കൈക്കൂലിപ്പണവുമായി പിടികൂടി; എന്നിട്ടും സസ്‌പെന്‍ഷനില്ല! അഴിമതിക്കാരനായ ഇന്‍സ്‌പെക്ടര്‍ക്ക് വീണ്ടും 'അബ്കാരി സീറ്റില്‍' തന്നെ പുനര്‍നിയമനം; എക്‌സൈസില്‍ ഇരട്ടനീതി എന്ന് ആക്ഷേപം
തൃശ്ശൂര്‍: കൈക്കൂലിപ്പണവുമായി വിജിലന്‍സ് പിടികൂടിയ എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് പകരം വകുപ്പിലെ തന്ത്രപ്രധാനമായ തസ്തികയില്‍ തന്നെ നിയമിച്ചുകൊണ്ട് സംരക്ഷിക്കുന്നതായി പരാതി. 2025 ഡിസംബര്‍ 22-ന് പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം വെച്ച് വിജിലന്‍സ് സംഘം പിടികൂടിയ വ്യക്തിയ്‌ക്കെതിരെയാണ് എക്‌സൈസ് വകുപ്പ് ഒത്തുകളിക്കുന്നത് എന്നാണ് ആരോപണം. അഴിമതിക്കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനെ ബാറുകളുടെയും കള്ള് ഷാപ്പുകളുടെയും ലൈസന്‍സ് പുതുക്കുന്ന തൃശ്ശൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ അബ്കാരി സീറ്റിലേക്ക് തന്നെ നിയമിച്ചത് വകുപ്പിനുള്ളില്‍ വലിയ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.
ബാര്‍-കള്ള് ഷാപ്പ് ഉടമകളില്‍ നിന്ന് മാസപ്പടി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്. വിജിലന്‍സ് സംഘത്തെ കണ്ട് തന്റെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ 32,500 രൂപ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഒരു മാസത്തിലേറെയായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്ന ഇയാളുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മാസത്തില്‍ 50,000 രൂപയ്ക്ക് മേല്‍ കെ.എസ്.എഫ്.ഇ ചിട്ടിയും വന്‍കിട നിക്ഷേപങ്ങളും ഇയാള്‍ക്കുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥനെ മാതൃകാപരമായി സസ്‌പെന്‍ഡ് ചെയ്യുന്നതിന് പകരം സ്വന്തം ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് സ്ഥലം മാറ്റിയത് വകുപ്പിനെ തന്നെ നാണംകെടുത്തുന്ന നടപടിയാണെന്ന് ആക്ഷേപമുണ്ട്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്ന സമയമായതിനാല്‍, പുതിയ തസ്തിക ഇയാള്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കി നല്‍കുന്നത്. കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായിരുന്നിട്ടും ഇത്തരം അഴിമതിയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥനെതിരെ എക്‌സൈസ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി ഉണ്ടാകാത്തത് വിചിത്രമാണ്.
സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുന്ന കീഴ്വഴക്കം ഇക്കാര്യത്തില്‍ കാര്യത്തില്‍ ലംഘിക്കപ്പെട്ടത് എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷനിലും പരാതിക്കിടയാക്കി. തലസ്ഥാന ജില്ലയിലെ സ്വാധീനശക്തിയുള്ള ഒരു കൂട്ടം സുഹൃത്തുക്കളാണ് നടപടിയില്‍ നിന്ന് ഇയാളെ ഒഴിവാക്കി നിര്‍ത്തിയതെന്ന വ്യാപകമായ പരാതി ഉയരുന്നുണ്ട്. അഴിമതിയില്‍ കുടുങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നത് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കിടയിലും വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
