ത്ഥന ഇതിലുണ്ട്. കമ്പനിയുടെ ഭാവി ഇടപാടുകളെക്കുറിച്ചും അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. 'എന്നെ സ്‌നേഹിക്കുന്നവര്‍ പൊറുക്കണം' എന്ന വരികള്‍ അദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നതിന്റെ തെളിവായി പോലീസ് കാണുന്നു. എങ്കിലും, ഇത് മരണത്തിന് തൊട്ടുമുമ്പ് എഴുതിയതാണോ എന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്.

റോയിയുടെ ബിസിനസ് രഹസ്യങ്ങള്‍ അറിയാവുന്ന അടുത്ത വൃത്തങ്ങളിലേക്ക് അന്വേഷണം നീങ്ങുകയാണ്. ഭാര്യ ലിനി റോയുടെ മൊഴി എടുക്കും. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും റോയിയുടെ അവസാന ദിവസങ്ങളിലെ മാനസികാവസ്ഥയെക്കുറിച്ചും വിശദമായ മൊഴിയെടുക്കും. സി.ജെ. റോയിയുടെ ക്യാബിനില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയതായി പ്രാഥമിക പരിശോധനയില്‍ തെളിവില്ല. എങ്കിലും, അന്താരാഷ്ട്ര വിപണിയില്‍ മാത്രം ലഭ്യമായ നിശബ്ദമായ ബെല്‍ജിയം പിസ്റ്റള്‍ എങ്ങനെ അദ്ദേഹത്തിന്റെ കൈവശം എത്തിയെന്നത് എന്‍.ഐ.എ അടക്കമുള്ള ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.

റോയ് കടുത്ത വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ജയനഗറിലെ ഡോക്ടറെ കണ്ടതിന്റെ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ബിസിനസ് രംഗത്തെ പ്രതിസന്ധികളും ഐടി റെയ്ഡുമാണ് അദ്ദേഹത്തെ തളര്‍ത്തിയത് എന്നാണ് പ്രാഥമിക നിഗമനം. റോയിയുടെ ഓഫീസിലെ കാബിന്‍ പൂര്‍ണ്ണമായും ശബ്ദതടസ്സമില്ലാത്ത രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.15-ന് വെടിവെപ്പുണ്ടായപ്പോള്‍ പുറത്താരും ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഇതും ഒരു കാരണമായി. റെയ്ഡ് നടത്തിയ ഐടി ഉദ്യോഗസ്ഥരെ എസ്ഐടി ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ നഗരം വിട്ടുപോകരുതെന്ന് ഇവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റോയിയുടെ കുടുംബാംഗങ്ങള്‍, ജീവനക്കാര്‍, കമ്പനി എം.ഡി ടി.എ. ജോസഫ് എന്നിവരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തി വരികയാണ്. അദ്ദേഹത്തിന് മറ്റാരെങ്കിലും ഭീഷണി മുഴക്കിയിരുന്നോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. അതിനിടെ കേസിനെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അഭ്യര്‍ത്ഥിച്ചു. ആദായനികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് മരണം സംഭവിച്ചതെന്ന ബന്ധുക്കളുടെ ആരോപണം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും റിപ്പോര്‍ട്ട് വരുന്നതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജോയിന്റ് കമ്മിഷണര്‍ സി. വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ, സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

Tags:    

Similar News