കേരളത്തിലെ റെയില്‍പാതകള്‍ 165 കിലോ മീറ്ററില്‍ നവീകരിക്കും; ഈ ഒറ്റക്കാരണത്താല്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത ലക്ഷ്യമിട്ടുള്ള പിണറായി സര്‍ക്കാരിന്റെ പദ്ധതി കേന്ദ്രം തള്ളും; ഇ ശ്രീധരന്റെ അതിവേഗ റെയിലിന് അംഗീകാരം കിട്ടാനും സാധ്യതകള്‍; മെട്രോ മാന്റെ പദ്ധതിയെ തള്ളില്ലെന്ന സൂചനകളുമായി ഇടതു സര്‍ക്കാര്‍; അതിവേഗ റെയിലില്‍ എല്ലാം റെയില്‍വേ നിശ്ചയിക്കും
തിരുവനന്തപുരം: സില്‍വര്‍ ലൈനിന് പിന്നാലെ കേരളം ബദലായി ഉയര്‍ത്തിക്കാട്ടിയ ഹൈസ്പീഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) കേന്ദ്രം അംഗീകരിക്കില്ല. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത ലക്ഷ്യമിട്ടുള്ള പിണറായി സര്‍ക്കാരിന്റെ പദ്ധതി കേന്ദ്രം തള്ളും. ഇതിന് പകരം റെയില്‍വേയുടെ നിലവിലുള്ള ശൃംഖല വികസിപ്പിക്കാനാണ് കേന്ദ്ര തീരുമാനം. ആര്‍ആര്‍ടിഎസ് സംസ്ഥാനത്തിന്റെ ആവശ്യം തള്ളുന്ന കേന്ദ്രം, പകരം നിലവിലെ പാതകള്‍ നവീകരിച്ച് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള ഏഴു ബൃഹദ് പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഇ ശ്രീധരന്റെ അതിവേഗ പദ്ധതിയും അംഗീകരിച്ചേക്കും.
തിരഞ്ഞെടുപ്പിന് മുന്‍പ് ഏതെങ്കിലുമൊരു അതിവേഗ പാതയ്ക്ക് അനുമതി നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. സില്‍വര്‍ ലൈന്‍ അനിശ്ചിതത്വത്തിലായതോടെ താരതമ്യേന എളുപ്പത്തില്‍ അനുമതി ലഭിക്കുമെന്ന് കരുതിയ ആര്‍ആര്‍ടിഎസിനായി മുഖ്യമന്ത്രി നേരിട്ട് കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യതയും പ്രായോഗികതയും ചൂണ്ടിക്കാട്ടി കേന്ദ്രം ഇതിനോട് വിമുഖത കാട്ടുകയാണ്. ഇതോടെ സില്‍വര്‍ ലൈന്‍, ആര്‍ആര്‍ടിഎസ് പദ്ധതികള്‍ തുലാസിലായി. അതേസമയം, ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച തിരുവനന്തപുരം-കണ്ണൂര്‍ അര്‍ധ അതിവേഗ പദ്ധതി കേന്ദ്രം പരിഗണിക്കുകയാണെങ്കില്‍ അതിനെ തള്ളിക്കളയേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാനത്തിന്റെ വന്‍കിട പദ്ധതികളെ നിരാകരിക്കുമ്പോഴും കേരളത്തിന്റെ യാത്രാദുരിതത്തിന് പരിഹാരമായി റെയില്‍വേ മന്ത്രാലയം നേരിട്ട് രംഗത്തിറങ്ങിക്കഴിഞ്ഞു. ഷൊര്‍ണൂര്‍-മംഗലാപുരം, കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാതകളില്‍ മൂന്നും നാലും വരികളും, തിരുവനന്തപുരം-കായംകുളം-എറണാകുളം റൂട്ടില്‍ മൂന്നാം പാതയും നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് (ഡിപിആര്‍) റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നല്‍കി. അത്യാധുനിക 'കവച്' സുരക്ഷാ സംവിധാനവും സിഗ്‌നലിംഗ് പരിഷ്‌കാരങ്ങളും നടപ്പിലാക്കുന്നതോടെ റെയില്‍വേ പാതകളില്‍ ട്രെയിനുകളുടെ വേഗത ഗണ്യമായി വര്‍ധിക്കും.
പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാത വേണമെന്ന കേരളത്തിന്റെ വാശിക്ക് പകരം, ബ്രോഡ്ഗേജ് ശൃംഖലയില്‍ തന്നെ അതിവേഗ യാത്രയെന്ന കേന്ദ്ര നയത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം ലഭിക്കുന്നത്. റെയില്‍വേയുടെ ഈ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ റെയില്‍ സ്വപ്നങ്ങള്‍ക്ക് പുതിയ ദിശാബോധം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. അതിനിടെ തിരഞ്ഞെടുപ്പിനുമുന്‍പ് ഏതെങ്കിലുമൊരു തദ്ദേശീയ വേഗ റെയില്‍പ്പാതയ്ക്ക് അനുമതിനേടാനാണ് സംസ്ഥാനത്തിന്റെ ശ്രമം. അത് നടക്കാന്‍ ഇടയില്ല.
സില്‍വര്‍ലൈന്‍, ഇപ്പോള്‍ പ്രഖ്യാപിച്ച റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം, ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച തിരുവനന്തപുരം-കണ്ണൂര്‍ അര്‍ധ അതിവേഗ പദ്ധതി എന്നിവയിലൊന്നിന് അനുമതികിട്ടുമെന്ന പ്രതീക്ഷ ഇപ്പോഴും സംസ്ഥാനം വെച്ചുപുലര്‍ത്തുന്നു. ഇ. ശ്രീധരന്റെ പദ്ധതിയെയും അദ്ദേഹം ഓഫീസ് തുറന്നതിനെയും മന്ത്രിമാര്‍ വിമര്‍ശിച്ചെങ്കിലും ആ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെങ്കില്‍ തള്ളിക്കളയില്ലെന്ന നിലപാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രീധരന്റെ പാതയെക്കുറിച്ച് എം.പി.മാരുെട ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമായ മറുപടിപറഞ്ഞില്ലെങ്കിലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞില്ലെന്നത് സംസ്ഥാന സര്‍ക്കാരിനുള്ള സൂചനയാണ്. അദ്ദേഹം തന്റെ പദ്ധതിക്ക് ശ്രമം നടത്തുന്നുമുണ്ട്. അതൊന്നും തള്ളേണ്ടതില്ലെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
കേരള സര്‍ക്കാര്‍ സില്‍വര്‍ലൈനിനായി ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍, കേന്ദ്രം ആ പദ്ധതിയില്‍ ആഗ്രഹിക്കുന്നതെന്തെന്ന് റെയില്‍വേ മന്ത്രി എണ്ണിപ്പറഞ്ഞിട്ടുണ്ട്. പാത ബ്രോഡ്‌ഗേജാകണം, മറ്റു റെയില്‍ശൃംഖലയില്‍ ചേരുന്നതാകണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. അതിനര്‍ഥം ഡി.പി.ആര്‍. പരിഷ്‌കരിക്കണമെന്നാണ്. എന്നാല്‍, സ്റ്റാന്‍ഡേഡ് ഗേജിലുള്ള സ്വതന്ത്ര അര്‍ധ അതിവേഗപാതയാണ് സംസ്ഥാനം ഉദ്ദേശിച്ചതെന്നും മാറ്റങ്ങളുടെ പുതിയ നിര്‍ദേശം ലഭിച്ചില്ലെന്നും കെ-റെയില്‍ എം.ഡി. വി. അജിത്ത് കുമാര്‍ പറഞ്ഞു. ഇതോടെ ആ പദ്ധതി അടഞ്ഞ അധ്യായമായി.
