ഗാല്‍വന്‍ സംഘര്‍ഷത്തിന് പിന്നാലെ ചൈനയുടെ വന്‍ ചതി; ഇന്ത്യയെ വിറപ്പിക്കാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് രഹസ്യ ആണവപരീക്ഷണം! നൂറുകണക്കിന് ടണ്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് 'ഡീകപ്ലിങ്' വിദ്യയുമായി പരീക്ഷണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്ക; 'ന്യൂ സ്റ്റാര്‍ട്ട്' ഉടമ്പടികള്‍ അപര്യാപ്തമെന്നും യുഎസ് ഉദ്യോഗസ്ഥന്‍

Update: 2026-02-08 05:29 GMT

വാഷിങ്ടണ്‍: ഗല്‍വാന്‍ താഴ്വരയില്‍ 2020 ജൂണില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ചൈന ആണവപരീക്ഷണം നടത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്ക. യു.എസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് തോമസ് ജി. ഡിനാനോയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 2020 ജൂണ്‍ 22നാണ് ചൈനയുടെ പരീക്ഷണം നടന്നത്. ഗല്‍വാന്‍ സംഘര്‍ഷം നടന്ന് ഏഴ് ദിവസത്തിനകമായിരുന്നു സംഭവം. ഷിന്‍ജിയാങ് മേഖലയിലെ ലോപ് നുര്‍ സൈറ്റിലാണ് ചൈന ആണവപരീക്ഷണം നടത്തിയത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ആണവപരീക്ഷണം എന്നതും ശ്രദ്ധേയമാണ്. 'ഡീകപ്ലിങ്' രീതിയില്‍ വളരെ രഹസ്യാത്മകമായ പരീക്ഷണമാണ് ചൈന നടത്തിയതെന്നും യു.എസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ദക്ഷിണേഷ്യന്‍ സുരക്ഷാ ക്രമീകരണങ്ങളെ പാടെ തകിടം മറിക്കുന്ന നീക്കമായിരുന്നു ചൈനയുടേതെന്ന് ഈ വെളിപ്പെടുത്തല്‍ അടിവരയിടുന്നു. 2020 ജൂണ്‍ 15-നാണ് ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച ആ കറുത്ത ദിനത്തിന് ശേഷം കൃത്യം ഏഴാം നാള്‍ (ജൂണ്‍ 22), ചൈന തങ്ങളുടെ ആണവ പരീക്ഷണ കേന്ദ്രമായ ലോപ് നുറില്‍ (Lop Nur) അതീവ രഹസ്യമായി പരീക്ഷണം നടത്തിയെന്നാണ് വിവരം.

ഭൂകമ്പ നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഇക്കാര്യം ലോകത്തിന് മുന്നില്‍നിന്ന് മറച്ചുവെക്കാന്‍ 'ഡീകപ്ലിങ്' എന്ന രഹസ്യ രീതിയാണ് ചൈന അവലംബിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര നിരീക്ഷണ സംവിധാനങ്ങളെ വെട്ടിച്ച് നടത്തിയ ഈ പരീക്ഷണം മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ആണവ ഉടമ്പടികള്‍ പുതിയ ഭീഷണികളെ നേരിടാന്‍ പര്യാപ്തമല്ലെന്നും പുതിയൊരു ആണവ സുരക്ഷാ സംവിധാനം ആവശ്യമാണെന്നും ഡിനാനോ വ്യക്തമാക്കി. 2010-ല്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ ഉടമ്പടിയായ 'ന്യൂ സ്റ്റാര്‍ട്ട്' ചൈനയുടെ ആണവായുധങ്ങളെ വേണ്ടത്ര പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കണ്ടിട്ടില്ലാത്ത വിധം വേഗതയില്‍ ചൈന തങ്ങളുടെ ആണവായുധ ശേഖരം വര്‍ധിപ്പിക്കുകയാണെന്നും റഷ്യ തങ്ങളുടെ ഉടമ്പടി ലംഘനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൈന ആണവപരീക്ഷണം നടത്തിയതിനെ കുറിച്ച് കൃത്യമായ വിവരം യു.എസിന് ലഭിച്ചിരുന്നു. നൂറുകണക്കിന് ടണ്‍ സ്‌ഫോടകവസ്തു ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. 2020 ജൂണിലായിരുന്നു ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 20 സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഈ സംഘര്‍ഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു. അമേരിക്കന്‍- റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നാല്‍പ്പതോളം ചൈനീസ് സൈനികര്‍ മരിച്ചിട്ടുണ്ടെന്ന് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ചൈന പ്രതികരിച്ചിരുന്നില്ല.

എന്താണ് 'ഡീകപ്ലിങ്' (Decoupling) രീതി?

അന്താരാഷ്ട്ര ഭൗമ നിരീക്ഷണ സംവിധാനങ്ങളെയും ഭൂകമ്പ മാപിനികളെയും വെട്ടിച്ച് ആണവ പരീക്ഷണം നടത്താന്‍ ചൈന ഉപയോഗിച്ച വിദ്യയാണ് ഡീകപ്ലിങ്. ഭൂമിക്കടിയില്‍ വലിയ അറകള്‍ നിര്‍മ്മിച്ച് അതിനുള്ളില്‍ സ്ഫോടനം നടത്തുന്ന രീതിയാണിത്.ഇതിലൂടെ ഉണ്ടാകുന്ന പ്രകമ്പനം പുറത്തേക്ക് വരുന്നത് തടയാനും, ഇത് ഒരു സ്വാഭാവിക ഭൂകമ്പമല്ലെന്ന് വരുത്തിത്തീര്‍ക്കാനും ചൈനയ്ക്ക് കഴിഞ്ഞു.നൂറുകണക്കിന് ടണ്‍ പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.മേഖലയിലെ സുരക്ഷാ ആശങ്കകള്‍ ചൈനയുടെ ഈ നീക്കം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനോ അല്ലെങ്കില്‍ ഒരു യുദ്ധ സാഹചര്യത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടോ ഉള്ളതായിരുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി വെളിപ്പെടുത്തല്‍അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍ വരുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗാല്‍വന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഗാല്‍വന്‍ സംഘര്‍ഷത്തില്‍ 40-ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി വിദേശ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ചൈന ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോള്‍ അയല്‍രാജ്യം നടത്തിയ ഈ ആണവ പരീക്ഷണം ഇന്ത്യയുടെ പ്രതിരോധ നയതന്ത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും.

Tags:    

Similar News