'വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല'! പഹല്‍ഗാമിലെ ചോരയ്ക്ക് ജലം കൊണ്ടും മറുപടി; ചെനാബില്‍ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയാന്‍ ഇന്ത്യ; 5129 കോടിയുടെ സാവല്‍കോട്ട് പദ്ധതിക്ക് പച്ചക്കൊടി; കമ്പനികളെ ക്ഷണിച്ചു; പാക്കിസ്ഥാന്റെ വെള്ളംകുടി മുട്ടുമോ?

Update: 2026-02-08 11:18 GMT

ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ സിന്ധുവില്‍ ഇന്ത്യയുടെ 'ജലപ്രഹരം'. സിന്ധു നദീജല കരാറില്‍നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ സിന്ധുവിന്റെ പ്രധാന പോഷക നദിയായ ചെനാബില്‍ വമ്പന്‍ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീരിലെ ഉധംപുര്‍, റംബാന്‍ ജില്ലകളിലാണ് 5,129 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സാവല്‍കോട്ട് പദ്ധതി വിഭാവനം ചെയ്യുന്നത്. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുന്ന ആദ്യത്തെ മെഗാ പദ്ധതിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതിയുടെ ഇടപെടലുകളെ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം മണ്ണിലെ ജലവിഭവങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ആദ്യ ഘട്ടത്തില്‍ 1,406 മെഗാവാട്ടും രണ്ടാം ഘട്ടത്തില്‍ 450 മെഗാവാട്ടും വൈദ്യുതോല്‍പാദനം ലക്ഷ്യംവെക്കുന്ന പദ്ധതി, ചെനാബ് നദിയിയില്‍ ബാഗ്ലിഹാര്‍, സലാല്‍ പദ്ധതികള്‍ക്ക് ഇടയിലായാണ് നിര്‍മിക്കുക. ഈ മെഗാ പദ്ധതിക്കായി നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍എച്ച്പിസി) ലിമിറ്റഡ് ഫെബ്രുവരി അഞ്ചിന് കമ്പനികളെ ക്ഷണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി എത്രയുംവേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് എന്‍എച്ച്പിസി ലക്ഷ്യമിടുന്നത്. ഇത് മുന്നില്‍കണ്ടാണ് നിര്‍മ്മാണരീതിയും ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പും ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി മേഖലയില്‍ 1,856 മെഗാവാട്ട് പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. മാത്രമല്ല, ചെനാബ് നദീതടത്തിലെ മറ്റ് പ്രധാന ജലവൈദ്യുത പദ്ധതികള്‍ വേഗത്തിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജമ്മു കശ്മീരിലെ ഉധംപുര്‍, റംബാന്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതിക്കായി 5,129 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി ആകെ 1,856 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (NHPC) ഇതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു കഴിഞ്ഞു.

ചെനാബ് നദീതടത്തിലെ മറ്റ് നാല് പ്രധാന ജലവൈദ്യുത പദ്ധതികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. 2026 ഡിസംബറോടെ പക്കല്‍ ദുല്‍, കിരു പദ്ധതികള്‍ കമ്മിഷന്‍ ചെയ്യാനും 2028 മാര്‍ച്ചോടെ ക്വാര്‍ പദ്ധതി പൂര്‍ത്തിയാക്കാനും റാറ്റില്‍ അണക്കെട്ടിന്റെ നിര്‍മാണം വേഗത്തിലാക്കാനുമാണ് നിര്‍ദേശം. ഇതില്‍ കിഷ്ത്വാറിലെ പക്കല്‍ ദുല്‍ പദ്ധതി 1,000 മെഗാവാട്ട് ശേഷിയുള്ളതാണ്. ചെനാബ് തടത്തിലെ ഏറ്റവും വലിയ പദ്ധതിയായ ഇത് 167 മീറ്റര്‍ ഉയരമുള്ള, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടുമാണ്.

സിന്ധു കരാര്‍ അവസാനിച്ചതോടെ പക്കല്‍ ദുല്‍ പദ്ധതി 2026 ഡിസംബറോടെ പ്രവര്‍ത്തനക്ഷമമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വൈദ്യുതി ഉല്‍പ്പാദനത്തോടൊപ്പം പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലപ്രവാഹം നിയന്ത്രിക്കാനും ഇന്ത്യയ്ക്ക് കഴിയും. ഇതിന് പുറമേ ചെനാബില്‍ ദുല്‍ഹസ്തി സ്റ്റേജ്-2 പദ്ധതിയും ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുകയാണ്. പാക്കിസ്ഥാന്റെ ജീവരേഖയായ സിന്ധു നദീതടത്തിന്റെ ഭാഗമാണ് ചെനാബ്. പാക്കിസ്ഥാനു ലഭിക്കുന്ന വെള്ളത്തിന്റെ ഏകദേശം നാലില്‍ മൂന്ന് ഭാഗവും ഇന്ത്യയില്‍നിന്ന് പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളില്‍ നിന്നാണ്. രാജ്യത്തിന്റെ കൃഷിയുടെ 90 ശതമാനത്തിലധികവും ഈ നദീതടത്തെ ആശ്രയിച്ചിരിക്കുന്നു. പത്തില്‍ ഒമ്പത് പാക്കിസ്ഥാനികളും ഇന്ത്യയില്‍ നിന്നൊഴുകിയെത്തുന്ന വെള്ളത്തെയാണ് ആശ്രയിക്കുന്നത്.

നേരത്തെ, സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ പരാതിയില്‍ ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതി (CoA) പുറപ്പെടുവിച്ച ഉത്തരവുകള്‍ ഇന്ത്യ തള്ളിയിരുന്നു. കോടതി നടത്തുന്ന നടപടികള്‍ നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച ഇന്ത്യ, കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കോ ഉത്തരവുകള്‍ക്കോ നിയമസാധുതയില്ലെന്നും വ്യക്തമാക്കി. അതിനാല്‍ കോടതി നിര്‍ദേശപ്രകാരമുള്ള രേഖകള്‍ ഹാജരാക്കാനോ വാദങ്ങളില്‍ പങ്കെടുക്കാനോ ഇന്ത്യ തയ്യാറല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2025 ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഏപ്രില്‍ 23-നാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് ഉത്തരവിട്ടത്. ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ജലസഹകരണം സാധ്യമല്ലെന്ന ഇന്ത്യയുടെ വ്യക്തമായ സന്ദേശമായിരുന്നു ഈ നീക്കം. പാക്കിസ്ഥാന്റെ കൃഷിയുടെ 80-90 ശതമാനവും സിന്ധുനദിയിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. നിലവില്‍ പാക്കിസ്ഥാനിലെ പ്രധാന ജലസംഭരണികളായ തര്‍ബേല, മംഗ്ല എന്നിവയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ താഴ്ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നിലപാട് പാക്കിസ്ഥാനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags:    

Similar News