സഹോദരിയെ 'മറ്റാരോ' എന്ന് കരുതി കുതന്ത്രം; പോലീസുകാരനെ കുടുക്കാന്‍ എസ്എഫ്‌ഐ നല്‍കിയത് കള്ളമൊഴി, പൊളിഞ്ഞത് ആസൂത്രിത നീക്കം; എസ് എഫ് ഐക്കാര്‍ തയ്യാറാക്കി നല്‍കിയ തിരക്കഥയനുസരിച്ച് പോലീസുകാരന്റെ സഹോദരിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പോലീസിനും സര്‍ക്കാരിനും വലിയ നാണക്കേട്; സേനയില്‍ പ്രതിഷേധം ശക്തം
തിരുവനന്തപുരം: മാളില്‍ വെച്ച് എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മിഥുന്‍ റോയിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍, കൂടെയുണ്ടായിരുന്ന യുവതിക്കെതിരെ എസ്എഫ്‌ഐ നല്‍കിയ മൊഴി കള്ളക്കഥയെന്ന് തെളിയുന്നു. പോലീസുകാരന്റെ കൂടെയുണ്ടായിരുന്നത് മറ്റാരോ ആണെന്ന് കരുതി, യുവതിയെ കൂടി പ്രതിക്കൂട്ടിലാക്കി ഉദ്യോഗസ്ഥനെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു എസ്എഫ്‌ഐ നീക്കം. എന്നാല്‍ കൂടെയുണ്ടായിരുന്നത് മിഥുന്റെ സ്വന്തം സഹോദരിയാണെന്ന് വ്യക്തമായതോടെ രാഷ്ട്രീയ ഗുണ്ടായിസത്തിന്റെ കള്ളക്കളികള്‍ പുറത്താവുകയാണ്. മരിച്ച പിതാവിന്റെ ബലിച്ചടങ്ങുകള്‍ക്കായി സാധനങ്ങള്‍ വാങ്ങാന്‍ മാളിലെത്തിയതായിരുന്നു ഇരുവരും.
പുതുവത്സര രാത്രിയില്‍ നിയമലംഘനം തടഞ്ഞതിന്റെ പകപോക്കലായി നടന്ന മര്‍ദ്ദനത്തിന് പിന്നാലെ, പോലീസിനെക്കൊണ്ട് കള്ളക്കേസ് എടുപ്പിക്കാനും എസ്എഫ്‌ഐക്ക് കഴിഞ്ഞു. 'അവനെ അടിച്ചു കൊല്ല് ചേട്ടാ' എന്ന് കൂടെയുണ്ടായിരുന്ന യുവതി ആക്രോശിച്ചു എന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ വിനയ് പ്രകാശ് മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ 'പേരറിയാത്ത സ്ത്രീ' എന്ന നിലയില്‍ മിഥുന്റെ സഹോദരിക്കെതിരെയും വഞ്ചിയൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. എന്നാല്‍ സംഭവത്തിന്റെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഇത്തരമൊരു പരാമര്‍ശം എവിടെയും കേള്‍ക്കാനില്ല.
യുവതിയുമായി കറങ്ങാന്‍ വന്നതാണെന്ന ധാരണയില്‍ മിഥുനെ പിന്തുടര്‍ന്ന് പ്രകോപിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഘം, ഈ സാഹചര്യം മുതലെടുത്ത് മിഥുനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചാര്‍ജ് ചെയ്യിക്കാനാണോ ലക്ഷ്യമിട്ടതെന്ന സംശയം സേനയ്ക്കുള്ളില്‍ ശക്തമാണ്. സഹോദരിയാണെന്ന് തിരിച്ചറിയാതെ നല്‍കിയ കള്ളമൊഴി ഇപ്പോള്‍ എസ്എഫ്‌ഐയെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്.
മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ വധശ്രമത്തിന് തുല്യമായ വകുപ്പുകള്‍ ചുമത്തിയപ്പോള്‍, മര്‍ദ്ദിച്ചവര്‍ക്കെതിരെ നിസ്സാര വകുപ്പുകളാണ് പോലീസ് ചുമത്തിയത്. സ്വന്തം സഹപ്രവര്‍ത്തകന്‍ തെരുവില്‍ തല്ലുകൊള്ളുകയും കുടുംബാംഗങ്ങള്‍ കള്ളക്കേസില്‍ കുടുങ്ങുകയും ചെയ്തിട്ടും പോലീസ് സംഘടനകള്‍ പുലര്‍ത്തുന്ന മൗനം സേനയ്ക്കുള്ളില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാന്‍ നിരപരാധിയായ സഹോദരിയെ വരെ കേസിലേക്ക് വലിച്ചിഴച്ച നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് മിഥുനും കുടുംബവും.
തലസ്ഥാന നഗരിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി അഴിച്ചുവിടുന്ന ഗുണ്ടായിസം പിണറായി സര്‍ക്കാരിനെ വെട്ടിലാക്കുന്നു. ഷോപ്പിംഗ് മാളില്‍ വെച്ച് എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മിഥുന്‍ റോയിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ സത്യം പുറത്തുവന്നതോടെ, മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥനെതിരെ എടുത്ത കള്ളക്കേസ് റദ്ദാക്കാന്‍ ഉന്നതതല നീക്കം തുടങ്ങി. പോലീസുകാരന്റെ കൂടെയുണ്ടായിരുന്നത് സഹോദരിയാണെന്നും എസ്എഫ്‌ഐ മൊഴി നല്‍കിയത് പോലെ അവര്‍ അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ദൃശ്യങ്ങളില്‍ വ്യക്തമായതോടെയാണ് ആഭ്യന്തര വകുപ്പ് പ്രതിരോധത്തിലായത്.
എസ്എഫ്‌ഐക്കാര്‍ തയ്യാറാക്കി നല്‍കിയ തിരക്കഥയനുസരിച്ച് പോലീസുകാരന്റെ സഹോദരിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പോലീസിനും സര്‍ക്കാരിനും വലിയ നാണക്കേടുണ്ടാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ച് മിഥുനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാണ് ഇപ്പോഴത്തെ ആലോചന. അതേസമയം, പോലീസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായിട്ടും പ്രതികളായ എസ്എഫ്‌ഐക്കാര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കാന്‍ പോലീസ് ഇപ്പോഴും മടിക്കുകയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി നിസ്സാര വകുപ്പുകള്‍ മാത്രം ചാര്‍ജ് ചെയ്തതിനെതിരെ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷം പുകയുന്നു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എസ്എഫ്‌ഐയുടെ ഈ 'തെരുവ് നീതി' സി.പി.എം നേതൃത്വത്തിലും വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം മുതല്‍ പോലീസുകാരെ റോഡിലിട്ട് തല്ലുന്ന അവസ്ഥ വരെ കാര്യങ്ങളെത്തിയത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് വിലയിരുത്തല്‍. പോലീസ് അസോസിയേഷന്‍ സമ്മേളനം നടക്കുന്നതിനിടെ തന്നെ സ്വന്തം സഹപ്രവര്‍ത്തകന്‍ ക്രൂശിക്കപ്പെട്ടത് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തിട്ടുണ്ട്. കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തതിനെതിരെ കീഴുദ്യോഗസ്ഥര്‍ക്കിടയില്‍ പരസ്യമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
