വിര്‍ജീനിയയുടെ അരക്കെട്ടില്‍ പിടിച്ചു നിന്നത് പ്രിന്‍സ് ആന്‍ഡ്രു തന്നെ; ഓരോ ദിവസവും നാണക്കേടിന്റെ വാര്‍ത്തകള്‍ പുറത്തേക്ക്; ലേബര്‍ പാര്‍ട്ടിക്കുള്ളിലും എപ്സ്റ്റീനെ ചൊല്ലി ലഹള തുടങ്ങി; ന്യൂയോര്‍ക്ക് മേയര്‍ മാംദാനിയുടെ പിതാവ് എപ്സ്റ്റീന്‍ ആണെന്ന് വരെ കഥകള്‍ ഇറങ്ങുന്നു
ഇന്ന്, ഒരുപക്ഷെ ലോകം മുഴുവന്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തി ജെഫ്രി എപ്സ്റ്റീന്‍ എന്ന കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളിയാകാം. ജീവിച്ചിരുന്ന കാലത്ത് പരാമര്‍ശിക്കപ്പെട്ടതിലുമധികം ഇപ്പോള്‍, മരണാനന്തരമാണ് എപ്സ്റ്റീന്‍ എന്ന പേര് ഇത്രയധികം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. അയാളുടെ ശേഖരത്തില്‍ നിന്നുള്ള രേഖകളും ചിത്രങ്ങളുമൊക്കെ പുറത്തു വരുമ്പോള്‍, അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന അവസ്ഥയാണ് ലോകത്ത്. അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് മുതല്‍ മുന്‍ ബ്രിട്ടീഷ് രാജകുമാരന്‍ വരെ പേരെടുത്ത് പരാമര്‍ശിക്കപ്പെടുമ്പോള്‍ അടുത്തതിനി താനാകുമോ എന്ന ആശങ്കയിലാണ് ലോകത്തിലെ പല പ്രമുഖരും എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇപ്പോള്‍ ഏറ്റവുമൊടുവില്‍ പുറത്തു വരുന്ന വാര്‍ത്ത്, നേരത്തേ അമേരിക്കന്‍ കോടതിയില്‍, ആന്‍ഡ്രുവിനെതിരെ പരാതികൊടുത്ത വെര്‍ജീനിയ ഗുഫ്രിയുമായുള്ള ആന്‍ഡ്രുവിന്റെ ഫോട്ടോ യഥാര്‍ത്ഥ ഫോട്ടോ തന്നെയാണെന്നാണ്. വെര്‍ജീനിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ നേരിടാന്‍ ആന്‍ഡ്രു പല തവണ ഈ ഫോട്ടോ വ്യാജമാണെന്ന് ആരോപിച്ചിരുന്നു. കേസിന് തെളിവായി വ്യാജമായി ഉണ്ടാക്കിയതാണ് ഈ ഫോട്ടോ എന്നും ആന്‍ഡ്രു തന്റെ വിവാദമായ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എപ്സ്റ്റീന്റെ സുഹൃത്തും, അയാളുടെ പീഢനങ്ങള്‍ക്ക് ഒത്താശചെയ്തിരുന്ന വ്യക്തിയുമായ ജിസ്ലെയ്‌ന് മാക്‌സ്വെല്ലിന്റെ, ഇപ്പോള്‍ പുറത്തുവന്ന ഒരു ഈമെയില്‍ സന്ദേശമാണ് ഈ ചിത്രം വ്യാജമായി നിര്‍മ്മിച്ചതല്ലെന്ന് ഉറപ്പാക്കുന്നത്. അന്ന് 17 വയസ്സുണ്ടായിരുന്ന വെര്‍ജിനിയയെ താന്‍ ആന്‍ഡ്രുവിന് പരിചയപ്പെടുത്തിയ അതേ രാത്രി തന്റെ ലണ്ടനിലെ വീട്ടില്‍ വെച്ചാണ്, ആന്‍ഡ്രു വെര്‍ജീനിയയുടെ അരക്കെട്ടില്‍ കൈചുറ്റി നില്‍ക്കുന്ന ആ ചിത്രം എടുത്തതെന്നും അവര്‍ ആ ഈമെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇപ്പോള്‍ പുറത്തുവന്ന ഈ വെളിപ്പെടുത്തല്‍ ആന്‍ഡ്രുവിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
ലേബര്‍ പാര്‍ട്ടിയിലും അശാന്തി വിതച്ച് ജെഫ്രി എപ്സ്റ്റീന്‍
എപ്സ്റ്റീന്‍ ഫയല്‍സില്‍ കുറ്റാരോപിതനായി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചൊഴിഞ്ഞ ലോര്‍ഡ് പീറ്റര്‍ മാന്‍ഡേല്‍സന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാമെന്ന ഉറപ്പില്‍ നിന്നും പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ മലക്കം മറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ ഉള്‍പ്പോരിന് വീണ്ടും ശക്തി വര്‍ദ്ധിപ്പിച്ചു. ജനപ്രതിനിധി സഭയില്‍ ടോറികള്‍ കൊണ്ടുവന്ന ഒരു പ്രമേയവുമായി ബന്ധപ്പെട്ട് മറുപടി നല്‍കുന്നതിനിടയിലായിരുന്നു പ്രധാനമന്ത്രിക്ക് മലക്കം മറിയേണ്ടതായി വന്നത്. മുന്‍ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്‌നറുടെ നേതൃത്വത്തിലായിരുന്നു സ്റ്റാര്‍മര്‍ക്കെതിരെ പടയൊരുക്കം നടന്നത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അമേരിക്കന്‍ അംബാസിഡറായി മാന്‍ഡേല്‍സനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ചര്‍ച്ചക്ക് വന്നത്. എം പിമാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പാര്‍ലമെന്റിന്റെ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി (ഐ എസ് സി) ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി സമ്മതിക്കുകയായിരുന്നു. മാന്‍ഡേല്‍സന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ഐ എസ് സിക്ക് കൈമാറാമെന്നും തീരുമാനമായി.
എന്നാല്‍, ഇപ്പോള്‍ മന്ത്രിസഭ പരയുന്നത് ഈ രേഖകള്‍ ഉടനടി കൈമാറുകയില്ല എന്നാണ്. ഏതെല്ലാം രേഖകളാണ് ഇതിനായി നല്‍കേണ്ടതെന്ന് സീനിയര്‍ സിവില്‍ സര്‍വന്റ് സര്‍ ക്രിസ് വോമാള്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്. ദേശ സുരക്ഷയേയും അന്താരാഷ്ട്ര ബന്ധങ്ങളെയും ബാധിക്കുന്ന രീതിയിലുള്ള ഗുരുതരമായ വിവരങ്ങള്‍ അതില്‍ ഉണ്ടാകാം എന്നും സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്.
ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി എപ്സ്റ്റീന്റെ പുത്രനെന്ന് പ്രചാരണം
എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ ആഗോള ഹു ഈസ് ഹു ലിസ്റ്റില്‍ പെട്ട പലരും മുഖം പുറത്തുകാണിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍, ജെഫ്രി എപ്സ്റ്റീന്‍ എന്ന ഈ കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളിയെ കുറിച്ചുള്ള കഥകള്‍ കേവലം ലൈംഗിക പീഠനത്തിലോ, പ്രമുഖര്‍ക്കായി നടത്തിയ കൂട്ടിക്കൊടുപ്പുകളിലോ ഒതുങ്ങിന്നല്ല. ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു മാന്ത്രിക പരിവേഷം തന്നെയാണ് ഇപ്പോള്‍ പലയിടങ്ങളിലായി പ്രചരിക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ എപ്സ്റ്റീനുള്ളത്.
അവിവാഹിതനായ എപ്സ്റ്റീന് മക്കള്‍ ഉണ്ടോ എന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നിരവധിപേര്‍ക്ക് ജന്മം നല്‍കിയത് എപ്സ്റ്റീനാണ് എന്ന കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്ന രേഖകളില്‍ തന്നെ, മക്കളുള്ള കാര്യം ഒരുപക്ഷെ എപ്സ്റ്റീന്‍ ലോകത്തിന്റെ മുന്നില്‍ നിന്നും മറച്ചു പിടിച്ചതാകാം എന്ന് സംശയിക്കാന്‍ പ്രേരിപ്പിക്കുന്ന ചില തെളിവുകള്‍ ഉള്ളതും ഇത്തരം കഥകള്‍ക്ക് ബലം പകര്‍ന്നിട്ടുണ്ട്.
ഇതോടെ എപ്സ്റ്റീന്റെ അവിഹിത സന്തതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് അമേരിക്കന്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്. ന്യൂയോര്‍ക്ക് നഗരാധ്യക്ഷന്‍ സൊഹ്‌റന് മംദാനി പോലും എപ്സ്റ്റീന്റെ ജാരസന്തതിയാണെന്നാണ് ചില സോഷ്യല്‍ മീഡിയ ഡിറ്റക്ടീവുകള്‍ വെളിപ്പെടുത്തുന്നത്. അലക്‌സ് വെനെഗാസ്, ഫ്രാങ്കി വെനെഗാസ് എന്ന, ഐലന്‍ഡ് ബോയ്‌സ് എന്നറിയപ്പെടുന്നവരുടെ പിതാവും എപ്സ്റ്റീന്‍ തന്നെയാണെന്ന് സമൂഹമാധ്യമങ്ങളിലെ വിവിധ പോസ്റ്റുകളില്‍ പറയുന്നു.
